ഖത്തർ സസ്റ്റൈനബിലിറ്റി വീക്; ബോധവത്കരണവുമായി ഐ.ബി.പി.സി
text_fieldsദോഹ: എർത്ത്ന സെന്റർ ഫോർ സസ്റ്റൈനബ്ൾ ഫ്യൂച്ചർ ഖത്തർ സസ്റ്റൈനബിലിറ്റി വീക്-25 (ക്യു.എസ്.ഡബ്ല്യു)ന്റെ ഭാഗമായി ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നു. പത്താം വർഷത്തിലേക്ക് കടക്കുന്ന ഖത്തർ സസ്റ്റൈനബിലിറ്റി വീക് പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന്റെയും ഖത്തർ ഫൗണ്ടേഷന്റെയും സഹകരണത്തോടെ എർത്ത്നയാണ് സംഘടിപ്പിക്കുന്നത്.
ഇതോടനുബന്ധിച്ച് നവംബർ ഒന്നു മുതൽ എട്ടുവരെ ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികളാണ് ഐ.ബി.പി.സി ഖത്തറിന്റെ നേതൃത്വത്തിൽ നടത്തുക. പരിസ്ഥിതി സുസ്ഥിരതയെ സംരക്ഷിക്കുന്നതിനായുള്ള സംരംഭങ്ങളും പ്രവർത്തനങ്ങളും മുന്നോട്ടുകൊണ്ടുപോകുന്നതിനായി ഖത്തറിലെ കമ്യൂണിറ്റികൾ, എൻ.ജി.ഒ കൂട്ടായ്മകൾ, സ്വകാര്യ മേഖലയുടെയും പങ്കാളിത്തം ഉറപ്പാക്കുമെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഇന്റർ സ്കൂൾ ഹാക്കത്തോൺ, ചെറുകിട, ഇടത്തരം ബിസിനസ് ഉടമകൾക്കായി പാനൽ ഡിസ്കഷൻ, ഐ.ബി.പി.സി മൺഡേ സ്പെഷൽ ബൈറ്റ്സ്, കണ്ടൽക്കാട് തൈ നടീൽ, ഇന്റർ -സ്കൂൾ ക്വിസ് മത്സരം, അനുമോദനം തുടങ്ങിയ പരിപാടികളാണ് ബോധവത്കരണങ്ങളുടെ ഭാഗമായി ഐ.ബി.പി.സി ഖത്തർ സുസ്ഥിരതാ ഫോറം സംഘടിപ്പിക്കുക.
കോർപറേറ്റ്, ബിസിനസ് മേഖലകളിൽ സുസ്ഥിരമായ രീതികൾ അവതരിപ്പിക്കുന്നതിൽ ഞങ്ങളുടെ പ്രതിബദ്ധത ഇതിലൂടെ ഉറപ്പാക്കുന്നുവെന്ന് ഐ.ബി.പി.സി പ്രസിഡന്റ് താഹാ മുഹമ്മദ് പറഞ്ഞു. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ പൊതുജനങ്ങളെ പങ്കെടുപ്പിച്ച് വിശാലമായ പ്രവർത്തനങ്ങൾ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖത്തറിലെ ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രവർത്തിക്കുന്ന അപെക്സ് ബോഡിയാണ് ഐ.ബി.പി.സി. ഖത്തറിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 10,000ൽ അധികം ബിസിനസ് സംരംഭകരുമായും ധനകാര്യം, എൻജിനീയറിങ്, ഊർജം, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിലെ 200,000ത്തിലധികം ഇന്ത്യൻ പ്രഫഷനലുകളുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.
വാർത്തസമ്മേളനത്തിൽ ഐ.ബി.പി.സി ഖത്തർ പ്രസിഡന്റ് താഹാ മുഹമ്മദ് അബ്ദുൾ കരീം, വൈസ് പ്രസിഡന്റുമാരായ അബ്ദുൽ സത്താർ, ഹിഷാം അബ്ദുൽ റഹീം, ഐ.ബി.പി.സി ഖത്തർ സസ്റ്റൈനബ്ൾ ഫോറം ലീഡ് ഡോ. മുഹമ്മദ് വാഷിദ്, ഐ.ബി.പി.സി ഐവൻ ലീഡ് -സ്പാർക് ഇനീഷ്യേറ്റിവ് ദിൽറാസ് കുന്നുമ്മൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

