ഖത്തർ ടോയ് ഫെസ്റ്റിവൽ തുടങ്ങി
text_fieldsദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ ആരംഭിച്ച ഖത്തർ ടോയ് ഫെസ്റ്റിവലിൽ നിന്ന്
ദോഹ: കുടുംബങ്ങൾക്കും കുട്ടികൾക്കും വേനലവധിക്കാലം ആഘോഷമാക്കാൻ ദോഹയിൽ ഖത്തർ ടോയ് ഫെസ്റ്റിവലിന്റെ നാലാം പതിപ്പിന് തുടക്കമായി. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ ജൂലൈ 31 വരെയാണ് പരിപാടി. ‘കൂടുതൽ സങ്കൽപങ്ങൾ, വിനോദത്തിന്റെ സമ്പൂർണ ലോകം’ എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ ടോയ് ഫെസ്റ്റിവൽ നടക്കുന്നത്. 22,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള നാല് ഹാളുകളിലായി ഒരുക്കിയിരിക്കുന്ന ഫെസ്റ്റിവലിൽ വിവിധ പ്രായക്കാരെ ലക്ഷ്യമിട്ട് ഏഴ് വ്യത്യസ്ത തീം സോണുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
ലോകപ്രശസ്തമായ 66ലധികം വിനോദ ബ്രാൻഡുകൾ, 33 ആക്ടിവിറ്റി കോർണറുകൾ, കൂടാതെ ദിവസവും 14 തത്സമയ വിനോദ പരിപാടികൾ എന്നിവ ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണങ്ങളാണ്. കുടുംബങ്ങൾക്കും കുട്ടികൾക്കും വൈവിധ്യമാർന്ന വിനോദ-അനുഭവങ്ങൾ ഒരുക്കുന്നതാണ് പരിപാടികൾ.
സമ്മർ ക്യാമ്പ് ജൂലൈ അഞ്ചു മുതൽ
കുട്ടികൾക്കായുള്ള ഖത്തർ ടോയ് ഫെസ്റ്റിവൽ സമ്മർ ക്യാമ്പും രണ്ടാം പതിപ്പോടെ ഇത്തവണ തിരിച്ചെത്തിയിട്ടുണ്ട്. ജൂലൈ അഞ്ചു മുതൽ 30 വരെയാണ് സമ്മർ ക്യാമ്പ് നടക്കുക. വേനലവധിക്കാലത്ത് കുട്ടികൾക്ക് പഠനവും വിനോദവും ഒരുമിച്ച് നൽകുന്ന വിവിധ പരിപാടികളാണ് ക്യാമ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

