ഇറാഖിന്റെ വ്യാപാര ഇടനാഴി; കരാറിൽ ഒപ്പുവെച്ച് ഖത്തർ
text_fieldsബഗ്ദാദിൽ നടന്ന ചടങ്ങിൽ തുർക്കിയ പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ ഖത്തർ ഗതാഗത മന്ത്രി ജാസിം ബിൻസൈഫ് അൽ സുലൈതി കരാറിൽ ഒപ്പുവെക്കുന്നു
ദോഹ: ഇറാഖിലെ തുറമുഖ നഗരമായ അൽഫാവിനെ യൂറോപ്പും ഏഷ്യയുമായി ബന്ധിപ്പിക്കുന്ന റോഡ് നിർമാണ കരാറിൽ ഒപ്പുവെച്ച് ഖത്തർ. യു.എ.ഇ, തുർക്കിയ, ഖത്തർ രാജ്യങ്ങളുടെ പങ്കാളിത്തത്തോടെയാണ് 1700 കോടി ഡോളർ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ധാരണപത്രത്തിൽ ഒപ്പുവെച്ചത്. കുവൈത്തിനും ഇറാനുമിടയിലായി അറേബ്യൻ ഉൾക്കടലിലേക്ക് ഇറങ്ങിനിൽക്കുന്ന അൽഫാവ് തുറമുഖത്തിന്റെ വാണിജ്യ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായ വൻ നവീകരണ പദ്ധതികൾക്കാണ് ഇറാഖ് തുടക്കം കുറിച്ചത്. മേഖലയിലെ തന്ത്രപ്രധാനമായ തുറമുഖത്തുനിന്ന് ചരക്കുകൾ ഏഷ്യയിലെ വിവിധ രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കും റോഡുമാർഗം എത്തിക്കുകയാണ് ‘അൽഫാവ് റോഡ് പ്രോജക്ട് ലക്ഷ്യമിടുന്നത്. ഇറാഖിനകത്ത് മാത്രമായി 1200 കിലോമീറ്റർ ദൈർഘ്യമേറിയ റോഡ് റെയിൽ നിർമാണമാണ് ഇതുവഴി പൂർത്തിയാക്കുന്നത്. ഇറാഖിൽനിന്ന് തുർക്കിയയിലേക്കാണ് റോഡ് നീണ്ടുകിടക്കുന്നത്.
തുറമുഖത്തുനിന്ന് ചരക്കുകൾ കരമാർഗം വേഗത്തിൽ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കുന്ന പദ്ധതി മേഖലയുടെതന്നെ സാമ്പത്തിക കുതിപ്പിൽ നിർണായകമാകും. മൂന്നു ഘട്ടങ്ങളിലായി നിർമാണം പൂർത്തിയാക്കാനാണ് പദ്ധതി. ആദ്യഘട്ടം 2028ലും രണ്ടാം ഘട്ടം 2033ലും 2050ലുമായി പൂർത്തിയാക്കും. ബഗ്ദാദിൽ നടന്ന കരാർ ഒപ്പുവെക്കൽ ചടങ്ങിൽ ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിഅ അൽ സുദാനി, തുർക്കിയ പ്രസിഡൻറ് റജഫ് ത്വയിബ് ഉർദുഗാൻ എന്നിവർ പങ്കെടുത്തു. ഖത്തർ ഗതാഗത മന്ത്രി ജാസിം ബിൻസൈഫ് അൽ സുലൈതി, യു.എ.ഇ ഊർജ-അടിസ്ഥാന സൗകര്യവിഭാഗം മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്റൂഇ, തുർക്കിയ, ഇറാഖ് ഗതാഗത മന്ത്രിമാർ എന്നിവർ ഒപ്പുവെച്ചു. നാലു രാജ്യങ്ങളുടെയും സംയുക്ത പദ്ധതിയായാണ് നിർമാണം നടക്കുന്നത്.
അറേബ്യൻ ഉൾക്കടലിലെ അൽഫാവ് തുറമുഖം
കിഴക്കിനെ പടിഞ്ഞാറുമായി ബന്ധിപ്പിച്ച്, അറേബ്യൻ ഉൾക്കടൽവഴിയുള്ള അന്താരാഷ്ട്ര ചരക്കുനീക്കം വർധിപ്പിക്കുകയും യൂറോപ്പിലേക്കുള്ള വാണിജ്യ ഇടനാഴി തുറക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അൽഫാവ് തുറമുഖ ഇടനാഴി യാഥാർഥ്യമാകുന്നതോടെ ഇറാഖ് പ്രധാന വ്യാപാരകേന്ദ്രമായി മാറുകയും രാജ്യത്തിന് സാമ്പത്തിക കരുത്തായി മാറുകയും ചെയ്യും. രാജ്യത്തിന്റെ പ്രധാന വരുമാനമായ എണ്ണ കയറ്റുമതിക്കും പദ്ധതി പ്രധാനമായി മാറും. 1950 മുതൽ ഇറാഖ്, തുർക്കിയ, സിറിയ രാജ്യങ്ങൾ സ്ഥാപിച്ച ശക്തമായ വ്യാപാരപാതയായിരുന്നു ഈ രാജ്യങ്ങളുടെ കരുത്ത്. എന്നാൽ, 1991 ഗൾഫ് യുദ്ധത്തിൽ കേടുപാടുകൾ സംഭവിക്കുകയും 2003ൽ അമേരിക്കൻ അധിനിവേശത്തിൽ പൂർണമായി നശിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

