പ്രതിരോധ മേഖലയിൽ ഖത്തർ-തുർക്കിയ സഹകരണം
text_fieldsദോഹ: പ്രതിരോധ മേഖലയിലെ സഹകരണത്തിന് -തുർക്കിയ ധാരണ. ഇതുസംബന്ധിച്ച ധാരണപത്രത്തിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെയും തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന്റെയും അധ്യക്ഷതയിൽ നടന്ന ഖത്തർ-തുർക്കിയ സുപ്രീം സ്ട്രാറ്റജിക് കമ്മിറ്റിയുടെ 11ാമത് യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണപത്രത്തിൽ ഒപ്പുവെച്ചത്.
തന്ത്രപരമായ വികസന ആസൂത്രണത്തിനും വിവിധ മേഖലകളിൽ സഹകരണത്തിനും കൈമാറ്റത്തിനുമുള്ള ധാരണക്കും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായിട്ടുണ്ട്. കൂടാതെ, ഖത്തറും തുർക്കിയയും തമ്മിലുള്ള സുപ്രീം സ്ട്രാറ്റജിക് കമ്മിറ്റിയുടെ 11ാമത് സമ്മേളനത്തിന്റെ സംയുക്ത പ്രസ്താവനയിലും ഇരു രാഷ്ട്രങ്ങളുടെയും പ്രതിനിധികൾ ഒപ്പുവെച്ചു.
നേരത്തേ, അമീരി ദിവാനിൽ തുർക്കിയ പ്രസിഡന്റിനെയും പ്രതിനിധി സംഘത്തെയും അമീർ സ്വാഗതം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളിലും വിവിധ മേഖലകളിലെ സഹകരണങ്ങളിലും വളർച്ചയുണ്ടാകട്ടെയെന്നും അദ്ദഹം ആശംസിച്ചു. യോഗത്തിനിടെ, തന്ത്രപരമായ സഹകരണ ബന്ധങ്ങളെക്കുറിച്ചും പ്രതിരോധം, വ്യാപാരം, നിക്ഷേപം, ഊർജം, വിവരസാങ്കേതികവിദ്യ തുടങ്ങിയ നിരവധി മേഖലകളിൽ അവ മെച്ചപ്പെടുത്താനും വികസിപ്പിക്കാനുമുള്ള വഴികളും ചർച്ച ചെയ്തു.
ഗസ്സ മുനമ്പിലെയും അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെയും നിലവിലെ സാഹചര്യത്തെക്കുറിച്ചും പ്രത്യേകിച്ച്, വെടിനിർത്തൽ, സമാധാനം, മാനുഷിക സഹായങ്ങൾ എത്തുക്കുന്നത് അടക്കം പ്രാദേശിക, അന്തർദേശീയ വിഷയങ്ങളെക്കുറിച്ചും സംഭവവികാസങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം വിവിധ മേഖലകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾക്കും വികസനത്തിനും സാക്ഷ്യം വഹിക്കുന്നുണ്ടെന്ന് തുർക്കിയ പ്രസിഡന്റ് ഉർദുഗാൻ അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, അമീരി ദീവാൻ മേധാവി അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖുലൈഫി, തുർക്കിയ വിദേശകാര്യ മന്ത്രി ഹാകൻ ഫിദാൻ, ഔദ്യോഗിക പ്രതിനിധി സംഘത്തിലെ നിരവധി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. നേരത്തെ, അമീറും തുർക്കിയ പ്രസിഡന്റും തമ്മിൽ ഉഭയകക്ഷി കൂടിക്കാഴ്ചയും നടത്തിയിരുന്നു. തുർക്കിയ പ്രസിഡന്റിന് അമീർ ഉച്ചഭക്ഷണ വിരുന്നും ഔദ്യോഗിക സ്വീകരണവും നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

