ഖത്തർ കൂറ്റനാട് ജനകീയ കൂട്ടായ്മ ‘ദേശോത്സവം’ ഡിസംബർ 4, 5 തീയതികളിൽ
text_fieldsദോഹ: ഖത്തറിലെ പ്രവാസി മലയാളികളുടെ കൂട്ടായ്മയായ ഖത്തർ കൂറ്റനാട് ജനകീയ കൂട്ടായ്മയുടെ വാർഷികാഘോഷമായ ‘ദേശോത്സവം 2025’ ഡിസംബർ 4, 5 തീയതികളിലായി നടക്കും. സൽവാ റോഡിലുള്ള അത്ലൻ ക്ലബ് ഹൗസാണ് കലാമേളക്ക് വേദിയാവുക. ദേശോത്സവത്തിന് മുന്നോടിയായി ഡിസംബർ 4ന് വൈകീട്ട് 7 മണി മുതൽ ഫാമിലി ഫൺ ഫെസ്റ്റും കിഡീസ് കാർണിവലും നടക്കും.
കുട്ടികൾക്കും വനിതകൾക്കുമായി വിവിധ ഫൺ ഗെയിമുകളും, കാരംസ്, ചെസ്, മൈലാഞ്ചിയിടൽ തുടങ്ങിയ മത്സരങ്ങളും ഫെസ്റ്റിന്റെ ഭാഗമായി അരങ്ങേറും.ഡിസംബർ 5ന് ഉച്ചക്ക് ഒരു മണി മുതൽ പ്രധാന ആഘോഷ പരിപാടികൾ ആരംഭിക്കും. ഫ്ലവേഴ്സ് ടോപ് സിംഗേഴ്സ് ഫൈനലിലെ നൈറ്റിംഗേൽ ജേതാവ് ഗൗതമി പ്രശാന്ത് മുഖ്യാതിഥിയായിരിക്കും. വിവിധ മേഖലകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച വ്യക്തിത്വങ്ങളെ ചടങ്ങിൽ ആദരിക്കും.
റിയാലിറ്റി ഷോയിലെ ശ്രദ്ധേയരായ ഗൗതമി, ശ്രിയ, മെറിൽ എന്നിവർ ഒരേ വേദിയിൽ അണിനിരക്കുന്ന ടോപ് സിംഗേഴ്സ് മെഗാഷോ ലൈവ് സംഗീത വിരുന്ന് ഉച്ചക്ക് 2 മണി മുതൽ നടക്കും.റിഥമിക് മൂവ്സ്, ബീറ്റ്സ് ഓഫ് ബാഷ്, ടീം വൈബ് ക്രിയേറ്റേഴ്സ് എന്നീ പ്രമുഖ നൃത്ത ഗ്രൂപ്പുകളുടെ ക്ലാസിക്കൽ ഡാൻസ്, ഒപ്പന ഉൾപ്പെടെയുള്ള തനത് കലാപ്രകടനങ്ങളും അരങ്ങേറും. തുടർന്ന് പ്രശസ്ത ഗായകർ അണിനിരക്കുന്ന ആകർഷകമായ ഗാനമേളയും കനൽ നാടൻ പാട്ട് സംഘം ഒരുക്കുന്ന തനത് നാടൻപാട്ട് മേളയും സംഗീത രാവിന് കൊഴുപ്പേകും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഈ ആഘോഷത്തിലേക്ക് എല്ലാ കലാസ്വാദകരെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

