ഖത്തർ ടോട്ടൽ എനർജീസ് ഓപൺ ഇന്നു മുതൽ
text_fieldsനിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പർ
താരവുമായ ഇഗാ സ്വിറ്റെക് ഡബ്ല്യു.ടി.എ
ഖത്തർ ടോട്ടൽ എനർജീസ് ഓപൺ ടെന്നിസ് ചാമ്പ്യൻഷിപ്പിനായി ദോഹയിൽ
വിമാനമിറങ്ങിയപ്പോൾ
ദോഹ: ലോകത്തിലെ മുൻനിര താരങ്ങളെ മുഴുവൻ അണിനിരത്തുന്ന ഡബ്ല്യു.ടി.എ ഖത്തർ ടോട്ടൽ എനർജീസ് ഓപൺ ടെന്നിസ് ചാമ്പ്യൻഷിപ്പിന് തിങ്കളാഴ്ച തുടക്കം. നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പർ താരവുമായ ഇഗാ സ്വിറ്റെക് രണ്ടാം റൗണ്ടിൽ അമേരിക്കക്കാരിയ ഡാനിയൽ കോളിൻസിനെ നേരിടാൻ സാധ്യതയേറി. ഖലീഫ രാജ്യാന്തര ടെന്നിസ് ആൻഡ് സ്ക്വാഷ് കോംപ്ലക്സിൽ നടക്കുന്ന ഡബ്ല്യു.ടി.എ ഖത്തർ ടോട്ടൽ എനർജീസ് ഓപൺ നറുക്കെടുപ്പ് കഴിഞ്ഞ ദിവസം പൂർത്തിയായി. ലോകത്തെ മികച്ച 10 താരങ്ങളിൽ എട്ടു പേരും ഇന്നുമുതൽ സുവർണ ഫാൽക്കണിനുവേണ്ടി റാക്കറ്റേന്തിത്തുടങ്ങും.
ഖലീഫ ടെന്നിസ് ആൻഡ് സ്ക്വാഷ് കോംപ്ലക്സിൽ നടന്ന നറുക്കെടുപ്പ് ചടങ്ങിൽ ഖത്തർ ടെന്നിസ്, സ്ക്വാഷ് ആൻഡ് ബാഡ്മിന്റൺ ഫെഡറേഷൻ സെക്രട്ടറി ജനറൽ താരിഖ് സൈനൽ, ഖത്തർ ടോട്ടൽ എനർജീസ് ഓപൺ ടൂർണമെന്റ് ഡയറക്ടർ സഅദ് അൽ മുഹന്നദി തുടങ്ങിയ ഉന്നത വ്യക്തിത്വങ്ങൾ പങ്കെടുത്തു.
ആദ്യ റൗണ്ടിൽ ബൈ ലഭിച്ചതിനാൽ ഒന്നാം സീഡ് താരം സ്വിറ്റെക് കോളിൻസിനെയോ അല്ലെങ്കിൽ യോഗ്യത നേടി വരുന്ന താരത്തെയോ ആയിരിക്കും രണ്ടാം റൗണ്ടിൽ നേരിടേണ്ടിവരുക. 2022ൽ ആസ്ട്രേലിയൻ ഓപൺ സെമി ഫൈനലിൽ പോളിഷ് താരത്തിന് കോളിൻസായിരുന്നു എതിരാളി. സെമിയിൽ കോളിൻസിനോട് പരാജയപ്പെടാനായിരുന്നു സ്വിറ്റെക്കിന്റെ വിധി.
അതേസമയം, മെൽബൺ പാർക്കിലെ റണ്ണറപ്പ് സ്ഥാനം കഴിഞ്ഞ 13 മാസത്തെ കോളിൻസിന്റെ മികച്ച പ്രകടനമായിരുന്നു. എന്നാൽ, അതിനുശേഷം മികവ് വർധിപ്പിക്കാൻ ലോക 42ാം നമ്പർ താരത്തിന് സാധിച്ചില്ല. ഇതാദ്യമായാണ് കോളിൻസ് ഖത്തറിൽ കളത്തിലിറങ്ങുന്നത്.
ഈയിടെയായി നറുക്കെടുപ്പുകളിൽ ഭാഗ്യമില്ല. ഈ വർഷം മുതൽ ശക്തരായ എതിരാളികളെയാണ് എനിക്ക് ലഭിച്ചിരിക്കുന്നത്. വലിയ വെല്ലുവിളിയാണ് ദോഹയിൽ മറികടക്കാനുള്ളതെന്നും നറുക്കെടുപ്പ് ചടങ്ങിൽ കോളിൻസ് പറഞ്ഞു.
ജനുവരിയിൽ ആസ്ട്രേലിയൻ ഓപണിന്റെ മൂന്നാം റൗണ്ടിൽ വിംബ്ൾഡൻ ചാമ്പ്യനായ റൈബാകിനയിൽനിന്നും പരാജയമേറ്റുവാങ്ങിയ കോളിൻസ്, അബൂദബിയിൽ ആദ്യ റൗണ്ടിൽ ഒസ്റ്റപെങ്കയോട് കീഴങ്ങിയിരുന്നു.
ആദ്യമായാണ് ദോഹയിൽ വരുന്നത്. മുമ്പ് ഇവിടേക്ക് യാത്ര ചെയ്യാൻ കഴിഞ്ഞിട്ടില്ല. എങ്കിലും ഇവിടത്തെ ടൂർണമെന്റിനെക്കുറിച്ച് കൂടുതൽ കേട്ടറിഞ്ഞിട്ടുണ്ട്. നന്നായി സംഘടിപ്പിക്കുന്നതും നന്നായി ആതിഥ്യമരുളുന്നതുമായ ടൂർണമെന്റാണിതെന്നും അറിയാം. ഇവിടെ എത്താൻ ഏറെ കാത്തിരുന്നു, ഇപ്പോൾ ഇവിടെ വന്നതിൽ സന്തോഷിക്കുന്നു’- കോളിൻസ് പറഞ്ഞു.
കഴിഞ്ഞ വർഷം ദോഹയിൽ നടന്ന ഫൈനലിൽ എസ്തോണിയയുടെ അനെറ്റ് കോൻഡവീറ്റിനെതിരെ വിജയം നേടിയ സ്വിറ്റെകിന്റെ തേരോട്ടം 37 വിജയങ്ങൾക്കുശേഷം വിംബ്ൾഡണിലാണ് അവസാനിച്ചത്.
രണ്ടാം റൗണ്ടിൽ കോളിൻസിനെതിരായ കടമ്പ കടന്നാൽ സ്വിറ്റെകിന് ക്വാർട്ടറിലെത്താം. ക്വാർട്ടറിൽ നിലവിലെ ഒളിമ്പിക് ചാമ്പ്യനായ ബെലിൻഡ ബെൻസികാണ് പോളണ്ടുകാരിക്ക് എതിരാളിയാകാൻ കൂടുതൽ സാധ്യത. അല്ലെങ്കിൽ ദോഹയിൽ രണ്ടു തവണ ജേതാവായ ബെലറൂസിന്റെ വിക്ടോറിയ അസാരങ്കെ ആയിരിക്കും സ്വിറ്റകിന്റെ എതിരാളി. നാലാം സീഡായ കൊകോ ഗൗഫിനും ആദ്യ റൗണ്ടിൽ ബൈ ലഭിച്ചിട്ടുണ്ട്. ആദ്യ മത്സരത്തിൽ ചൈനയുടെ ഷാങ് ഷുവായ് അല്ലെങ്കിൽ പെട്ര ക്വിറ്റോവ എന്നിവരിലൊരാളെയാണ് ഗൗഫ് നേരിടുക. മൂന്നാം സീഡ് കരോലിൻ ഗാർഷ്യക്കും ആദ്യ റൗണ്ട് ബൈ ലഭിച്ചിട്ടുണ്ട്. അതേസമയം, അഞ്ചാം സീഡ് മരിയ സക്കാരി, ഡബ്ല്യു.ടി.എ പുതുമുഖ താരം ഷെങ് ക്വിൻവെനെ ഒന്നാം റൗണ്ടിൽ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

