അഭയാർഥി സ്പോർട്സിന് പിന്തുണയുമായി ഖത്തർ
text_fieldsസ്വിറ്റ്സർലൻഡിൽ നടന്ന റെഫ്യൂജി ഒളിമ്പിക് ഫൗണ്ടേഷൻ വാർഷിക യോഗത്തിൽ ഖത്തർ ഒളിമ്പിക് കമ്മിറ്റി അധ്യക്ഷൻ ശൈഖ് ജുആൻ ബിൻ ഹമദ് ആൽ ഥാനി പങ്കെടുക്കുന്നു
ദോഹ: യുദ്ധവും ആഭ്യന്തര സംഘർഷങ്ങളും പ്രകൃതി ദുരന്തങ്ങളും ജീവിതം തകർത്തപ്പോഴും സ്പോർട്സിനെ കൈവിടാതെ കളത്തിൽ പോരാടി ജയിക്കുന്ന അഭയാർഥി കായിക താരങ്ങൾക്കുള്ള പിന്തുണ ആവർത്തിച്ച് ഖത്തർ.സ്വിറ്റ്സർലൻഡിലെ ലോസന്ന ഒളിമ്പിക് ഹൗസിൽ ചേർന്ന് റെഫ്യൂജി ഒളിമ്പിക് ഫൗണ്ടേഷൻ വാർഷിക പൊതുയോഗത്തിൽ പങ്കെടുത്തുകൊണ്ടാണ് സമാധാനത്തിനും സാമൂഹിക ഐക്യത്തിനും സ്പോർട്സിനെ പ്രധാന ഉപാധിയാക്കി ശക്തിപ്പെടുത്താനുള്ള ഖത്തറിന്റെ പ്രതിബദ്ധതയെ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റും ഒ.ആർ.എഫ് അംഗവുമായു ശൈഖ് ജുആൻ ബിൻ ഹമദ് ആൽ ഥാനി വ്യക്തമാക്കിയത്.
ലോകമെമ്പാടും സ്പോർട്സിന്റെ മാനുഷിക സ്വാധീനം വിശാലമാക്കുന്നതിൽ ഒളിമ്പിക് പങ്കാളിത്തത്തിന്റെ പ്രാധാന്യം അദ്ദേഹം വ്യക്തമാക്കി.അഭയാർഥികളായ കുട്ടികൾക്കും യുവാക്കൾക്കും കായിക ജീവിതം ഉറപ്പാക്കാനും, സമൂഹവുമായി ചേർന്ന് അവർക്ക് സുരക്ഷിത ജീവിതമൊരുക്കാനും അന്താരാഷ്ട്ര പങ്കാളികളുമായുള്ള സഹകരണം ഖത്തർ വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അധ്യക്ഷൻ ഡോ. തോമസ് ബാഹ് യോഗത്തിൽ പങ്കെടുത്തു. അഭയാർഥി സ്പോർട്സിലെ ഖത്തറിലെ സജീവമായ പങ്കാളിത്തം ശൈഖ് ജുആൻ വിശദീകരിച്ചു. ടോക്യോ ഒളിമ്പിക്സിന് മുന്നോടിയായി റെഫ്യൂജി ഒളിമ്പിക് ടീമിന് പരിശീലന സൗകര്യമൊരുക്കിയതും, ഫലസ്തീൻ, അഫ്ഗാൻ സംഘങ്ങൾക്ക് പരിശീലനം നലകിയതും അദ്ദേഹം ചൂണ്ടിക്കാട്ടി.ഖത്തർ ഭരണകൂടത്തിന്റെ പിന്തുണയിൽ റെഫ്യൂജി സ്പോർട്സുമായി സഹകരിച്ച് 10 രാജ്യങ്ങളിൽ ആയിരക്കണക്കിന് യുവതാരങ്ങൾക്കാണ് കായിക സൗകര്യങ്ങൾ ഒരുക്കുന്നത്. പുതുജീവിതം കെട്ടിപ്പടുക്കാനും, സ്വപ്നങ്ങളിലേക്ക് വളരാനും അവർക്ക് പ്രാപ്തി നൽകുന്നതുമാണ് ഖത്തറിന്റെ ഇടപെടലുകളെന്ന് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

