ഫലസ്തീനികൾക്കെതിരായ ഇസ്രായേൽ കുറ്റകൃത്യങ്ങൾ ചരിത്രം മറക്കില്ലെന്ന് ഖത്തർ
text_fieldsദോഹ: ഗസ്സയിലെ ഫലസ്തീൻ ജനതക്കെതിരായ കുറ്റകൃത്യങ്ങൾ നടത്തുന്നവരെയും അവരെ പിന്തുണക്കുന്നവരെയും അതിനെതിരെ കണ്ണടക്കുന്നവരെയും ചരിത്രം മറക്കുകയോ മാപ്പുനൽകുകയോ ചെയ്യില്ലെന്ന മുന്നറിയിപ്പുമായി ഖത്തർ.
ന്യായവും ശാശ്വതവുമായ സമാധാനത്തിനുള്ള സാധ്യതകളെ ഇല്ലാതാക്കി ഫലസ്തീൻ പ്രദേശങ്ങളിൽ ഇസ്രായേൽ കൂട്ടക്കൊലകളും നശീകരണവും ശക്തമായി തുടരുകയാണെന്നും ജനീവയിലെ യു.എൻ കാര്യാലയത്തിലെ ഖത്തർ സ്ഥിരം പ്രതിനിധി ഹിന്ദ് അബ്ദുറഹ്മാൻ അൽ മുഫ്ത പറഞ്ഞു.ഫലസ്തീനിലെ സാധാരണക്കാർക്ക് നേരെയുള്ള ആക്രമണം അവരെ പട്ടിണിയിലേക്കാണ് തള്ളിയിടുന്നത്.
മാനുഷികത ഏറെ അനിവാര്യമായ സാഹചര്യമാണുള്ളത്. ഉപരോധത്തിലൂടെ പട്ടിണിക്കിടുന്നത് ഹീനമായ കുറ്റകൃത്യമാണ് -ഹിന്ദ് അൽ മുഫ്ത കൂട്ടിച്ചേർത്തു.ഗസ്സയിലെ സമ്പൂർണ ഉപരോധവും സഹായവിതരണം തടസ്സപ്പെട്ടതും കാരണം 22 ലക്ഷത്തോളം ഫലസ്തീനികൾ പട്ടിണിയിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പോഷകാഹാരക്കുറവും നിർജലീകരണവും കാരണം 16 കുട്ടികൾ ഇതിനോടകം മരണത്തിന് കീഴടങ്ങിയതായി ഫലസ്തീൻ മെഡിക്കൽ വൃത്തങ്ങളും പുറത്തുവിട്ടിട്ടുണ്ട്.കേവലമായ അപലപനത്തിനപ്പുറം ഇസ്രായേലിനെതിരെ കടുത്ത നടപടികളിലേക്ക് നീങ്ങാൻ അന്താരാഷ്ട്ര സമൂഹം തയാറാകണമെന്ന് അൽ മുഫ്ത അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

