ഒരുങ്ങി ഖത്തർ സ്ക്വാഡ്; അന്നാബി സംഘത്തിൽ 12 താരങ്ങൾ കന്നി ലോകകപ്പ് അരങ്ങേറ്റത്തിന്
text_fieldsഅമേരിക്കയിലെ സാന്താ ബാർബയിൽ അവസാനഘട്ട പരിശീലനത്തിലേർപ്പെട്ട ഖത്തരി താരങ്ങൾ
ദോഹ: ലോകം ഒരു ഫുട്ബാളിലേക്ക് ചുരുങ്ങാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ, അമേരിക്ക, കാനഡ, മെക്സിക്കോ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വമരുളുന്ന ഫിഫ ലോകകപ്പിനായി ടീമുകൾ കച്ചകെട്ടികഴിഞ്ഞു. ജൂൺ 11 മുതൽ ആരംഭിക്കുന്ന ലോകകപ്പ് മത്സരങ്ങൾങ്ങൾക്കുള്ള ഒരുക്കങ്ങളുമായി ഖത്തർ ദേശീയ ടീമിന്റെ തയാറെടുപ്പുകളും തകൃതിയാണ്. ഇത്തവണ അന്നാബികൾ കളത്തിലിറങ്ങുമ്പോൾ, 12 യുവതാരങ്ങൾ തങ്ങളുടെ കന്നി ലോകകപ്പ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നു എന്ന പ്രത്യേകതയുമുണ്ട്.
2022ൽ ആതിഥേയരായി ആദ്യ ലോകകപ്പ് കളിച്ച ഖത്തർ ടീമിൽ ഇല്ലാത്തവരാണ് ഈ 12 പേർ. മലയാളിയായ തഹ്സിൻ മുഹമ്മദും ലോകകപ്പ് സംഘത്തിൽ ഇടംപിടിച്ചിട്ടുണ്ട്. അനുഭവസമ്പന്നരായ മുതിർന്ന താരങ്ങൾക്കൊപ്പം യുവതലമുറയിലെ മികച്ച പ്രതിഭകളെയും ഉൾപ്പെടുത്തി ടീമിനെ കൂടുതൽ കരുത്തുറ്റതാക്കുക എന്ന തന്ത്രമാണ് മുഖ്യ പരിശീലകൻ ജൂലൻ ലോപ്റ്റെഗി സ്വീകരിച്ചിരിക്കുന്നത്.
ഗോൾകീപ്പർമാരായ സലാഹ് സക്കരിയ, മുഹമ്മദ് അബുനാദ എന്നിവർക്ക് പുറമെ അഹമ്മദ് അൽ ജനാഹി, അഹമ്മദ് ഫത്ഹി, എഡ്മിൽസൺ ജൂനിയർ, അൽ ഹാഷ്മി അൽ ഹുസൈൻ, അയൂബ് അൽ അലവി, സുൽത്താൻ അൽ ബ്രേക്ക്, ഈസ ലായെ, മുഹമ്മദ് മനായ്, യൂസഫ് അബ്ദുരിസാഗ് എന്നിവരാണ് മറ്റ് പുതുമുഖങ്ങൾ. ടീമിന്റെ പരിശീലകൻ ജൂലൻ ലോപ്റ്റെഗി യുവ തലമുറയിലെ പ്രതിഭകളിൽ വിശ്വാസം അർപ്പിച്ചതിന്റെ തെളിവാണ് ഈ ജെൻസി പങ്കാളിത്തം. ഏഷ്യൻ പ്ലേ ഓഫ് ഘട്ടത്തിലൂടെ ഖത്തർ ലോകകപ്പ് യോഗ്യത നേടിയപ്പോൾ ഈ യുവ കളിക്കാർ നിർണായക പങ്കുവഹിച്ചു. കൂടാതെ, 2023ലെ ഏഷ്യ കപ്പിലെ ഖത്തറിന്റെ വിജയത്തിന്റെ പിന്നിലും ഈ പ്രതിഭകളുടെ മികവുണ്ട്.
ക്യാപ്റ്റൻ ഹസ്സൻ അൽ ഹൈദോസ്, അക്രം അഫീഫ്, അൽമുഇസ് അലി തുടങ്ങി അന്താരാഷ്ട്ര മത്സരങ്ങളിൽ പരിചയസമ്പന്നരായ കളിക്കാർക്കൊപ്പം യുവ പ്രതിഭകൾ കൂടി ചേരുമ്പോൾ ടീമിന് കൂടുതൽ ഊർജവും വൈവിധ്യവും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ അമേരിക്കയിൽ അവസാനഘട്ട പരിശീലന ക്യാമ്പിലാണ് ഖത്തർ ടീമുള്ളത്. ജൂൺ ആറിന് ലോസ് ഏഞ്ചൽസിൽ എൽ സാൽവഡോറിനെതിരെയുള്ള സൗഹൃദ മത്സരത്തോടെ ഖത്തർ തങ്ങളുടെ തയാറെടുപ്പുകൾ പൂർത്തിയാക്കും. ലോകകപ്പിൽ ഗ്രൂപ്പ് ബിയിലുള്ള ഖത്തർ ജൂൺ 13ന് സ്വിറ്റ്സർലൻഡിനെതിരെ ആദ്യ മത്സരത്തിന് ഇറങ്ങും. ജൂൺ 18ന് കാനഡ, ജൂൺ 24ന് ബോസ്നിയ ആൻഡ് ഹെർസഗോവിന എന്നിവർക്കെതിരെയുള്ള മത്സരത്തോടെ ഗ്രൂപ്പ് ഘട്ടം പൂർത്തിയാക്കും. 48 ടീമുകൾ പങ്കെടുക്കുന്ന ഇത്തവണത്തെ ലോകകപ്പിൽ ആദ്യ നോക്കൗട്ട് ഘട്ടത്തിലേക്ക് 32 ടീമുകൾക്ക് യോഗ്യത ലഭിക്കും. ശക്തരായ എതിരാളികളുള്ള ഗ്രൂപ്പിൽ മികച്ച പ്രകടനത്തോടെ അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടുക എന്നതാണ് ഖത്തറിന്റെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

