ഖത്തറിൽ തണുപ്പ് കൂടുന്നു; കുറഞ്ഞ താപനില 14 ഡിഗ്രി
text_fieldsപ്രതീകാത്മക ചിത്രം
ദോഹ: വേനൽക്കാലം അവസാനിച്ച് ശൈത്യകാലത്തിലേക്ക് കടന്നതോടെ ഖത്തറിൽ തണുപ്പ് കൂടുന്നു. ഇന്നലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുറഞ്ഞ താപനില 14 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തി. തുറൈനയിലാണ് ഏറ്റവും കുറഞ്ഞ താപനില (14 ഡിഗ്രി) റിപ്പോർട്ട് ചെയ്തത്. അബൂസംറയിൽ 15 ഡിഗ്രിയും, മീസൈദ്, കരാനാ, മുഖൈനിസ്, ഷഹാനിയ എന്നിവിടങ്ങളിൽ 17 ഡിഗ്രിയുമാണ് രേഖപ്പെടുത്തിയത്. ജുമൈലിയ, അൽഖോർ, ഗുവൈരിയ എന്നിവിടങ്ങളിൽ 19 ഡിഗ്രിയും ദോഹയിൽ 20 ഡിഗ്രിയുമാണ് കുറഞ്ഞ താപനില.
മഴക്കാലമായ അൽ വസ്മ് സീസണിന്റെ ഭാഗമായുള്ള അൽ ഗഫ്ർ നക്ഷത്രം കഴിഞ്ഞ ബുധനാഴ്ച ഉദിച്ചിരുന്നു. പകൽ മിതമായ കാലാവസ്ഥയും രാത്രിയിൽ തണുപ്പും അനുഭവപ്പെടും. ഈ സീസണിൽ സാധാരണയായി മഴ ലഭിക്കാറുണ്ടെങ്കിലും കാര്യമായി ലഭിച്ചിട്ടില്ല.
മരുഭൂമിയിൽ ട്രഫിൾസ് എന്നറിയപ്പെടുന്ന ഒരു തരം കൂൺ വളരുന്നതും ഇക്കാലയളവിലാണ്. പുതിയ മരങ്ങളും ഈന്തപ്പന തൈകളും നടാനും ഗോതമ്പ്, ബാർലി എന്നിവ കൃഷി ചെയ്യാനും ഏറ്റവും അനുയോജ്യമായ സമയമാണിത്. തണുപ്പ് വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ വസ്ത്രങ്ങൾ ധരിക്കണമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

