സാങ്കേതിക മേഖലയിൽ തന്ത്രപ്രധാന സഹകരണം; ‘പാക്സ് സിലിക്ക’ സഖ്യത്തിൽ ഖത്തർ ഒപ്പുവെച്ചു
text_fieldsദോഹ: ആധുനിക സാങ്കേതികവിദ്യ, വിതരണ ശൃംഖല, സുരക്ഷ എന്നിവയിൽ ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നതിനായി ഖത്തറും അമേരിക്കയും ‘പാക്സ് സിലിക്ക’ പ്രഖ്യാപന കരാറിൽ ഒപ്പുവെച്ചു. ആഗോള സാമ്പത്തിക സ്ഥിരതയും സുരക്ഷയും ലക്ഷ്യമിട്ടുള്ള ഈ തന്ത്രപ്രധാന നീക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ദൃഢമാക്കും. ഖത്തറിന് വേണ്ടി വിദേശ വ്യാപാരകാര്യ സഹമന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സയീദും അമേരിക്കക്കു വേണ്ടി സാമ്പത്തിക കാര്യ അണ്ടർ സെക്രട്ടറി ജേക്കബ് ഹെൽബെർഗുമാണ് കരാറിൽ ഒപ്പുവെച്ചത്.
സുരക്ഷിതവും വിശ്വസനീയവുമായ സാങ്കേതിക വിതരണ ശൃംഖലകൾ ഉറപ്പാക്കുന്നതിനും നിർണായക വിഭവങ്ങൾ സംരക്ഷിക്കുന്നതിനും ആഗോള വിതരണ ശൃംഖലകളുടെ പ്രതിരോധശേഷിയും സുസ്ഥിരതയും ഉറപ്പാക്കുന്നതിനുമുള്ള ഇരു രാജ്യങ്ങളുടെയും സന്നദ്ധതയും ഇതിലൂടെ ഉറപ്പാക്കും. സെമി കണ്ടക്ടറുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളുടെ സുരക്ഷിതമായ വിതരണ ശൃംഖല ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യം.
ഖത്തർ നാഷനൽ വിഷൻ 2030, മൂന്നാമത് നാഷനൽ ഡെവലപ്മെന്റ് സ്ട്രാറ്റജി (2024-2030) എന്നിവക്ക് അനുസൃതമായി രാജ്യത്തെ ഒരു പ്രാദേശിക -അന്തർദേശീയ സാങ്കേതിക ഹബ്ബാക്കി മാറ്റാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സെമികണ്ടക്ടർ, അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ്, സൈബർ സുരക്ഷ എന്നീ മേഖലകളിൽ അന്താരാഷ്ട്ര പങ്കാളിത്തം വ്യാപിപ്പിക്കാൻ ഇതിലൂടെ ഖത്തറിനെ സാധിക്കും. അതുവഴി രാജ്യത്തിന്റെ സാങ്കേതിക രംഗത്തെ കഴിവുകൾ വികസിപ്പിച്ച് സാമ്പത്തിക വൈവിധ്യവൽക്കരണ ലക്ഷ്യം കൈവരിക്കാം.
‘പരസ്പര വിശ്വാസത്തിലും താൽപര്യങ്ങളിലും അധിഷ്ഠിതമായി ഖത്തർ-യു.എസ് ബന്ധത്തിലെ പുതിയൊരു നാഴികക്കല്ലാണിതെന്ന്’ പാക്സ് സിലിക്ക സഖ്യത്തിൽ ഒപ്പുവെച്ച് ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സയീദ് പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വളർച്ചയെ തുടർന്നുണ്ടായ ആഗോള മാറ്റങ്ങൾക്കിടയിൽ, സാങ്കേതിക മേഖലയിലെ സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും വർധിപ്പിക്കാൻ ഇത്തരം പങ്കാളിത്തങ്ങൾ അനിവാര്യമാണ്. അമേരിക്കൻ കമ്പനികൾ ഖത്തറിൽ ആരംഭിച്ച ക്ലൗഡ് കമ്പ്യൂട്ടിങ് സെന്ററുകൾ രാജ്യത്തെ മികച്ച ഡിജിറ്റൽ ഹബ്ബാക്കി മാറ്റുന്നതിൽ വലിയ പങ്ക് വഹിച്ചു. ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, വ്യവസായങ്ങൾ, ഗവേഷണ -നവീകരണ സംരംഭങ്ങൾ എന്നിവയുൾപ്പെടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനായി ഖത്തർ നിക്ഷേപം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാക്സ് സിലിക്ക പ്രഖ്യാപനത്തിൽ ഖത്തർ അംഗമായതിനെ സ്വാഗതം ചെയ്ത അമേരിക്കൻ അണ്ടർ സെക്രട്ടറി ജേക്കബ് ഹെൽബെർഗ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ സുപ്രധാന നിമിഷമാണിതെന്ന് കൂട്ടിച്ചേർത്തു. ഇരുപതാം നൂറ്റാണ്ട് എണ്ണയെ അടിസ്ഥാനമാക്കിയായിരുന്നെങ്കിൽ, 21ാം നൂറ്റാണ്ട് കമ്പ്യൂട്ടിങ് കരുത്തിനെയും ധാതുക്കളെയും അടിസ്ഥാനമാക്കിയുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എണ്ണയെ അടിസ്ഥാനമാക്കിയുള്ള സമ്പദ്‌വ്യവസ്ഥയിൽ നിന്ന് സാങ്കേതിക നവീകരണത്തിലേക്കും 'സിലിക്കൺ നയതന്ത്രത്തിലേക്കും' മേഖല മാറുന്നതിന്റെ തെളിവാണ് ഈ സംരംഭം. ഈ സഹകരണത്തിന് കീഴിൽ, നിർണായക ധാതു സുരക്ഷാ സംരംഭങ്ങൾ, ആഗോള ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം എന്നിവയുൾപ്പെടെയുള്ള തന്ത്രപരമായ നിക്ഷേപങ്ങളിൽ അമേരിക്കയും ഖത്തറും ഒരുമിച്ച് പ്രവർത്തിക്കും.
എന്താണ് പാക്സ് സിലിക്ക ?
യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലുള്ള ഒരു അന്താരാഷ്ട്ര സംരംഭമാണ് 'പാക്സ് സിലിക്ക'. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യുഗത്തിൽ ആധുനിക സാങ്കേതികവിദ്യകളുടെ വിതരണ ശൃംഖല സുരക്ഷിതമാക്കുക, നവീകരണത്തെ പിന്തുണയ്ക്കുക, ആഗോള സാമ്പത്തിക സ്ഥിരത ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്. യൂറോപ്പ്, കിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ രാജ്യങ്ങൾ ഈ കൂട്ടായ്മയിൽ പങ്കാളികളാണ്.
സെമി കണ്ടക്ടർ നിർമ്മാണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാന സൗകര്യങ്ങൾ, സിലിക്കൺ വിതരണ ശൃംഖല എന്നിവയിൽ ചൈനയുടെ സ്വാധീനം കുറയ്ക്കുന്നതിനായി അമേരിക്ക രൂപീകരിച്ച തന്ത്രപ്രധാനമായ സഖ്യമാണിത്. യു.കെ, ജപ്പാൻ, ദക്ഷിണ കൊറിയ, ആസ്‌ത്രേലിയ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങൾ നിലവിൽ ഇതിൽ അംഗങ്ങളാണ്. ഇന്ത്യ ഈ സഖ്യത്തിൽ അംഗമാകുന്നത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

