കളിമണ്ണിലേക്ക് ഇനി വോളിബാളും
text_fieldsചലഞ്ചർ കപ്പ് വോളിബാൾ ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന ആസ്പയർ ഹാൾ
ദോഹ: കളിയുടെ കേന്ദ്രമായി മാറിയ ഖത്തറിലേക്ക് മറ്റൊരു കളിയുത്സവം കൂടി വിരുന്നെത്തുന്നു. ഫുട്ബാളും അത്ലറ്റിക്സും ക്രിക്കറ്റും ടെന്നിസും ഉൾപ്പെടെ ശ്രദ്ധേയ ലോകമേളകൾക്ക് വേദിയായ മണ്ണിൽ അടുത്തമാസം വോളിബാൾ ആവേശം. ലോക വോളിബാളിലെ വമ്പൻ ടീമുകൾ മാറ്റുരക്കുന്ന ലോക വോളിബാൾ ചലഞ്ചർ കപ്പിന് ഖത്തർ വേദിയാകും. മിഡിലീസ്റ്റിൽ ആദ്യമായെന്ന ചലഞ്ചർ കപ്പിന്റെ ആതിഥേയത്വം അന്താരാഷ്ട്ര വോളിബാൾ ഫെഡറേഷനാണ് പ്രഖ്യാപിച്ചത്.
നിരവധി രാജ്യങ്ങളുടെ അപേക്ഷകൾ പരിശോധിച്ചതിനൊടുവിലാണ് എഫ്.ഐ.വി.ബി ഖത്തറിനെ വേദിയായി തിരഞ്ഞെടുത്തത്. ടൂർണമെന്റിന്റെ 2023 പതിപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ഏറ്റവും മികച്ച തിരഞ്ഞെടുപ്പാണ് ഖത്തറെന്നും ഫെഡറേഷൻ അറിയിച്ചു.
പ്രധാന കായിക ടൂർണമെന്റുകൾക്കും ചാമ്പ്യൻഷിപ്പുകൾക്കും ആതിഥ്യമരുളുന്നതിൽ ഖത്തറിന്റെ വിജയ പരമ്പരയാണ് ചലഞ്ചർ കപ്പിന് വേദിയാകുന്നതിൽ നിർണായകമായതെന്നും അന്താരാഷ്ട്ര കായിക സൗകര്യങ്ങളിലൂടെ രാജ്യത്ത് വോളിബാളിനെ അന്താരാഷ്ട്ര തലത്തിലേക്ക് വളർത്തുന്നതിൽ ഇതിന് വലിയ പ്രാധാന്യമുണ്ടെന്നും ഖത്തർ വോളിബാൾ അസോസിയേഷൻ ഡയറക്ടർ ബോർഡ് ചെയർപേഴ്സൻ അലി ഗാനെം അൽ കുവാരി പറഞ്ഞു.
ഖത്തറിന്റെ ആതിഥേയത്വത്തെ അസാധാരണമെന്ന് വിശേഷിപ്പിച്ച അൽ കുവാരി, ടൂർണമെന്റിനുള്ള ടീമുകളെയും അന്താരാഷ്ട്ര ഫെഡറേഷൻ ഉദ്യോഗസ്ഥരെയും സ്വാഗതം ചെയ്യാൻ സജ്ജമാണെന്നും കൂട്ടിച്ചേർത്തു. ക്യു.വി.എയുടെ കഴിവുകളിലുള്ള ഫെഡറേഷന്റെ വിശ്വാസത്തെ അഭിനന്ദിച്ച അദ്ദേഹം, ഖത്തർ ഒളിമ്പിക് കമ്മിറ്റിയുടെ പിന്തുണക്ക് നന്ദിയും രേഖപ്പെടുത്തി.
വോളിബാൾ നാഷൻസ് ലീഗിന് മുന്നോടിയായാണ് ചാലഞ്ചർ കപ്പ് സംഘടിപ്പിക്കുന്നത്. ഏറ്റവും ഒടുവിൽ 2022ൽ നടന്ന ചാമ്പ്യൻഷിപ്പിൽ അഞ്ച് കോൺഫെഡറേഷനുകളിൽ നിന്നായി എട്ട് ടീമുകളാണ് പങ്കെടുത്തത്. കഴിഞ്ഞവർഷം ദക്ഷിണ കൊറിയയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ഏഷ്യൻ ടോപ് റാങ്ക് ടീം എന്ന നിലയിൽ ഖത്തറും പങ്കെടുത്തു.
ആസ്പയർ ഹാൾ വേദിയാകും
അടുത്തമാസം ജൂലൈ 27 മുതൽ 30 വരെ നടക്കുന്ന ചലഞ്ചർ കപ്പ് വോളിബാൾ ചാമ്പ്യൻഷിപ്പിന് ആസ്പയർ ഹാൾ വേദിയാകും. ഖത്തർ വോളിബാൾ അസോസിയേഷനാണ് വേദി പ്രഖ്യാപിച്ചത്. ലോക വോളിബാളിലെ മുൻനിര ടീമുകളായി എട്ട് സംഘങ്ങൾ മാറ്റുരക്കുന്ന ചാമ്പ്യൻഷിപ് ആരാധകർക്ക് മികച്ച കളിവിരുന്നാണ് ഒരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

