റഗ്ബി ലോകകപ്പ് വേദിക്കായി ഖത്തറും 2025 ലോകകപ്പിന്
text_fields2021 റഗ്ബി ലീഗ് ലോകകപ്പ് ജേതാക്കളായ ആസ്ട്രേലിയൻ ടീം
ദോഹ: ലോകകപ്പ് ഫുട്ബാളിലെ ഉജ്ജ്വലമായ സംഘാടനത്തിനും വരാനിരിക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബാളിന്റെ ആതിഥേയത്വവുമായും ലോകത്തിന്റെ കായിക തലസ്ഥാനമായി മാറാൻ ഒരുങ്ങുന്ന ഖത്തറിലേക്ക് മറ്റൊരു മഹാ കായികോത്സവം കൂടി എത്തിയേക്കും. 2025ൽ നടക്കേണ്ട റഗ്ബി ലീഗ് ലോകകപ്പിൽനിന്നും ഫ്രാൻസ് പിൻവാങ്ങിയതോടെ പുതിയ വേദി തേടുന്ന ഇന്റർനാഷനൽ റഗ്ബി ലീഗ് ബോർഡിനുമുന്നിൽ ആതിഥേയ പദവിക്കായി ഖത്തറും രംഗത്ത്.
ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, ഫിജി തുടങ്ങിയ രാജ്യങ്ങളാണ് ആതിഥേയ താൽപര്യം അറിയിച്ച മറ്റു രാജ്യങ്ങൾ. നേരത്തേ വേദിയായി പ്രഖ്യാപിച്ച ഫ്രാൻസ് തിങ്കളാഴ്ചയാണ് ടൂർണമെന്റിൽനിന്നും പിൻവാങ്ങിയത്.
ഇതോടെയാണ് സംഘാടകർ പുതിയ വേദിക്കായി നടപടികൾ ആരംഭിച്ചത്. ടൂർണമെന്റ് സംഘാടനത്തിനുള്ള സാമ്പത്തിക ബാധ്യതകളിൽനിന്നും സർക്കാർ പിൻവാങ്ങിയതോടെയാണ് ഫ്രാൻസിന്റെ പിന്മാറ്റം. പുതിയ വേദിക്കായി ഖത്തർ ഉൾപ്പെടെ നാലു രാജ്യങ്ങൾ അപേക്ഷ സമർപ്പിച്ചതായി ഇന്റർനാഷനൽ റഗ്ബി ലീഗ് ചെയർമാൻ ട്രോയ് ഗ്രാന്റ് പറഞ്ഞു.
2022 നവംബർ-ഡിസംബർ മാസങ്ങളിൽ നടന്ന ലോകകപ്പ് ഫുട്ബാളിന്റെ വിജയകരമായ സംഘാടനമാണ് ഖത്തറിന് മറ്റു ലോക മേളകൾക്ക് വേദിയൊരുക്കാനുള്ള ആത്മവിശ്വാസമായി മാറിയത്.
32 ടീമുകളും 14 ലക്ഷം കാണികളും ഭാഗമായ ലോകത്തെ ഏറ്റവും വലിയ കായികമേളയുടെ സംഘാടനത്തിലൂടെ ഖത്തർ അന്താരാഷ്ട്ര പ്രശംസയും നേടിയിരുന്നു. അതേസമയം, 2026ലെ ടൂർണമെന്റ് വേദി സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും മാറ്റിവെക്കാനോ, പൂർണമായും റദ്ദാക്കാനോ ഉള്ള സാധ്യത തള്ളിക്കളയേണ്ടെന്നും ട്രോയ് ഗ്രാന്റ് പറഞ്ഞു. വേദി സംബന്ധമായി അന്തിമ തീരുമാനം ജൂലൈയിൽ പ്രതീക്ഷിക്കുന്നതായി ‘ദി ഗാർഡിയൻ’ റിപ്പോർട്ട് ചെയ്തു. ഏഷ്യൻ കപ്പ് ഫുട്ബാൾ, 2027ലെ ഫിബ ബാസ്കറ്റ്ബാൾ, 2030 ഏഷ്യൻ ഗെയിംസ് തുടങ്ങി വലിയ മേളകൾക്ക് വരും വർഷങ്ങളിൽ ഖത്തർ വേദിയാവുന്നുണ്ട്.
16 ടീമുകൾ പങ്കെടുക്കുന്ന റഗ്ബി ലോകകപ്പിന് 2021ൽ ഇംഗ്ലണ്ടായിരുന്നു വേദിയായത്. ഏഷ്യയിൽ വലിയ പ്രചാരമില്ലെങ്കിലും യൂറോപ്, ആഫ്രിക്ക, അമേരിക്ക രാജ്യങ്ങളിൽ ജനകീയ കായിക ഇനം കൂടിയാണ് റഗ്ബി. 12 തവണ ചാമ്പ്യന്മാരായ ആസ്ട്രേലിയയാണ് റഗ്ബിയിലെ കരുത്തർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

