ഖത്തർ ടൂറിസം 2026ലും വളർച്ച തുടരും
text_fieldsദോഹ: ടൂറിസം മേഖലയിൽ ഖത്തറിന്റെ തുടരുന്ന മുന്നേറ്റം 2026ലും തുടരുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷം കൈവരിച്ച മികച്ച നേട്ടങ്ങളുടെ കരുത്തിൽ ഖത്തർ ടൂറിസം മേഖല 2026 ലും തുടർച്ചയുണ്ടാകുമെന്ന് ഏറ്റവും പുതിയ ‘അറേബ്യൻ ട്രാവൽ മാർക്കറ്റ്’ ട്രാവൽ ട്രെൻഡ്സ് റിപ്പോർട്ട് വ്യക്തമാക്കുന്നു. മിഡിൽ ഈസ്റ്റിലെ ഏറ്റവും വേഗത്തിൽ വളരുന്നതും സ്ഥിരത നിലനിർത്തുന്നതുമായ ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായി ഖത്തറിനെ റിപ്പോർട്ട് അടയാളപ്പെടുത്തുന്നു. യൂറോപ്, ദക്ഷിണേഷ്യ, ജി.സി.സി രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ് ഖത്തറിലേക്ക് കൂടുതൽ സഞ്ചാരികൾ എത്തുന്നത്. കിഴക്കൻ ഏഷ്യയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിലും ക്രമാനുഗതമായ വർധന രേഖപ്പെടുത്തുന്നുണ്ട്.
ശക്തമായ വ്യോമയാന സൗകര്യങ്ങൾ, സജീവമായ അന്താരാഷ്ട്ര പരിപാടികൾ, സാംസ്കാരിക -ഹോസ്പിറ്റാലിറ്റി മേഖലയിൽ തുടർച്ചയായി നടത്തുന്ന നിക്ഷേപം എന്നിവയാണ് ഖത്തറിന്റെ വളർച്ചക്ക് കരുത്തേകുന്നത്. ഫിഫ ലോകകപ്പിനുശേഷം ആഗോളതലത്തിൽ ഖത്തറിനുണ്ടായ സ്വീകാര്യത ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാക്കിയതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വിശാലമായ റൂട്ട് ശൃംഖലയും വികസനവും വ്യോമയാന യാത്രക്കാരെ കൂടുതലായി ആകർഷിക്കുന്നു.
യൂറോപ്, ഏഷ്യ, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന കവാടമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം മാറിയത് ട്രാൻസിറ്റ്, സ്റ്റോപ്പ് ഓവർ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വളർച്ചയുണ്ടാക്കി. ഇത് രാജ്യത്തെ ആഡംബര ഹോട്ടലുകളുടെ വരുമാനത്തിനും താമസക്കാരുടെ എണ്ണത്തിനും അനുകൂല ഘടകമായി.
കേവലം വിനോദസഞ്ചാരം എന്നതിനപ്പുറം, വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ, കായിക ടൂറിസം തുടങ്ങി ടൂറിസത്തിലെ വൈവിധ്യവത്കരണം എന്നിവ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതാണ്. മ്യൂസിയങ്ങൾ, പൈതൃക കേന്ദ്രങ്ങൾ, ബീച്ച് റിസോർട്ടുകൾ തുടങ്ങി വർഷം മുഴുവനും നീണ്ടുനിൽക്കുന്ന അന്താരാഷ്ട്ര പരിപാടികൾ തുടങ്ങി ടൂറിസം രംഗത്ത് ഖത്തർ നടപ്പാക്കുന്ന വൈവിധ്യവത്കരണം വർഷം മുഴുവൻ ടൂറിസം മേഖലയെ സജീവമായി നിലനിർത്തുന്നു. അന്താരാഷ്ട്ര ഉച്ചകോടികൾക്കും പ്രദർശനങ്ങൾക്കും ആതിഥേയത്വം വഹിക്കാനുള്ള ഖത്തറിലെ ആധുനിക സൗകര്യങ്ങൾ ഖത്തറിനെ ബിസിനസ് ട്രാവൽ രംഗത്തെ മുൻനിരക്കാരാക്കി മാറ്റി. വിസ നടപടികൾ ലളിതമാക്കിയതും മികച്ച ഗതാഗത സൗകര്യങ്ങൾ ഒരുക്കിയതും ടൂറിസം രംഗത്തെ വളർച്ചക്ക് വേഗത കൂട്ടി. പരിസ്ഥിതി സൗഹൃദമായ ഹോട്ടലുകളും മെട്രോ അടക്കം സുസ്ഥിരമായ നഗര യാത്രാ സൗകര്യങ്ങളും സഞ്ചാരികൾക്കിടയിൽ വലിയ പ്രിയമാണ്. ഇത്തരം നിരവധി അനുകൂല കാരണങ്ങൾ രാജ്യത്തിന്റെ ടൂറിസം വളർച്ചക്ക് അനുകൂലമായി പ്രവർത്തിക്കുന്നു. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനം, ക്രൂയിസ് ടൂറിസം അടിസ്ഥാന സൗകര്യങ്ങളുടെ വർധന എന്നിവ ഖത്തറിന് 2026ലും വലിയ നേട്ടങ്ങൾ സമ്മാനിക്കുമെന്ന് എ.ടി.എം റിപ്പോർട്ട് വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

