ഖത്തർ-യു.കെ പ്രതിരോധ സഹകരണം: യുദ്ധവിമാനങ്ങൾ വിന്യസിച്ച് ബ്രിട്ടൺ
text_fieldsയുദ്ധവിമാനം
ദോഹ: യു.കെ-ഖത്തർ പ്രതിരോധ ഉറപ്പ് കരാറിന്റെ ഭാഗമായി ഖത്തറിൽ യുദ്ധവിമാനങ്ങൾ വിന്യസിച്ച് ബ്രിട്ടൺ. ബ്രിട്ടീഷ് റോയൽ എയർഫോഴ്സും ഖത്തറും സംയുക്തമായുള്ള 12 സ്ക്വാഡ്രൺ, പ്രതിരോധ കരാറിന്റെ തുടർച്ചയായാണ് യുദ്ധവിമാനങ്ങൾ ഖത്തറിൽ വിന്യസിച്ചത്. മേഖലയിലെ നിലവിലെ സംഘർഷ സാഹചര്യങ്ങൾ പരിഗണിച്ച്, ഖത്തർ -യു.കെ പ്രതിരോധ സഹകരണത്തിന്റെ ഭാഗമായാണിത്. ദേശീയവും പ്രാദേശികവുമായ സുരക്ഷ വർധിപ്പിക്കുന്നതിനായി ഖത്തർ-യു.കെ സംയുക്ത പരിശീലനങ്ങളിൽ ഏർപ്പെടാറുണ്ട്. ഈയിടെ നടന്ന എപിക് സ്കൈസ്, സോറിങ് ഫാൽക്കൺ എന്നീ അഭ്യാസപ്രകടനങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം കൂടുതൽ ശക്തമാക്കുകയും ചെയ്തിരുന്നു.ഖത്തറും യു.കെയും പതിറ്റാണ്ടുകളായി പ്രതിരോധ മേഖലയിൽ അടുത്ത പങ്കാളികളാണെന്ന് പ്രതിരോധ സെക്രട്ടറി ജോൺ ഹീലി പറഞ്ഞു. ഈ പങ്കാളിത്തം ഇരുരാജ്യങ്ങളുടെയും സുരക്ഷ വർധിപ്പിക്കുകയും ഗൾഫ് മേഖലയിലെ സ്ഥിരത ഉറപ്പാക്കുകയും ചെയ്യുന്നു. ടൈഫൂൺ വിമാനങ്ങളുടെ നവീകരണത്തിനായി 500 മില്യൺ പൗണ്ട് നിക്ഷേപിക്കാനാണ് തയാറെടുക്കുന്നത്. ഇതോടൊപ്പം ആഗോള സുരക്ഷക്കായി ഈ വിമാനങ്ങൾ വിന്യസിക്കാനുള്ള തീരുമാനം അതിന്റെ നിർണായക പങ്ക് വ്യക്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഹോക്ക്, ടൈഫൂൺ വിമാനങ്ങളിലെ പൈലറ്റ് പരിശീലനമുൾപ്പെടെയുള്ള ദീർഘകാല സഹകരണം ഇരുരാജ്യങ്ങളും തമ്മിൽ തുടരുന്നുണ്ട്. പ്രാദേശിക പങ്കാളിയായ ഖത്തറുമായി ചേർന്ന് ബ്രിട്ടീഷ് സൈന്യം മേഖലയിലെ സമാധാനത്തിനും സുരക്ഷക്കുമായി നിരന്തരം പ്രവർത്തിക്കുന്നു. 12 സ്ക്വാഡ്രണിന്റെ ഭാഗമായുള്ള യുദ്ധവിമാനങ്ങളുടെ വിന്യാസം യു.കെയും ഖത്തറും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ തെളിവാണ്. സംയുക്ത താൽപര്യങ്ങൾ സംരക്ഷിക്കുന്നതിലൂടെ സ്വദേശത്തും വിദേശത്തും കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ ഇരുരാജ്യങ്ങൾക്കും സാധിക്കുമെന്നും സെക്രട്ടറി ജോൺ ഹീലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

