ഖത്തർ കായിക ദിനം; ആഘോഷത്തിൽ പങ്കുചേർന്ന് അമീർ
text_fieldsദോഹ: കായികക്ഷമതയിലൂടെ ആരോഗ്യകരമായ ജീവിതം എന്ന സന്ദേശവുമായി നടക്കുന്ന ഖത്തർ ദേശീയ കായിക ദിനാഘോഷങ്ങളിൽ പങ്കുചേർന്ന് ഖത്തർ അമീർ. ചൊവ്വാഴ്ച റാസ് അബ്രൂക് റിസോർട്ടിൽ നടന്ന ദേശീയ കായിക ദിനപരിപാടികളിലാണ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും പങ്കെടുത്തത്.
ഖത്തർ പാഡെൽ ജൂനിയർ ടീം അംഗങ്ങൾ, ദുഖാൻ പ്രൈമറി ബോയ്സ് സ്കൂൾ വിദ്യാർഥികൾ എന്നിവർക്കൊപ്പം പാഡെൽ കളിച്ചും കുട്ടികൾക്ക് പ്രോത്സാഹനം നൽകിയും അമീർ പങ്കുചേർന്നു.
ഫെബ്രുവരിയിലെ രണ്ടാം വാരത്തിലെ ചൊവ്വാഴ്ചയാണ് ഖത്തർ കായിക ദിനമായി ആഘോഷിക്കുന്നത്. ‘ഒരിക്കലും വൈകരുത്’ എന്ന പ്രമേയത്തിൽ നടക്കുന്ന ഇത്തവണ കായിക ദിനാഘോഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വിവിധ പരിപാടികളാൽ സജീവമാണ്.
ഖത്തർ ഒളിമ്പിക് കമ്മിറ്റി നേതൃത്വത്തിൽ ലുസൈലിൽ നടന്ന ഹാഫ് മാരത്തണിൽ സ്വദേശികളും പ്രവാസികളും ഉൾപ്പെടെ ആയിരണങ്ങൾ അണിനിരന്നു. എജുക്കേഷൻ സിറ്റി, ആസ്പയർ സോൺ, കതാറ, പേൾ ഖത്തർ, അൽ ബിദ്ദ പാർക്ക്, അൽ ഖോർ, അൽ വക്റ, ഏഷ്യൻ ടൗൺ തുടങ്ങി വിവിധ ഇടങ്ങളിലായി ദേശീയ കായിക ദിന പരിപാടികൾ സജീവമായി തുടരുന്നു.
ഖത്തർ കെ.എം.സി.സി, എക്സ്പാറ്റ് സ്പോർട്സ്, ഇൻകാസ്, ഡോം ഖത്തർ ഉൾപ്പെടെ പ്രവാസി കമ്യുണിറ്റി സംഘടനകളും സ്പോർട്സ് പരിപാടികളുമായി ആഘോഷത്തിൽ പങ്കുചേരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

