ലോകകപ്പിന് ആതിഥ്യമരുളാൻ ഖത്തർ തയാർ –ഇൻഫാൻറിനോ
text_fieldsഖത്തർ ഫൗണ്ടേഷൻ ഒാൺലൈനായി സംഘടിപ്പിച്ച എജുക്കേഷൻ സിറ്റി സ്പീക്കർ സീരീസിൽ ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫൻറിനോ സംസാരിക്കുന്നു. സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി, ഖത്തർ ഫൗണ്ടേഷൻ കമ്യൂണിറ്റി ഡെവലപ്മെൻറ് പ്രസിഡൻറ് മഷൈലി അൽ നയ്മി എന്നിവരും പങ്കെടുത്തു
ദോഹ: ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന് ആതിഥ്യംവഹിക്കാൻ ഖത്തർ തയാറാണെന്നും ലോകകപ്പിന് മുമ്പ് ആതിഥ്യം വഹിച്ച രാജ്യങ്ങളേക്കാൾ ഖത്തർ ഏറെ മുന്നിലാണെന്നും ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോ. ഫുട്ബാളിലെ തെൻറ മുൻകാല അനുഭവ പരിചയത്തിൽ ഇത്രയും ഒരുക്കങ്ങളോടെ നേരത്തെതന്നെ ലോകകപ്പിന് സജ്ജമായൊരു ആതിഥേയരും ഇല്ലെന്നും ഇൻഫാൻറിനോ പറഞ്ഞു. ലോകകപ്പ് 2022 ഒരു വർഷ കൗണ്ട്ഡൗണിനോടനുബന്ധിച്ച് ഖത്തർ ഫൗണ്ടേഷൻ ഒാൺലൈനായി സംഘടിപ്പിച്ച എജുക്കേഷൻ സിറ്റി സ്പീക്കർ സീരീസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖത്തർ ലോകകപ്പ്: കൗണ്ട്ഡൗൺ ടു ഹിസ്റ്ററി എന്ന തലക്കെട്ടിൽ നടന്ന ചടങ്ങിൽ, ഖത്തർ ഫൗണ്ടേഷനും ഫിഫ ഫൗണ്ടേഷനും സംയുക്തമായുള്ള പുതിയ സംരംഭവും പ്രഖ്യാപിച്ചു.
ഫുട്ബാൾ ഫോർ സ്കൂൾസ് ആപ് ഉൾപ്പെടെ ഭിന്നശേഷിക്കാരായ കുട്ടികളെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് എല്ലാവരെയും ചേർത്തുപിടിക്കുന്നതിൽ ശ്രദ്ധയൂന്നുകയാണ് സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. ലോകകപ്പിനായുള്ള എട്ട് വേദികളടക്കം അടിസ്ഥാന സൗകര്യങ്ങളെല്ലാം കൃത്യം ഒരുവർഷം മുന്നേ പൂർത്തിയായിരിക്കുകയാണ്. ലോകകപ്പിനായി ഖത്തറിലെത്തുന്ന ഓരോ ആൾക്കും ജീവിതത്തിലെ ഏറ്റവും സുന്ദരമായ മുഹൂർത്തങ്ങളായിരിക്കും ഇവിടെനിന്നും ലഭിക്കുക. ഇൻഫാൻറിനോ വ്യക്തമാക്കി.
അറബ് ലോകത്ത് ഫുട്ബാളിനാണ് ഏറെ വേരോട്ടമുള്ളത്. ജനങ്ങൾ കാൽപന്തുകളിയോട് അഭിനിവേശമുള്ളവരാണ്. നിലവിലെ സാഹചര്യത്തിൽ ലോകകപ്പ് എന്തുകൊണ്ടും നടക്കേണ്ടത് അറബ് ലോകത്തുതന്നെയാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇത് കൂടുതൽപേർക്ക് ആവേശം നൽകും. വ്യത്യസ്തമായ തലങ്ങളിലൂടെ കൂടുതൽ മേഖലകളിലേക്ക് ഫുട്ബാളിനെ വ്യാപിപ്പിക്കാൻ ഇതിനാകും --ഇൻഫൻറിനോ പറഞ്ഞു. ലോകകപ്പിന് മുമ്പും ടൂർണമെൻറ് മുതൽ കലാശപ്പോരാട്ടം വരെയും അതിന് ശേഷവും ഖത്തർ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.