ഭിന്നശേഷി ഉച്ചകോടിക്ക് ആതിഥ്യം വഹിക്കാൻ ഖത്തർ
text_fieldsബെർലിനിൽ നടന്ന ഭിന്നശേഷി ഉച്ചകോടിയിൽ ഖത്തർ സാമൂഹിക വികസന, കുടുംബ മന്ത്രി ബുഥൈന ബിൻത് അലി അൽ ജബർ അൽ നുഐമി പങ്കെടുക്കുന്നു
ദോഹ: 2028ലെ ഭിന്നശേഷി ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ സന്നദ്ധത അറിയിച്ച് ഖത്തർ. ബർലിനിൽ നടന്ന ഉച്ചകോടിയുടെ സമാപന സെഷനിൽ പങ്കെടുത്തുകൊണ്ടാണ് സാമൂഹിക വികസന, കുടുംബ മന്ത്രി ബുഥൈന ബിൻത് അലി അൽ ജബർ അൽ നുഐമി ഖത്തറിന്റെ സന്നദ്ധത വ്യക്തമാക്കിയത്.
മഹത്തായ പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്നും, ഉച്ചകോടി സംഘടിപ്പിക്കാൻ മുന്നോട്ടുവന്ന ജർമനിയുടെയും ജോർഡന്റെയും ശ്രമങ്ങളെ പ്രശംസിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ബെർലിൻ-അമ്മാൻ പ്രഖ്യാപനം പ്രതീക്ഷിത ഫലങ്ങൾ കൈവരിക്കാനുള്ള സുപ്രധാന തുടക്കമാണെന്നും ഭിന്നശേഷിക്കാരുടെ ജീവിതത്തിൽ മാറ്റം സൃഷ്ടിക്കുന്നതിന് സംവാദങ്ങൾക്കും പങ്കാളിത്തത്തിനും സഹകരണം ശക്തമാക്കുന്നതിനുമുള്ള ഒരു വേദിയായി വരാനിരിക്കുന്ന ഉച്ചകോടി തുടരുമെന്നും ബുഥൈന ബിൻത് അലി അൽ നുഐമി കൂട്ടിച്ചേർത്തു.
അടുത്ത വർഷം ദോഹയിൽ നടക്കുന്ന രണ്ടാമത് ലോക സാമൂഹിക ഉച്ചകോടിയെ സംബന്ധിച്ചും മന്ത്രി വേദിയിൽ പരാമർശിച്ചു. സാമൂഹിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആഗോള ചർച്ചകളിൽ ഉച്ചകോടി വലിയ പങ്കുവഹിക്കുമെന്നും 2030ലെ സുസ്ഥിര വികസന അജണ്ടയുടെ ലക്ഷ്യങ്ങൾ നടപ്പിലാക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ പിന്തുണക്കുമെന്നും അവർ അറിയിച്ചു.
ഭിന്നശേഷിക്കാരെ ശാക്തീകരിക്കുകയും സംരക്ഷിക്കുകയും സമൂഹത്തിൽ അവരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര പങ്കാളികളുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള ഖത്തറിന്റെ പ്രതിബദ്ധത മന്ത്രി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

