ലോക ട്രയാത്ലൺ വേദിയാകാൻ ഖത്തർ
text_fieldsടി100 ട്രയാത്ലൺ വേദിയായ ഖത്തറിനെ തിരഞ്ഞെടുത്ത ചടങ്ങിൽ വിസിറ്റ് ഖത്തർ ചെയർമാൻ സഅദ് ബിൻ അലി അൽ ഖർജി ട്രയാത്ലൺ സംഘാടകർക്കും വിസിറ്റ് ഖത്തർ പ്രതിനിധികൾക്കുമൊപ്പം
ദോഹ: നീന്തലും സൈക്ലിങ്ങും ഓട്ടവും ഉൾപ്പെടെ മൂന്നിനങ്ങൾ ഉൾക്കൊള്ളുന്ന ട്രയാത്ലണിലെ വമ്പൻ മത്സരമായ ടി100 ട്രയാത്ലൺ ലോകചാമ്പ്യൻഷിപ് വേദിയായി ഖത്തറിനെ തിരഞ്ഞെടുത്തു. 2025 മുതൽ 2029 വരെ അടുത്ത അഞ്ചു വർഷത്തെ മത്സരങ്ങളുടെ പട്ടികയിലാണ് ഖത്തറിനെയും വേദിയായി തിരഞ്ഞെടുത്തത്.
പ്രഫഷനൽ ട്രയാത്ത്ലറ്റ്സ് ഓർഗനൈസേഷൻ, വേൾഡ് ട്രയാത്ലൺ, ഖത്തർ സൈക്ലിങ് ആൻഡ് ട്രയാത്ലൺ ഫെഡറേഷൻ എന്നിവയുമായി സഹകരിച്ചാണ് വിസിറ്റ് ഖത്തർ ടൂർണമെന്റിന് നേതൃത്വം നൽകുന്നത്. ലോക കായിക ഭൂപടത്തിലെ ആഗോളകേന്ദ്രവും സ്പോർട്സ് ടൂറിസത്തിലെ മുൻനിരക്കാരുമെന്ന നിലയിൽ ഖത്തറിന്റെ സ്ഥാനത്തെ അടയാളപ്പെടുത്തുന്നതാണ് ടി100 ട്രയാത്ലൺ ലോക ചാമ്പ്യൻഷിപ്പിന്റെ ആതിഥേയത്വം.
ഖത്തർ വേദിയാകുന്ന ആദ്യ ടി100 ട്രയാത്ലൺ ലോക ചാമ്പ്യൻഷിപ് 2025 ഡിസംബർ 11 മുതൽ 13 വരെ ദോഹക്കും ലുസൈലിനുമിടയിൽ നടക്കും. ഫൈനലിൽ പോരിനിറങ്ങുന്നവർക്ക് ദോഹ കോർണിഷിലെ അറേബ്യൻ ഉൾക്കടലിലെ മനോഹരമായ ജലാശയത്തിൽ നീന്തുകയും, സുന്ദരമായ വഴിത്താരകളിലൂടെ സൈക്കിളിൽ സഞ്ചരിക്കുകയും ലുസൈൽ സ്റ്റേഡിയം പോലുള്ള പ്രശസ്തമായ സ്ഥലങ്ങളിലൂടെ ഓടുകയും ചെയ്യാനുള്ള അവസരമാണ് ഒരുക്കുന്നത്. രണ്ട് കിലോമീറ്റർ നീന്തൽ, 80 കിലോമീറ്റർ സൈക്ലിങ്, 18 കിലോമീറ്റർ ഓട്ടം എന്നിവ ഉൾപ്പെടുന്ന 100 കിലോമീറ്റർ ട്രയാത്ലണിൽ പങ്കെടുക്കാൻ അമച്വർ അത്ലറ്റുകൾക്ക് അവസരം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

