മിസൈൽ ആക്രമണം; പ്രതിരോധിച്ച് ഖത്തർ
text_fieldsദോഹ: അൽ ഉദൈ് അമേരിക്കൻ വ്യോമതാവളത്തെ ലക്ഷ്യമാക്കി നടന്ന ഇറാന്റെ മിസൈൽ ആക്രമണങ്ങളെ ശക്തമായ മിസൈൽ വേധ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് വിജയകരമായി തടഞ്ഞ് ഖത്തർ. തിങ്കളാഴ്ച വൈകുന്നേരം സ്വദേശികളെയും താമസക്കാരെയും ആശങ്കയിലാഴ്ത്തി ഇറാനിൽ നിന്നും തൊടുത്തുവിട്ട മിസൈലുകൾ ആകാശത്ത് വെളിച്ചമായി പ്രത്യക്ഷപ്പെട്ടപ്പോൾ, കരുത്തുറ്റ വ്യോമപ്രതിരോധ സംവിധാനങ്ങളും പ്രവർത്തന ക്ഷമമായി.ഖത്തർ പ്രതിരോധ സേന ആവശ്യമായ ജാഗ്രതയും മുൻകരുതലുകളും സ്വീകരിച്ചായിരുന്നു മിസൈൽ ആക്രമണം നേരിട്ടത്.
ആക്രമണ മുന്നറിയിപ്പിനു പിന്നാലെ വൈകീട്ട് 6.45ഓടെ വ്യോമപാത താൽകാലികമായി അടക്കുന്നതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. തുടർന്നാണ് മിസൈലുകൾ ഖത്തറിന്റെ അന്തരീക്ഷത്തിൽ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത് കാണപ്പെട്ടത്. മിസൈൽ ആക്രമണങ്ങളെ ഖത്തർ പ്രതിരോധസേന വിജയകരമായി തടഞ്ഞു.
സംഭവത്തിൽ ആളപായമോ പരിക്കോ ഉണ്ടായിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയവും, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ഡോ. മാജിദ് അൽ അൻസാരിയും അറിയിച്ചു. ബേസിലെ ഖത്തർ സൈനികർ, സഖ്യസേനാംഗങ്ങൾ, ജീവനക്കാർ ഉൾപ്പെടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിരുന്നു.
ഖത്തർ സുരക്ഷിതമാണ്, ഏത് വിധത്തിലുള്ള ഭീഷണിയെയും നേരിടാൻ ഖത്തർ പ്രതിരോധ സേന സജ്ജമാണെന്നും മന്ത്രാലയം ആവർത്തിച്ചു. പൗരന്മാരും താമസക്കാരും ആശങ്കപ്പെടേണ്ടതില്ലെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ സ്വീകരിക്കണമെന്നും മന്ത്രാലയം ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

