ലഹരിക്കെതിരെ അന്താരാഷ്ട്രതലത്തിൽ നടപടി വേണമെന്ന് ഖത്തർ
text_fieldsവിയനയിൽ നടന്ന സമ്മേളനത്തിൽ സുൽതാൻ ബിൻ സൽമീൻ അൽ മൻസൂരി സംസാരിക്കുന്നു
ദോഹ: ലഹരിമരുന്നിനെതിരായ പോരാട്ടത്തിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ കർശന ഇടപെടൽ ആവശ്യപ്പെട്ട് ഖത്തർ. ലഹരിയിൽനിന്നും സമൂഹത്തിന്റെയും ഭാവി തലമുറയുടെയും സുരക്ഷക്കായി പൊതു ഉത്തരവാദിത്തത്തോടെ അതിവേഗ നടപടികൾ ആവശ്യമാണെന്ന് വിയനയിലെ ഐക്യരാഷ്ട്രസഭ ഓഫിസിലെ ഖത്തർ സ്ഥിരം പ്രതിനിധി സുൽതാൻ ബിൻ സൽമീൻ അൽ മൻസൂരി പറഞ്ഞു. വിയനയിൽ നാർക്കോട്ടിക് സബ്സ്റ്റാൻസസ് കമീഷന്റെ 66ാം സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മയക്കുമരുന്നിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾക്കും അവയുടെ ദോഷങ്ങളെയും അപകടങ്ങളെയും കുറിച്ച് സമൂഹത്തിനിടയിൽ ബോധവത്കരണം നടത്തുന്നതിനും ഖത്തർ വലിയ മുൻഗണനയും പ്രാമുഖ്യവും നൽകിയിട്ടുണ്ടെന്നും സുൽതാൻ സൽമീൻ അൽ മൻസൂരി ചൂണ്ടിക്കാട്ടി.
നിയമപാലനത്തിലെ കാർക്കശ്യം, ഖത്തരി വ്യോമ, സമുദ്ര അതിർത്തികളിലെ നിരീക്ഷണം, നിയമ നടപടികളിലെ വിട്ടുവീഴ്ചയില്ലായ്മ എന്നിവക്ക് പുറമേ, മയക്കുമരുന്ന് പ്രതിരോധ നിയന്ത്രണ മേഖലയിലെ നയത്തിന്റെ വിജയത്തിനുള്ള പ്രധാന ഘടകങ്ങളിലൊന്നാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.ഗൾഫ് രാജ്യത്തിന്റെ ഭരണഘടന നയങ്ങൾ നിലനിർത്തിക്കൊണ്ടും മനുഷ്യാവകാശങ്ങളെ മാനിച്ചുകൊണ്ടും മയക്കുമരുന്ന് കടത്ത് പ്രവണതകളിലെ മാറ്റങ്ങളോടും കള്ളക്കടത്തിന്റെ പുതിയ രീതികളോടും പ്രതികരിക്കാൻ അനുവദിക്കുന്ന വിധം ഖത്തർ അതിന്റെ നിയമ ചട്ടക്കൂടിൽ സമൂലമായ മാറ്റം വരുത്തിയിട്ടുണ്ടെന്നും അൽ അൻസാരി വിശദീകരിച്ചു.
യു.എന്നുമായും മറ്റു പ്രമുഖ അന്താരാഷ്ട്ര സ്ഥാപനങ്ങളുമായും സംഘടനകളുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ ചട്ടക്കൂടിൽ ഖത്തർ നിരവധി മാനുഷിക, വികസന സംഭാവനകളാണ് നൽകിയിരിക്കുന്നതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. മയക്കുമരുന്നിനെതിരെ പോരാടുന്നതിന് 2009ലെ പ്രഖ്യാപനം മുതൽ ആരംഭിക്കുന്ന മൂന്ന് അന്താരാഷ്ട്ര മയക്കുമരുന്ന് ഉടമ്പടികൾ, രാഷ്ട്രീയ പ്രഖ്യാപനങ്ങൾ, അംഗീകൃത പ്രവർത്തന പദ്ധതികൾ, കൂടാതെ അന്താരാഷ്ട്ര സംവിധാനങ്ങൾ എന്നിവക്കനുസൃതമായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

