ഫുട്ബാളും വരയും ഒറ്റ കാൻവാസിലൊരുക്കാൻ കതാറ
text_fieldsദോഹ: ഫിഫ ലോകകപ്പിന് മുന്നോടിയായി നവംബർ-ഡിസംബറിലായി ഖത്തർ അറബ് കപ്പിന് വേദിയാവുേമ്പാൾ, കാൽപന്തുകളിയെയും കലയെയും ഒരു കാൻവാസിലാക്കി അപൂർവ വിരുന്നൊരുക്കാൻ ഒരുങ്ങുകയാണ് കതാറ കൾചറൽ വില്ലേജ് ഫൗണ്ടേഷൻ. ഫുട്ബാളിനെയും ഫൈൻ ആർട്സിനെയും സംയോജിപ്പിച്ച് ഒരു മാസം നീണ്ടുനിൽക്കുന്ന ഫുട്ബാൾ-ഫൈൻ ആർട്സ് പ്രദർശനത്തിനാണ് കതാറ തയാറെടുക്കുന്നത്. ഈ വർഷം നവംബർ 18 മുതൽ ഡിസംബർ 18 വരെയാണ് പ്രദർശനം.
ഇതാദ്യമായാണ് ഖത്തറിൽ ഫുട്ബാളിനെയും ഫൈൻ ആർട്സിനെയും യോജിപ്പിച്ചുകൊണ്ടുള്ള പ്രദർശനം വരുന്നത്. അവസാന അഞ്ച് ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറുകളിൽനിന്നുള്ള അവിസ്മരണീയ രംഗങ്ങളും കലാശപ്പോരാട്ടത്തിലെ വികാരപ്രകടനങ്ങളുമെല്ലാം പ്രദർശനത്തിലുണ്ടാകും. ഫൈനൽ ദിനത്തിലെ കളത്തിലെ രംഗങ്ങളോടൊപ്പം ഗാലറിയിലെ കണ്ണീരും ആഘോഷവുമെല്ലാം കാൻവാസിൽ പതിയും. പ്രാദേശിക-അന്തർദേശീയ തലങ്ങളിൽ പ്രതിഭ തെളിയിച്ച കലാകാരന്മാരാണ് പ്രദർശനത്തിനെത്തുന്നത്.
ലോകകപ്പ് ടൂർണമെൻറുകൾക്ക് വേദിയായ രാജ്യങ്ങളുടെയും നഗരങ്ങളുടെയും അവിടെയുള്ള നാഗരികതയും സംസ്കാരവുമെല്ലാം പ്രദർശനത്തിലുണ്ടാകും. കായികമേഖലയെയും കലയെയും സംയോജിപ്പിച്ചുകൊണ്ടുള്ള കതാറയുടെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. വരയും ലോകത്തിലെ ജനപ്രിയ കായികയിനവും ഒരേ കുടക്കീഴിലെത്തുമ്പോൾ ഫുട്ബാളിനെയും കലയെയും സ്നേഹിക്കുന്നവർക്ക് കതാറയൊരുക്കുന്നത് സുന്ദരമായ പ്രദർശനവിരുന്നായിരിക്കും.
നേരേത്ത നോവലിനെയും കലയെയും സംയോജിപ്പിച്ചുകൊണ്ട് വർഷംതോറും നടക്കുന്ന കതാറ കോമ്പിറ്റീഷൻ ഫോർ നോവൽ ആൻഡ് ഫൈൻ ആർട്ട് മത്സരത്തിനും കതാറ തുടക്കംകുറിച്ചിരുന്നു.
2022ൽ ഫിഫ ലോകകപ്പ് ഫുട്ബാളിന് ഖത്തർ ആതിഥ്യംവഹിക്കുന്ന സാഹചര്യത്തിൽ ഫുട്ബാളും ഫൈൻ ആർട്സും ഒരുമിപ്പിച്ചുകൊണ്ടുള്ള പ്രദർശനത്തിന് പ്രാധാന്യമേറെയായിരിക്കും. പ്രദർശനത്തിെൻറ ഭാഗമായി ഫുട്ബാളും ഫൈൻ ആർട്സും തമ്മിലുള്ള ബന്ധം പൊതുജനങ്ങളിലേക്കെത്തിക്കുന്നതിനുള്ള ശിൽപശാലകളും പൊതുജനങ്ങൾക്കായി സംഘടിപ്പിക്കുന്നുണ്ട്.
പ്രദർശനത്തിെൻറ പ്രമേയത്തിലൂന്നിയുള്ള സുവനീറുകളും സന്ദർശകർക്ക് സ്വന്തമാക്കാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

