ആഗോള ജല സംഘടന ചാർട്ടറിൽ ഖത്തർ ഒപ്പുവെച്ചു
text_fieldsആഗോള ജല സംഘടനയിൽ അംഗമായികൊണ്ട് അന്താരാഷ്ട്ര സഹകരണ സഹമന്ത്രി മർയം ബിൻത് അലി ബിൻ നാസർ അൽ മിസ്നദ് ഒപ്പുവെക്കുന്നു
ദോഹ: ജലസ്രോതസ്സുകളുടെ സുസ്ഥിര നടത്തിപ്പിൽ ആഗോള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന് സൗദി അറേബ്യ സ്ഥാപിച്ച അന്താരാഷ്ട്ര സംരംഭമായ ആഗോള ജല സംഘടനയുടെ (ഗ്ലോബൽ വാട്ടർ ഓർഗനൈസേഷൻ) ചാർട്ടറിൽ ഖത്തർ ഒപ്പുവെച്ചു. ഖത്തറിനായി അന്താരാഷ്ട്ര സഹകരണ സഹമന്ത്രി മർയം ബിൻത് അലി ബിൻ നാസർ അൽ മിസ്നദാണ് ചാർട്ടറിൽ ഒപ്പുവെച്ചത്.
സുസ്ഥിര വികസനം കൈവരിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണിതെന്നും, ദീർഘകാല കാഴ്ചപ്പാടും ജലസുരക്ഷയെക്കുറിച്ച ആഴത്തിലുള്ള ധാരണയും ഈ സംരംഭം പ്രതിഫലിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. സംഘടനയിലെ അംഗത്വത്തിലൂടെ രാജ്യത്തിന്റെ ജല സമാധാനം, തുല്യ വികസനം, പരിസ്ഥിതി നവീകരണം എന്നിവക്കുള്ള ശക്തിയായി പ്രവർത്തിക്കാനുള്ള ഉത്തരവാദിത്തം വഹിക്കുന്നുവെന്നും മന്ത്രി അൽ മിസ്നാദ് പറഞ്ഞു. ജല സമാധാനമെന്നത് ഒരു തെരഞ്ഞെടുപ്പ് മാത്രമല്ല, ആവശ്യകത കൂടിയാണെന്ന് അവർ ഓർമിപ്പിച്ചു.
ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതും അവക്ക് ചുറ്റുമുള്ള സഹകരണം വളർത്തിയെടുക്കുന്നതും സംഘർഷ പ്രതിരോധം, വിശ്വാസം കെട്ടിപ്പടുക്കൽ, ദീർഘകാല സ്ഥിരത എന്നിവയിലെ നിക്ഷേപമാണെന്നും അവർ വ്യക്തമാക്കി.
ജല നയതന്ത്രം സമാധാനത്തിനുള്ള ഒരു ഉപകരണമായി വർത്തിക്കുന്നുവെന്നും, അഭിപ്രായഭിന്നതകളുടെ സാധ്യതയുള്ള ഒരു സ്രോതസ്സിൽ നിന്നും ജലത്തെ സഹകരണത്തിനുള്ള ഒരു വേദിയാക്കി മാറ്റാൻ ഇത് സഹായിക്കുമെന്നും മർയം അൽ മിസ്നാദ് കൂട്ടിച്ചേർത്തു. ആഗോള ജലവെല്ലുവിളികളെ നേരിടുന്നതിന് രാജ്യങ്ങൾക്കിടയിൽ സഹകരണം വർധിപ്പിക്കുക, ജലവിഭവ മാനേജ്മെന്റിൽ വൈദഗ്ധ്യവും അറിവും കൈമാറ്റം ചെയ്യുക, വികസ്വര രാജ്യങ്ങളെ പിന്തുണക്കുകയും ജല പദ്ധതികൾക്കുള്ള ധനസഹായം ഉറപ്പാക്കുക, ഗവേഷണം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് റിയാദ് ആസ്ഥാനമായി ഗ്ലോബൽ വാട്ടർ ഓർഗനൈസേഷൻ സ്ഥാപിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

