ഖത്തർ വേദിയാവുന്നത് ഏറ്റവും മികച്ച ലോകകപ്പിന് –ഹാമിഷ് റോഡ്രിഗസ്
text_fieldsഅൽ റയ്യാൻെറ കൊളംബിയൻ താരം ഹാമിഷ് റോഡ്രിഗസ്
ദോഹ: ഫുട്ബാൾ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിനായിരിക്കും ഖത്തർ ആതിഥ്യമരുളുന്നതെന്ന് കൊളംബിയൻ സൂപ്പർ താരമായ ഹാമിഷ് റോഡ്രിഗസ്. ഖത്തറിലെത്തിയത് മുതൽ മികച്ച അനുഭവങ്ങളാണെന്നും ഇവിടെ വരുന്നവർക്കെല്ലാം അത് അനുഭവിക്കാൻ സാധിക്കുമെന്നും റോഡ്രിഗസ് കൂട്ടിച്ചേർത്തു. ഖത്തർ സ്റ്റാർസ് ലീഗ് വെബ്സൈറ്റിന് അനുവദിച്ച അഭിമുഖത്തിലാണ് റയ്യാൻ സൂപ്പർ താരത്തിെൻറ പ്രതികരണം. ദേശീയ ടീമിനായും റയൽ മഡ്രിഡ്, ബയേൺ മ്യൂണിക്, എഫ്.സി പോർട്ടോ, എവർട്ടൻ തുടങ്ങിയ പ്രമുഖ ക്ലബുകൾക്കായും ബൂട്ടണിഞ്ഞ റോഡിഗ്രസ് ഏതാനും ആഴ്ച മുമ്പാണ് ഖത്തർ ടീമായ അൽ റയ്യാനിലെത്തിയത്. 2014 ലോകകപ്പിൽ ആറ് ഗോൾ നേടി ടോപ് സ്കോററായ റോഡ്രിഗസ്, മികച്ച 11 കളിക്കാരിൽ ഉൾപ്പെടുകയും ചെയ്തിരുന്നു. കളിച്ച ക്ലബുകൾക്കായെല്ലാം മികച്ച പ്രകടനം പുറത്തെടുത്ത താരം, നിരവധി കിരീട നേട്ടങ്ങളിലും പങ്കാളിയായി. അഭിമുഖത്തിെൻറ പ്രസക്ത ഭാഗങ്ങൾ താഴെ:
ഖത്തറിലെ ജീവിതം
ഖത്തറിൽ എത്തിയത് മുതൽ ഓരോ നിമിഷവും ആസ്വദിക്കുകയാണ്. മികച്ച അനുഭവമാണ് ഉണ്ടായിട്ടുള്ളത്. ഖത്തറിെൻറ തനിമയും പൈതൃകവും ചേർന്നുള്ള ആതിഥേയത്വം ഏറെ ഇഷ്ടമായി. ഈ രാജ്യത്തെ ഏറെ സ്നേഹിക്കുകയാണ്. ഇവിടെ എത്തുന്ന ആർക്കും ഇത് നേരിട്ടനുഭവിച്ചറിയാൻ സാധിക്കും. ഇവിടെ സന്തോഷത്തോടെ കഴിയാൻ ആഗ്രഹിക്കുകയാണ്. സ്റ്റാർസ് ലീഗ് മത്സരനിലവാരം എങ്ങനെ വിലയിരുത്തുന്നു. മികവുറ്റതും ആവേശകരവുമാണ് ലീഗ് മത്സരങ്ങൾ. എല്ലാവരും മികച്ച താരങ്ങൾ. ക്ലബിനായി മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നാണ് പ്രതീക്ഷ. വിജയമാണ് പ്രധാനം, കിരീടനേട്ടവും.
റയ്യാൻ ക്ലബിനെ കുറിച്ച്
അൽ റയ്യാൻ ക്ലബിനെ അറിയാം, ഏറെ പ്രതാപമുള്ള ക്ലബിനെ പ്രതിനിധാനംചെയ്യാനായതിൽ അഭിമാനമുണ്ട്. കിരീടം നേടുമെന്ന് ആത്മവിശ്വാസമുണ്ട്. യൂറോപ്പിൽ വലിയ ക്ലബുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്, അവിടെയുള്ള പരിചയസമ്പത്ത് ഇവിടെ മുതൽക്കൂട്ടാകും. റയ്യാൻ ക്ലബിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കും. ക്ലബിെൻറ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് അവരെ സഹായിക്കുകയാണ് എെൻറ ചുമതല.
ഖത്തർ ലോകകപ്പിനെ കുറിച്ച്ഖത്തർ വേദിയാവുന്നത് ഏറ്റവും മികച്ച ലോകകപ്പിന് –ഹാമിഷ് റോഡ്രിഗസ്
എല്ലാവർക്കും അറിയുന്ന കാര്യമാണ് ഖത്തർ ലോകകപ്പിനായുള്ള തയാറെടുപ്പിലാണെന്നത്. കേവലം സ്റ്റേഡിയങ്ങൾ നിർമിക്കുന്നതിൽ മാത്രമല്ല ഖത്തർ ലോകത്തെ അതിശയിപ്പിക്കുന്നത്, മറിച്ച് ടൂർണമെൻറുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ കൂടിയാണ് ഇവിടെ സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്. ഇതുവരെ നടന്ന ലോകകപ്പ് ടൂർണമെൻറുകളിൽ ഏറ്റവും മികച്ച ലോകകപ്പിനായിരിക്കും ഖത്തർ ആതിഥ്യം വഹിക്കുകയെന്ന് എനിക്ക് ഉറപ്പിച്ച് പറയാനാകും. ഖത്തർ ലോകത്തെ അമ്പരപ്പിക്കും.