സിറിയക്ക് കൈത്താങ്ങുമായി ഖത്തർ
text_fieldsഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയുടെ സഹായവുമായി ഖത്തറിലെത്തിയ ട്രക്കുകൾ, അവശ്യ സഹായ വസ്തുക്കൾ
ദോഹ: സിറിയയിലെ ദുരിതബാധിതർക്ക് ആശ്വാസത്തിന്റെ കൈത്താങ്ങുമായി ഖത്തർ. ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സിറിയയിലെ ഖത്തർ എംബസിയുടെയും സിറിയൻ അറബ് റെഡ് ക്രസന്റിന്റെയും സഹകരണത്തോടെ സിറിയയിലേക്ക് ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ അടക്കമുള്ള ആവശ്യ വസ്തുക്കൾ അടങ്ങിയ സഹായം എത്തിച്ചു.
മെഡിക്കൽ, ഭക്ഷ്യവസ്തുക്കൾ, മറ്റു അടിയന്തര ആവശ്യങ്ങൾ എന്നിവയടങ്ങിയ ശേഖരവുമായി 34 ടൺ സഹായം എട്ട് വലിയ ട്രക്കുകളിലായാണ് എത്തിച്ചത്. ഏകദേശം 4.2 ദശലക്ഷം ഖത്തർ റിയാൽ മൂല്യം കണക്കാക്കുന്ന വസ്തുക്കളാണിത്. ഈ മാസം ആദ്യം ദോഹയിൽ നിന്ന് പുറപ്പെട്ട വാഹനവ്യൂഹം സൗദി അറേബ്യ, ജോർഡൻ എന്നീ രാജ്യങ്ങൾ കടന്നാണ് കഴിഞ്ഞദിവസം സിറിയൻ തലസ്ഥാനമായ ദമസ്കസിലെത്തിയത്. സിറിയയിലെ ആരോഗ്യ കേന്ദ്രങ്ങൾക്കുള്ള അത്യാധുനിക ഉപകരണങ്ങൾ, ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങൾ, ചികിത്സാ ആവശ്യങ്ങൾക്കുള്ള മെഡിക്കൽ സാമഗ്രികൾ, ആന്റിബയോട്ടിക്കുകൾ, വേദനസംഹാരികൾ, മറ്റു മരുന്നുകൾ എന്നിവയുൾപ്പെടെ 30,000ത്തിലധികം യൂനിറ്റ് അവശ്യ മരുന്നുകളും മാതൃ-ശിശു ആരോഗ്യ സംരക്ഷണത്തിനുള്ള വസ്തുക്കളും ഇതിൽ ഉൾപ്പെടുന്നു.
കൂടാതെ, പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമായി 65,000ത്തിലധികം ശൈത്യകാല വസ്ത്രങ്ങൾ, അവശ്യ ഭക്ഷ്യസാധനങ്ങൾ, മറ്റ് സാമഗ്രികൾ എന്നിവയുമടങ്ങിയ സഹായമാണ് എത്തിച്ചത്. സിറിയൻ അറബ് റെഡ് ക്രസന്റ് സഹായങ്ങൾ ഏറ്റുവാങ്ങി അർഹരായ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

