കാർഷിക, ജൈവ ഉൽപാദനത്തിൽ സ്വയംപര്യാപ്തരാവാൻ ഖത്തർ
text_fieldsദോഹ: പച്ചക്കറി ഉൽപാദനത്തിൽ സ്വയംപര്യാപ്തത എന്ന ലക്ഷ്യവുമായി ഖത്തർ. ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതി 2030ന്റെ ഭാഗമായി അടുത്ത ആറു വർഷത്തിനുള്ളിൽ പ്രാദേശിക പച്ചക്കറി ഉൽപാദനം 55 ശതമാനമായി വർധിപ്പിക്കുന്നതിലൂടെ സ്വയംപര്യാപ്ത ഉറപ്പാക്കുകയാണ് ലക്ഷ്യം. കാർഷിക ഭൂമികളുടെ ഉൽപാദനക്ഷമത 50 ശതമാനം വർധിപ്പിക്കാനും ദേശീയ വിഷൻ വഴി പദ്ധതി ആവിഷ്കരിക്കും.
പച്ചക്കറി ഉൽപാദനത്തിനു പുറമെ ഇറച്ചി, മത്സ്യം ഉൾപ്പെടെ തദ്ദേശീയ വിപണിക്ക് ആവശ്യമായ വസ്തുക്കളും ആറു വർഷത്തിനുള്ളിൽ വലിയ തോതിൽ ഖത്തറിനുള്ളിൽതന്നെ ഉൽപാദിപ്പിക്കാനും ലക്ഷ്യമിടുന്നു.
ഇറച്ചി 30 ശതമാനവും, മത്സ്യം 80 ശതമാനവും പ്രാദേശികമായിത്തന്നെ ഉൽപാദിപ്പിക്കാനും പാൽ, പാലുൽപന്നങ്ങൾ, ഫ്രഷ് ചിക്കൻ എന്നിവയിൽ നൂറു ശതമാനം സ്വയം പര്യാപ്തതയും ഖത്തർ ഭക്ഷ്യ സുരക്ഷ പദ്ധതിയുടെ പ്രധാന ലക്ഷ്യമാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായുള്ള ഭക്ഷ്യോൽപാദന വളർച്ചയുടെ തുടർച്ചയായാണ് ഖത്തറിന്റെ പദ്ധതി. 2024ൽ 26 ദശലക്ഷം കിലോഗ്രാം പച്ചക്കറികളാണ് മഹാസീൽ കമ്പനി വിൽപന നടത്തിയത്. ആട്, ഒട്ടകം, പശു ഉൾപ്പെടെ കന്നുകാലികളുടെ എണ്ണം 14 ലക്ഷമായും ഉയർന്നു.
രാജ്യത്തുടനീളം 950ലധികം കാർഷിക ഉൽപാദന ഫാമുകൾ പ്രവർത്തിക്കുന്നുണ്ട്. മുനിസിപ്പാലിറ്റി മന്ത്രാലയത്തിനു കീഴിലെ കാർഷിക വിഭാഗം പ്രാദേശിക ഫാമുകളുടെ ഉൽപാദന ക്ഷമതയും ഗുണനിലവാരവും വർധിപ്പിക്കുന്നതിന് മികച്ച പിന്തുണയാണ് നൽകുന്നത്.
ഭക്ഷ്യസുരക്ഷാ നയം 2018 -2023 ഭാഗമായി രാജ്യത്തെ ഭക്ഷ്യസുരക്ഷാ സംവിധാനം വികസിപ്പിക്കുന്നതിന് ഗണ്യമായ പരിഗണനയാണ് നൽകിയിരുന്നത്. ഈ പദ്ധതിയിലൂടെയാണ് വിവിധ കാർഷിക, ജൈവ ഉൽപാദന മേഖലകളിൽ ഖത്തർ കുതിപ്പ് നടത്തിയത്. പ്രാദേശിക ഉൽപാദനം വർധിപ്പിക്കുന്നതിനൊപ്പം, ഇറക്കുമതിക്കായി വിവിധ കേന്ദ്രങ്ങൾ ആശ്രയിക്കുന്നതിലൂടെ അടിയന്തര സാഹചര്യങ്ങളും പ്രതിസന്ധികളും ബാധിക്കാതെ വിപണിയെ പിടിച്ചുനിർത്താനും സാധ്യമാവുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

