ഖത്തർ ത്രൂ യുവർ ലെൻസ്, ഖത്തറിനെ കാമറയിൽ പകർത്താം; കൈ നിറയെ സമ്മാനം നേടാം
text_fieldsദോഹ: കൈയിൽ ഒരു കാമറയോ സ്മാർട്ഫോണോ ഉണ്ടോ? എങ്കിൽ നാല് ലക്ഷം റിയാൽ വരെ സമ്മാനം നേടാൻ അവസരം. ഖത്തർ ട്രൂ യുവർ ലെൻസ് എന്ന പേരിൽ കണ്ടന്റ് ക്രിയേറ്റേഴ്സിനായി ഒരു വമ്പൻ മത്സരം ഒരുക്കിയിരിക്കുകയാണ് വിസിറ്റ് ഖത്തർ. നാല് ലക്ഷത്തോളം റിയാലിന്റെ സമ്മാനങ്ങൾ, അഥവാ ഒരു കോടിയോളം ഇന്ത്യൻ രൂപയാണ് വിജയികളെ കാത്തിരിക്കുന്നത്.
രാജ്യത്തിന്റെ സംസ്കാരം, ജീവിതശൈലി, അനുഭവങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്നതിനായാണ് മത്സരം സംഘടിപ്പിക്കുന്നത്. താമസക്കാർക്കും പൗരൻമാർക്കും മത്സരത്തിൽ പങ്കെടുക്കാം. ഒക്ടോബർ ഒന്നിന് ആരംഭിച്ച് ഡിസംബർ 15 വരെ മത്സരം നീണ്ടുനിൽക്കും, വിജയികളെ 2026 ജനുവരി ആദ്യവാരം പ്രഖ്യാപിക്കും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് വിഡിയോ, ഫോട്ടോ എന്നീ വിഭാഗങ്ങളിൽ എൻട്രികൾ സമർപ്പിക്കാം. 30 -60 സെക്കൻഡ് വരെയുള്ള ഷോർട്ട് വിഡിയോ അല്ലെങ്കിൽ ഖത്തറിന്റെ സവിശേഷ പ്രാധാന്യം എടുത്തുകാണിക്കുന്ന ഫോട്ടോകളും മത്സരത്തിനായി സമർപ്പിക്കാം.
കണ്ടന്റുകൾ QatarThroughYour Lens, ViewQatar എന്നീ ഹാഷ്ടാഗുകൾ ഉപയോഗിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് വിസിറ്റ് ഖത്തർ അക്കൗണ്ടിൽ ടാഗ് ചെയ്യുകയും വേണം. സമർപ്പിക്കുന്ന കണ്ടന്റുകൾ/ എൻട്രികൾ ഏതെങ്കിലും തരത്തിലുള്ള എ.ഐ എഡിറ്റിങ് പാടില്ല. ഒരാൾക്ക് ഒന്നിലധികം കണ്ടന്റുകളും പോസ്റ്റുചെയ്യാം. നാല് പ്രധാന തീമുകളിലാണ് കണ്ടന്റുകൾ ചിത്രീകരിക്കേണ്ടത്, ഖത്തർ ബൈ നൈറ്റ്, ബീച്ച് ആൻഡ് കോസ്റ്റൽ, ആർട്സ്, കൾച്ചർ ആൻഡ് ഹെറിറ്റേജ്, സ്പോർട്സ് ഇവന്റ്സ്, പാചകം. ലഭിക്കുന്ന കണ്ടന്റുകളിൽ വിഡിയോ, ഫോട്ടോ എന്നീ രണ്ട് വിഭാഗങ്ങളിലായി വിജയികളെ തിരഞ്ഞെടുക്കും.
സമ്മാന വൗച്ചറുകൾ അടക്കം മൊത്തം 4 ലക്ഷത്തോളം റിയാലിന്റെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. വിഡിയോ വിഭാഗത്തിൽ, ഒന്നാം സമ്മാനം ഒരു ലക്ഷം റിയാലും രണ്ടാം സ്ഥാനത്തിന് 50000 റിയാലും ലഭിക്കും. മൂന്നാം സ്ഥാനത്തിന് 30000, നാലാം സ്ഥാനത്തിന് 20000 അഞ്ചാം സ്ഥാനത്തിന് 10000 റിയാൽ എന്നിങ്ങനെയാണ് സമ്മാനങ്ങൾ.
ആറു മുതൽ പത്താം സ്ഥാനം വരെയുള്ള വിജയികൾക്ക് 3000 റിയാൽ വൗച്ചറുകളും സമ്മാനമായി ലഭിക്കും. ഫോട്ടോ വിഭാഗത്തിൽ ഒന്നാം സ്ഥാനക്കാർക്ക് 60,000 ഖത്തർ റിയാലാണ് സമ്മാനം. രണ്ടാം സ്ഥാനക്കാർക്ക് 40,000, മൂന്നാം സ്ഥാനക്കാർക്ക് 20,000, നാലാം സ്ഥാനക്കാർക്ക് 10,000, അഞ്ചാം സ്ഥാനക്കാർക്ക് 5000 റിയാലും ലഭിക്കും. ആറ് മുതൽ പത്താം സ്ഥാനം വരെയുള്ളവർക്ക് 3000 റിയാലിന്റെ വൗച്ചറുകളും ലഭിക്കും.
ഈ സമ്മാനങ്ങൾക്ക് പുറമേ, മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് ഗോപ്രോ, ഐഫോണുകൾ, സ്മാർട്ട് വാച്ചുകൾ തുടങ്ങിയവയും സമ്മാനമായി നൽകും. വിസിറ്റ് ഖത്തർ പരിപാടികളിലേക്കുള്ള എക്സ് ക്ലൂസിവ് ക്ഷണങ്ങൾ, അവാർഡ് ദാന ചടങ്ങിൽ അംഗീകാരം, വിസിറ്റ് ഖത്തറുമായുള്ള ഭാവി സഹകരണം എന്നിവക്കും അവസരമുണ്ട്.
വിസിറ്റ് ഖത്തർ പ്രതിനിധികളും തിരഞ്ഞെടുത്ത വിദഗ്ധരും ഉൾപ്പെടുന്ന ഒരു ജഡ്ജിങ് പാനൽ ആയിരിക്കും സമർപ്പണങ്ങൾ വിലയിരുത്തുക. ദൃശ്യ-സാങ്കേതിക നിലവാരം, വൈകാരിക സ്വാധീനം, തീമിന്റെ പ്രസക്തി, സർഗാത്മക ആശയം, മികച്ച കാപ്ഷൻ എന്നിവ ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയായിരിക്കും വിജയികളെ വിലയിരുത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

