ഖത്തർ ശൂറാ കൗൺസിൽ യോഗം; പുതിയ സാമ്പത്തിക വർഷത്തെ കരട് ബജറ്റ് ചർച്ച ചെയ്തു
text_fieldsദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ റുവാണ്ട, കോംഗോ, സൗത്ത് ആഫ്രിക്ക രാജ്യങ്ങളിലെ സന്ദർശനങ്ങളെയും ജൊഹാനസ്ബർഗിൽ നടന്ന ജി20 ഉച്ചകോടി 2025ലെ പങ്കാളിത്തത്തെയും തിങ്കളാഴ്ച ചേർന്ന ഖത്തർ ശൂറാ കൗൺസിൽ യോഗം പ്രശംസിച്ചു.
ആഫ്രിക്കയിലുടനീളം സ്ഥിരതയും സമാധാനവും നിലനിർത്തുന്നതിലും സംഭാഷണത്തിന്റെ പാതകൾ ശക്തിപ്പെടുത്തുന്നതിലും ഖത്തർ വഹിക്കുന്ന പങ്കിനെ അമീറിന്റെ സന്ദർശനത്തിലൂടെ വ്യക്തമാക്കുന്നുവെന്ന് കൗൺസിൽ ഊന്നിപ്പറഞ്ഞു.
അമീർ നടത്തിയ ചർച്ചകളും കോംഗോ സർക്കാരും മാർച്ച് 23 മൂവ്മെന്റും തമ്മിലുള്ള ദോഹ ഫ്രെയിംവർക്ക് ഫോർ ദി പീസ് എഗ്രിമെന്റിലെ പുരോഗതിയും ദോഹയിൽ ഒപ്പുവെച്ച പ്രഖ്യാപന തത്ത്വങ്ങളും കൗൺസിൽ യോഗം എടുത്തുകാട്ടി. സന്ദർശനത്തെ സ്വാഗതംചെയ്ത കൗൺസിൽ, വിവിധ മേഖലകളിൽ ധാരണപത്രങ്ങൾ ഒപ്പിട്ടതും പുതിയ നിക്ഷേപ പങ്കാളിത്തങ്ങൾ പ്രഖ്യാപിച്ചതും ഡി.ആർ.സി സർക്കാറും എം 23 മൂവ്മെന്റും തമ്മിലുള്ള സമാധാന പ്രക്രിയയിൽ ഖത്തർ വഹിച്ച പിന്തുണപരമായ പങ്കിന് ആഗോളതലത്തിൽ ലഭിച്ച പ്രശംസയും എടുത്തുപറഞ്ഞു.
കൗൺസിൽ സെക്രട്ടറി ജനറൽ നയീഫ് ബിൻ മുഹമ്മദ് അൽ മഹ്മൂദ് യോഗത്തിന്റെ അജണ്ട അവതരിപ്പിച്ചു. തുടർന്ന്, ധനകാര്യ മന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരിയുടെയും മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ, 2026ലെ സാമ്പത്തിക വർഷത്തെ കരട് ബജറ്റ് കൗൺസിൽ ചർച്ചചെയ്തു.
പുതിയ ബജറ്റിന്റെ രൂപരേഖയും ചട്ടക്കൂടും മന്ത്രി അവതരിപ്പിച്ചു. സുപ്രധാന മേഖലകൾക്കുള്ള പിന്തുണ തുടരുക, സാമ്പത്തിക സുസ്ഥിരതയുടെ അടിത്തറ ശക്തിപ്പെടുത്തുക, ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ തുടങ്ങിയ മേഖലകളിൽ വികസന അജണ്ടകൾ നിലനിർത്തുക എന്നിവയാണ് ഇതിൽ പ്രധാനം. കരട് ബജറ്റ് തയാറാക്കുന്നതിൽ ധനകാര്യ മന്ത്രാലയം നടത്തിയ ശ്രമങ്ങളെയും മന്ത്രി അവതരിപ്പിച്ച വ്യക്തമായ കാഴ്ചപ്പാടിനെയും ശൂറാ കൗൺസിൽ പ്രശംസിച്ചു.
ബജറ്റ് കരട് പരിഗണിച്ച ശേഷം, പൊതുസേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും തന്ത്രപരമായ നിക്ഷേപങ്ങൾ വിപുലീകരിക്കുന്നതിനും, ജീവിത നിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുന്ന വികസന പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയുള്ള നിർദേശങ്ങളെ കൗൺസിൽ അംഗങ്ങൾ പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

