ദോഹ: ആഗോള വ്യവസായ സംരംഭകത്വ സൂചിക 2018ല്‍ ജിസിസി മേഖലയില്‍ ഖത്തറിന് ഒന്നാം സ്ഥാനം. 55 ശതമാനം സ്കോര്‍ നേടിയാണിത്. സംരംഭകര്‍ക്ക് അനുകൂലമായ വ്യവസായ അന്തരീക്ഷമാണ് ഖത്തറിലുള്ളതെന്ന് സൂചിക വ്യക്തമാക്കുന്നു. ഗള്‍ഫിലെയും മിഡില്‍ഈസ്റ്റ് നോര്‍ത്ത് ആഫ്രിക്ക മേഖലയിലെ മറ്റു പല രാജ്യങ്ങളെയും അപേക്ഷിച്ച് വളരെ മുന്നിലാണ് ഖത്തറിെൻറ സ്ഥാനം. ഗ്ലോബല്‍ എൻറര്‍പ്രണര്‍ഷിപ്പ് ആൻറ് ഡെവലപ്മെൻറ് ഇന്‍സ്റ്റിറ്റ്യൂട്ട് തയാറാക്കിയ ആഗോള വ്യവസായ സംരംഭകത്വ സൂചികയില്‍ ആഗോളതലത്തില്‍ 22ാം സ്ഥാനത്താണ് ഖത്തര്‍. പതിനാല് മേഖലകള്‍ വിലയിരുത്തിയാണ് സൂചിക തയാറാക്കിയത്. 137 രാജ്യങ്ങളാണ് പട്ടികയില്‍ ഇടംനേടിയിരിക്കുന്നത്. അമേരിക്കക്കാണ് റാങ്കിങില്‍ ഒന്നാംസ്ഥാനം.
സ്വിറ്റ്സര്‍ലൻറ്, കാനഡ, യുകെ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ഡെന്മാര്ക്ക്, ഐസ് ലന്‍ഡ്, അയര്‍ലന്‍ഡ്, സ്വീഡന്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളാണ് അഞ്ചു മുതല്‍ പത്തുവരെ സ്ഥാനങ്ങളില്‍. യുഎഇക്ക് 26ാം സ്ഥാനമാണ് ആഗോളതലത്തിലുള്ളത്. ഒമാന്‍ 33ാം സ്ഥാനത്തും ബഹ്റൈന്‍ 35ാംസ്ഥാനത്തും കുവൈത്ത് 39ാം സ്ഥാനത്തും സൗദി അറേബ്യ 45ാം സ്ഥാനത്തുമാണ്.