സിറിയയിൽ വൈദ്യുതിയെത്തിക്കാൻ ഖത്തർ
text_fieldsസിറിയയിലെ അടിസ്ഥാന വൈദ്യുതി പദ്ധതി നിർമാണം
സംബന്ധിച്ച കരാറിൽ യു.സി.സി ഹോൾഡിങ്സ് പ്രതിനിധികൾ സിറിയൻ പ്രസിഡന്റ് അഹ്മദ് അൽ ഷറക്കൊപ്പം
ദോഹ: സിറിയയിലെ അടിസ്ഥാന വൈദ്യുതി വികസനത്തിൽ പങ്കാളിയായി ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന യു.സി.സി ഹോൾഡിങ്സ്. 700 കോടി ഡോളറിന്റെ കരാറാണ് സിറിയൻ സർക്കാർ ഒപ്പുവെച്ചത്. സിറിയൻ പ്രസിഡന്റ് അഹ്മദ് അൽ ഷറയുടെ അംഗീകാരത്തോടെയാണ് കരാർ ഒപ്പുവെച്ചത്.
സിറിയയുടെ പ്രധാന അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമ്മിക്കുക, ഊർജ സുരക്ഷ വർധിപ്പിക്കുക, സാമ്പത്തിക വികസനത്തെ പിന്തുണക്കുക എന്നിവക്കുള്ള ദേശീയ പദ്ധതിയുടെ ഭാഗമായാണ് പുതിയ കരാർ. സിറിയയിലെ അമേരിക്കയുടെ പ്രത്യേക ദൂതൻ ടോം ബറാക്, ഡമസ്കസിലെ ഖത്തർ എംബസി ചാർജ് ഡി അഫേഴ്സ് ഖലീഫ അബ്ദുല്ല അൽ മഹ്മൂദ് അൽ ഷരീഫ്, സിറിയയിലെ തുർക്കിയ അംബാസഡർ ബുർഹാൻ കൊറോഗ്ലു എന്നിവരുടെ സാന്നിധ്യത്തിൽ ഡമസ്ക്കസിലാണ് കരാർ ഒപ്പുവെക്കൽ ചടങ്ങ് നടന്നത്.
യു.സി.സി ഹോൾഡിങ് ചെയർമാൻ മുഹമ്മദ് മുഅ്തസ്സ് അൽ ഖയാത്ത്, സെൻഗിസ് എനർജി ചെയർമാൻ മെഹ്മത് സെൻഗിസ്, കല്യോൺ എനർജി ചെയർമാൻ ഓർഹൻ സെമൽ കല്യോൺകു, പവർ ഇന്റർനാഷനൽ യു.എസ്.എ സി.ഇ.ഒ മാസിൻ അൽ സെബ്തി എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്. യു.സി.സി പ്രസിഡന്റും സി.ഇ.ഒയുമായ റമീസ് അൽ ഖയ്യാത്ത്, കൺസോർട്യത്തിലെ മറ്റു കമ്പനികളുടെ ഉന്നത പ്രതിനിധികൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
ഊർജ പദ്ധതികളിലും നിർമാണത്തിലും വൈദഗ്ധ്യം നേടിയ ഖത്തരി കമ്പനിയായ യു.സി.സി കൺസെഷൻസ് ഇൻവെസ്റ്റ്മെന്റാണ് കൺസോർട്യത്തിന് നേതൃത്വം നൽകുന്നത്. സിറിയയുടെ സാമ്പത്തിക വീണ്ടെടുക്കലിനെ പിന്തുണക്കുന്നതിലും രാജ്യത്തിന്റെ ഊർജ മേഖല പുനർനിർമ്മിക്കുന്നതിനും സ്വയംപര്യാപ്തത കൈവരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ശ്രമങ്ങൾക്ക് സംഭാവന നൽകുന്നതിലും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നേതൃത്വത്തിലുള്ള ഖത്തറിന്റെ ശ്രമങ്ങളുടെ ഭാഗം കുടിയാണ് ഈ പങ്കാളിത്തം.
അമേരിക്കൻ, യൂറോപ്യൻ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് 4,000 മെഗാവാട്ട് സ്ഥാപിത ഉൽപാദന ശേഷിയിൽ ഹിംസ്, ഹമ എന്നിവിടങ്ങളിലായി നാല് സംയോജിത സൈക്കിൾ ഗ്യാസ് ടർബൈൻ പവർ പ്ലാന്റുകളുടെയും സിറിയയുടെ തെക്കൻ മേഖലയിൽ 1000 മെഗാവാട്ട് ശേഷിയുള്ള സൗരോർജ പ്ലാന്റിന്റെയും വികസനം കരാറിൽ ഉൾപ്പെടുന്നു. ബി.ഒ.ഒ, ബി.ഒ.ടി മാതൃകകൾക്ക് കീഴിലാണ് പദ്ധതി നടപ്പാക്കുക. ഗ്യാസ് പ്ലാന്റുകൾ മൂന്ന് വർഷത്തിലും സൗരോർജ പ്ലാന്റ് രണ്ട് വർഷത്തിനുള്ളിലും പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

