അസാരങ്ക, ബെൻസിസ്, ക്വിറ്റോവ മുന്നോട്ട്
text_fieldsപി.എസ്.ജി ക്ലബിന്റെ ജഴ്സിയുമണിഞ്ഞ് ഖലീഫ ഇന്റർനാഷനൽ ടെന്നിസ് ആൻഡ് സ്ക്വാഷ് കോംപ്ലക്സിലെത്തുന്ന വിക്ടോറിയ അസാരങ്ക
ദോഹ: ഖത്തർ ടോട്ടൽ എനർജീസ് ഓപണിൽ രണ്ടുതവണ ചാമ്പ്യനായ വിക്ടോറിയ അസാരങ്ക, പെട്ര ക്വിറ്റോവ, ബെലിൻഡ ബെൻസിസ്, കെനിൻ എന്നിവർ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. ഇന്ന് നടക്കുന്ന രണ്ടാം റൗണ്ടിൽ നാലാം സീഡ് ഗൗഫ് ക്വിറ്റോവയെയും ഒസ്റ്റപെൻകോ പെഗുലയെയും അസാരങ്ക ബെൻസിസിനെയും സ്വറ്റെക് കോളിൻസിനെയും നേരിടും. ഖലീഫ ഇന്റർനാഷനൽ ടെന്നിസ് ആൻഡ് സ്ക്വാഷ് കോംപ്ലക്സിൽ നടന്ന മത്സരത്തിൽ വൈൽഡ് കാർഡുമായെത്തിയ തുർക്കി താരം ഐപെക് ഓസിനെയാണ് അസാരങ്ക പരാജയപ്പെടുത്തിയത്, സ്കോർ 6-1, 6-1.
2012, 2013 വർഷങ്ങളിൽ ഖത്തർ ടോട്ടൽ ഓപൺ ജേതാവായിരുന്ന വിക്ടോറിയ അസാരങ്ക, ആദ്യ റൗണ്ടിലെ വിജയത്തോടെ തന്റെ കരിയറിൽ 19-2ന് ദോഹയിൽ മുന്നേറി. അതേസമയം, കഴിഞ്ഞ 12 മാസത്തിനിടെ റാങ്കിങ്ങിൽ 80 സ്ഥാനം മുന്നേറി ലോക റാങ്കിങ്ങിൽ 187-ാമത് നിൽക്കുന്ന ഓസിന് ക്രെഡിറ്റ് നൽകാനും ബെലറൂസ് താരം മറന്നില്ല.ഈ മാസാദ്യം തുർക്കിയിലെ വിനാശകരമായ ഭൂകമ്പത്തിന്റെ ദുരിതങ്ങൾ പേറുന്ന തന്റെ രാജ്യത്തിന് ഐക്യദാർഢ്യവും പിന്തുണയും അറിയിച്ച് തുർക്കിയ പതാകയുമേന്തിയാണ് ഐപെക് ഓസ് കോർട്ടിലെത്തിയത്.
ഐപെക് ഓസ് തുർക്കി പതാകയും പുതച്ച് കോർട്ടിലെത്തുന്നു
ഓസ് ഇപ്പോൾ അനുഭവിക്കുന്നതെന്താണെന്ന് തനിക്ക് മനസ്സിലാകുന്നുണ്ടെന്ന് മത്സരശേഷം അസാരങ്ക പറഞ്ഞു. ഓസിന് ഇപ്പോൾ കോർട്ടിന് പുറത്തുപോയി കളിക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് എനിക്ക് ഉറപ്പുണ്ട്. കാര്യങ്ങൾ മെച്ചപ്പെടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസത്തെ പുതുക്കിയ റാങ്കിങ്ങിൽ ഒരു സ്ഥാനം ഇടിഞ്ഞ് 17ാം റാങ്കിലെത്തിയ അസാരങ്ക പറഞ്ഞു.
2015ൽ കിരീടത്തിനകരികെ ചെക്ക് റിപ്പബ്ലിക്കിന്റെ ലൂസി സഫറോവയോട് തോറ്റ അസാരങ്ക, ഖത്തർ തലസ്ഥാനത്ത് തിരിച്ചെത്തിയതിൽ ഏറെ സന്തോഷമുണ്ടെന്നും കൂട്ടിച്ചേർത്തു. തിരിച്ചുവരുന്നത് നന്നായി തോന്നുന്നു. എനിക്ക് ഇവിടെ കളിക്കാൻ ഇഷ്ടമാണ്. പി.എസ്.ജി ജഴ്സിയിൽ കോർട്ടിൽ പ്രവേശിച്ച അസാരങ്ക മത്സരശേഷം പറഞ്ഞു.
നേരത്തേ എട്ടാം സീഡ് വെറോണിക കുഡെർമറ്റോവ 6-4, 3-6, 7-6 (5) എന്ന സ്കോറിന് ബാർബോറ ക്രെജ്സികോവയെ മൂന്ന് മണിക്കൂർ നീണ്ട പോരാട്ടത്തിൽ പരാജയപ്പെടുത്തി രണ്ടാം റൗണ്ടിലെത്തിയിരുന്നു.
രണ്ടാം റൗണ്ടിൽ സോഫിയ കെനിൻ ആണ് കുഡെർമറ്റോവയുടെ എതിരാളി. മറ്റൊരു മത്സരത്തിൽ റൊളാങ് ഗരോസിലെ നിലവിലെ സെമി ഫൈനലിസ്റ്റായ മാർട്ടിന ട്രെവിസിനെ 6-2, 6-2ന് പരാജയപ്പെടുത്തി കരോലിന മുചോവ രണ്ടാം റൗണ്ടിലെത്തി. മൂന്നാം സീഡ് കരോലിന ഗാർഷ്യയാണ് മുചോവയുടെ രണ്ടാം റൗണ്ടിലെ എതിരാളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

