പ്രകൃതിവാതക വിപണി പിടിക്കാൻ ഖത്തർ
text_fieldsകാനഡയിൽ നടക്കുന്ന എൽ.എൻ.ജി സമ്മേളനത്തിൽ ഖത്തർ എനർജി പവിലിയൻ സന്ദർശിക്കുന്ന ഊർജ സഹമന്ത്രി സഅദ് ഷെരീദ അൽ കഅബി, എൽ.എൻ.ജി സമ്മേളനത്തിൽ ഖത്തർ ഊർജ സഹമന്ത്രി സഅദ് ഷെരീദ അൽ കഅബി സംസാരിക്കുന്നു
ദോഹ: വരുന്ന ആറു വർഷത്തിനുള്ളിൽ അന്താരാഷ്ട്ര പ്രകൃതിവാതക വിപണിയുടെ വലിയൊരു പങ്കും സ്വന്തമാക്കുമെന്ന് ഖത്തർ ഊർജ സഹമന്ത്രിയും ഖത്തർ എനർജി സി.ഇ.ഒയുമായ സഅദ് ഷെരീദ അൽ കഅബി. കാനഡയിലെ വാൻകൂവറിൽ നടക്കുന്ന അന്താരാഷ്ട്ര എൽ.എൻ.ജി കോൺഫറൻസ് ആൻഡ് എക്സിബിഷന്റെ ലീഡര്ഷിപ് ഡയലോഗ് സെഷനിൽ പങ്കെടുത്തുകൊണ്ട് അദ്ദേഹം ഖത്തറിന്റെ പ്രകൃതിവാതക വിപണിയിലെ കുതിപ്പ് വെളിപ്പെടുത്തിയത്. 2029ല്‍ വിപണിയിലെത്തുന്ന 40 ശതമാനം ദ്രവീകൃത പ്രകൃതിവാതകം ഖത്തറില്നിന്നായിരിക്കും.
വിവിധ വികസന പദ്ധതികളിലൂടെ ഏറ്റവും വലിയ പ്രകൃതിവാതക വിപുലീകരണമാണ് ഖത്തര്‍ നടപ്പാക്കുന്നത്. നോര്‍ത്ത് ഫീല്‍ഡ് ഈസ്റ്റ്, സൗത്ത് പദ്ധതികള്‍ പൂര്‍ണതോതില്‍ എത്തുന്നതോടെ ഖത്തറിന്റെ ഉല്പാദനശേഷി പ്രതിവര്‍ഷം 126 മില്യണ്‍ ടണ്ണായി ഉയരും. ഏറ്റവും കാര്‍ബണ്‍ മലിനീകരണം കുറഞ്ഞ പെട്രോളിയം ഇന്ധനമാണ് ദ്രവീകൃത പ്രകൃതിവാതകം. വൈദ്യുതി ഉല്പാദന മേഖലയില്‍ ഉള്‍പ്പെടെ എൽ.എൻ.ജിയുടെ ആവശ്യകത കൂടിവരുകയാണെന്നും അദ്ദേഹം പറഞ്ഞു. 2875 കോടി ഡോളറിന്റെ പദ്ധതിയാണ് നോർത്ത് ഫീൽഡ് ഈസ്റ്റും സൗത്ത് ഫീൽഡ് ഈസ്റ്റുമായി നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തിൽ 77 മുതൽ 110 ദശലക്ഷം ടൺ വരെയും രണ്ടാം ഘട്ടത്തിൽ 110 മുതൽ 126 ദശലക്ഷം ടൺ വരെയായും ഉൽപാദനം വർധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വർഷം എട്ട് ഊർജ മേഖലയിലെ അന്താരാഷ്ട്ര കമ്പനികളുമായി ഖത്തർ എനർജി പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചിരുന്നു.
വൈദ്യുതി ഉൽപാദനത്തിനും വ്യവസായിക-ഉൽപാദന ഫാക്ടറികൾക്കും ഊർജം നൽകുന്ന ഏറ്റവും ശുദ്ധമായ ഫോസിൽ ഇന്ധനമായി പ്രകൃതിവാതകം എപ്പോഴും ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. യുക്രെയ്നുമായുള്ള യുദ്ധത്തെ തുടർന്ന് റഷ്യയിൽനിന്നുള്ള എണ്ണ-വാതക കയറ്റുമതി നിലച്ചപ്പോൾ, യൂറോപ്യൻ രാജ്യങ്ങൾ ഏറെയും ഖത്തർ ഉൾപ്പെടെ പുതിയ മേഖലകളെ കൂടുതൽ ആശ്രയിച്ചു. നേരത്തേ 40 ശതമാനവും റഷ്യയിൽനിന്നുള്ള വാതക കയറ്റുമതിയായിരുന്നു യൂറോപ്പിന്റെ ആശ്രയമെങ്കിൽ ഇപ്പോൾ ഖത്തറുമായി വിവിധ യൂറോപ്യൻ രാജ്യങ്ങൾ കരാറിൽ ഒപ്പുവെച്ചിരിക്കുകയാണ്. കഴിഞ്ഞ നവംബറിൽ ജർമനി 15 വർഷത്തേക്കാണ് ഖത്തറുമായി എൽ.എൻ.ജി കരാറിൽ ഒപ്പുവെച്ചത്.
ഓരോ മൂന്നു വര്‍ഷത്തിലുമാണ് ലോകത്തെ പ്രകൃതി വാതക കയറ്റുമതിക്കാരും ആവശ്യക്കാരും ഉൾപ്പെടുന്ന രാജ്യങ്ങൾ പങ്കെടുക്കുന്ന എൽ.എൻ.ജി കോണ്‍ഫറന്‍സും പ്രദര്‍ശനവും സംഘടിപ്പിക്കുന്നത്. 2026ല്‍ നടക്കുന്ന കോണ്‍ഫറന്‍സിന് ഖത്തറാണ് വേദി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

