പ്രശ്നപരിഹാരം, ഖത്തർ–തുർക്കി പങ്ക് ഏറെ വലുത്
text_fieldsതുര്‍ക്കി വിദേശകാര്യമന്ത്രി മെവ്ലൂദ് കാവുസോഗ്ലുവും ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ആൽഥാനിയും ചർച്ച നടത്തുന്നു
ദോഹ: മേഖലയിലെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്ന കാര്യത്തിൽ ഖത്തറിനും തുർക്കിക്കും മികച്ച പങ്കാണുള്ളതെന്ന് ഇരുരാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാർ അഭിപ്രായെപ്പട്ടു. തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്ലൂദ് കാവുസോഗ്ലുവുമായി നടത്തിയ ചർച്ചയിൽ ഖത്തറും തുര്‍ക്കിയും തമ്മിലുള്ള സഹകരണത്തെ ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ആൽഥാനി പ്രശംസിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സുപ്രീം സ്ട്രാറ്റജിക് കമ്മിറ്റിയുടെ ആറാം സെഷെൻറ ഫലം ഏറെ മികച്ചതായിരുന്നുവെന്ന് ഇരുനേതാക്കളും പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് തുര്‍ക്കി വിദേശകാര്യമന്ത്രി ഖത്തറിൽ സന്ദർശനത്തിനെത്തിയത്. ജി.സി.സി അനുരഞ്ജനത്തിനും അല്‍ ഉല ഉച്ചകോടിയുടെ വിജയത്തിനും നൽകിയ പിന്തുണക്കും തുര്‍ക്കിയോട് വിദേശകാര്യ മന്ത്രി നന്ദി അറിയിച്ചു. ഇറാന് സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇരുപക്ഷവും ചര്‍ച്ചചെയ്തു.
യു.എസും ഇറാനും തമ്മിലുള്ള പ്രശ്നങ്ങള്‍ നയതന്ത്രപരമായി പരിഹരിക്കണമെന്ന് തുര്‍ക്കിയും ഖത്തറും സംയുക്തമായി ആവശ്യപ്പെട്ടു. ലിബിയയിലെ സ്ഥിരതക്കും പരിവര്‍ത്തന പ്രക്രിയകള്‍ക്കും തുര്‍ക്കിയുടെ പിന്തുണയെ അഭിനന്ദിച്ച ഉപപ്രധാനമന്ത്രി ലിബിയയില്‍ നടന്ന ഇടക്കാല എക്സിക്യൂട്ടിവ് അതോറിറ്റിയുടെ തെരഞ്ഞെടുപ്പിനെ സ്വാഗതം ചെയ്തു. സിറിയയിലെയും ഇറാഖിലെയും സംഭവ വികാസങ്ങളും അഫ്ഗാനിസ്താനിലെ സമാധാന പ്രക്രിയയും ഉള്‍പ്പെടുന്ന നിരവധി പ്രാദേശിക പ്രശ്നങ്ങളും ഇരുപക്ഷവും ചര്‍ച്ച ചെയ്തതായി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാൻ ആൽഥാനി പറഞ്ഞു.
ഖത്തറും തുര്‍ക്കിയും തമ്മിലുള്ള ബന്ധം ശക്തമായി തുടരുകയാണെന്ന് തുര്‍ക്കി വിദേശകാര്യമന്ത്രിയും പറഞ്ഞു. 2022 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതില്‍ ഖത്തര്‍ നടത്തിയ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് വർഷങ്ങളുടെ ആഴമുണ്ട്. തുർക്കിയിലെ ഖത്തർ നിക്ഷേപം 2200 കോടി ഡോളറിലെത്തിയതായി അധികൃതർ അടുത്തിടെ പറഞ്ഞിരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ പ്രധാന സഖ്യകക്ഷികളായി മാറിയിട്ടുണ്ട്. വർഷംതോറും ഖത്തർ-തുർക്കി സുപ്രീം സ്ട്രാറ്റജിക് കമ്മിറ്റി യോഗങ്ങൾ നടക്കുന്നുണ്ട്. വ്യാപാര, വ്യവസായ മേഖലകളിലെ സഹകരണവും വിശാലമായി. തുർക്കി വിപണിയിലെ മൂന്നാമത് വലിയ നിക്ഷേപകർ ഖത്തർ കമ്പനികളാണ്. ഖത്തറിൽനിന്നുള്ള 179 കമ്പനികളാണ് നിലവിൽ തുർക്കിയിൽ പ്രവർത്തിക്കുന്നത്. അതേസമയം, ഖത്തറിൽ 500ലധികം തുർക്കി കമ്പനികളും വിവിധ മേഖലകളിലായി പ്രവർത്തിക്കുന്നുണ്ട്.
ആറാമത് സുപ്രീം സ്ട്രാറ്റജിക് കമ്മിറ്റി യോഗത്തിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനുമാണ് നേതൃത്വം നൽകിയത്. രാഷ്ട്രീയം, സാമ്പത്തികം, നിക്ഷേപം, പ്രതിരോധം, ഊർജം, വിദ്യാഭ്യാസം, ഗതാഗതം, കായിക മേഖലകളിൽ വിവിധ കരാറുകളിൽ ഒപ്പുവെച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.