ഖത്തർ-തുർക്കിയ കൈത്താങ്ങ്
text_fieldsഖത്തർ -തുർക്കിയ സഹായവുമായി സുഡാനിലേക്ക് പുറപ്പെട്ട കപ്പൽ, അവശ്യവസ്തുക്കളടങ്ങിയ സഹായം
ദോഹ: ആഭ്യന്തര സംഘർഷവും ഭക്ഷ്യക്ഷാമവും അനുഭവിക്കുന്ന സുഡാനിലെ ജനങ്ങൾക്ക് സഹായവുമായി ഖത്തർ -തുർക്കിയ രാജ്യങ്ങളുടെ സംയുക്ത സഹായം. ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റും തുർക്കിയ ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്മെന്റ് അതോറിറ്റിയും സംയുക്തമായി 2,428 മെട്രിക് ടൺ മാനുഷിക സഹായങ്ങളുമായി കപ്പൽ സുഡാനിലേക്ക് തിരിച്ചു.
ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, ഷെൽട്ടർ ടെന്റുകൾ, പുതപ്പുകൾ തുടങ്ങിയ അവശ്യ സാധനങ്ങൾ, മറ്റ് വീട്ടുപകരണങ്ങൾ എന്നിവയാണ് അയച്ചത്. സംഘർഷം മൂലം പലായനം ചെയ്യപ്പെട്ടവർക്കും മറ്റ് ദുർബല വിഭാഗങ്ങൾക്കും ഈ സഹായം ലഭ്യമാക്കും.
തുർക്കിയയിലെ മെർസിൻ തുറമുഖത്ത് നടന്ന ചടങ്ങിൽ തുർക്കിയയിലെ ഖത്തർ എംബസി ഫസ്റ്റ് സെക്രട്ടറി അബ്ദുൽ അസീസ് അൽ ഹമ്മാദി, ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ് ഹ്യൂമാനിറ്റേറിയൻ എയ്ഡ് ഡിപ്പാർട്ട്മെന്റ് ആക്ടിങ് മാനേജർ യൂസഫ് അൽ മുല്ല, മെർസിൻ ഗവർണർ ആറ്റില ടോറസ്, തുർക്കിയ ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്മെന്റ് അതോറിറ്റി ഡയറക്ടർ അലി ഹംസ തുടങ്ങിയവർ പങ്കെടുത്തു. ആവശ്യഘട്ടങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കാനുള്ള ഖത്തറിന്റെയും തുർക്കിയയുടെയും ഉഭയകക്ഷി പങ്കാളിത്തത്തിന്റെ തുടർച്ചയായാണ് നടപടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിസന്ധികൾ അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാനും സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കാനും ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്നും അധികൃതർ കൂട്ടിചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

