അഫ്ഗാനിൽ സമാധാനത്തിന് ശ്രമം തുടരും –ഖത്തർ
text_fieldsദോഹയിൽ ഖത്തർ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി താലിബാൻ രാഷ്ട്രീയകാര്യ വിഭാഗം മേധാവി മുല്ല അബ്ദുൽ ഗനി ബർദാറുമായി ചർച്ചയിൽ
ദോഹ: അഫ്ഗാനിസ്താനിൽ സമാധാനം കൊണ്ടുവരുന്നതിന് ഖത്തർ എല്ലാവിധ പരിശ്രമങ്ങളും തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം. പ്രശ്നത്തിന് സന്ധിസംഭാഷണങ്ങളിലൂടെ സമാധാനപരമായി പരിഹാരം കണ്ടെത്തുന്നതിലാണ് ഞങ്ങൾ വിശ്വസിക്കുന്നത്.
അഫ്ഗാനിൽ സമാധാനം കൈവരിക്കുന്നതിന് ഖത്തർ അതിെൻറ പരിശ്രമം തുടരും- വിദേശകാര്യ മന്ത്രാലയം പ്രത്യേക പ്രതിനിധി ഡോ. മുത്ലഖ് ബിൻ മാജിദ് അൽ ഖഹ്താനി പറഞ്ഞു. അതിനിടെ ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ൈശഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി താലിബാൻ നേതാവ് മുല്ല അബ്ദുൽ ഗനി ബറാദറുമായി കൂടിക്കാഴ്ച നടത്തി.
അഫ്ഗാനിസ്താനിലെ നിലവിലെ രാഷ്ട്രീയ-സുരക്ഷ സാഹചര്യം ഇരുവിഭാഗവും വിലയിരുത്തി. അഫ്ഗാൻ ജനത കൈവരിച്ച നേട്ടങ്ങൾ സംരക്ഷിക്കുന്നതിനായി സിവിലിയന്മാരുടെ സുരക്ഷ, ദേശീയ കക്ഷികൾക്കിടയിൽ അനുരഞ്ജനത്തിന് പരിശ്രമം വേഗത്തിലാക്കൽ, സമാധാനപരമായ അധികാരക്കൈമാറ്റത്തിനും രാഷ്ട്രീയ തീരുമാനത്തിനും പദ്ധതി തയാറാക്കൽ എന്നീ വിഷയങ്ങൾ ചർച്ചയിൽ ഉയർന്നുവന്നു.
അഫ്ഗാനിലെ നിലവിലുള്ള പ്രതിസന്ധിക്ക് സൈനികമായ പരിഹാരമില്ലെന്നും സംഭാഷണങ്ങളിലൂടെയും അനുരഞ്ജനത്തിലൂടെയും സമാധാനം കൈവരിക്കണമെന്നാണ് ഖത്തർ ആഗ്രഹിക്കുന്നതെന്നും ഖത്തർ ടി.വിയിൽ സംസാരിക്കവെ അൽ ഖഹ്താനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതേസമയം അധികാരപങ്കാളിത്തം, താൽക്കാലിക സർക്കാർ തുടങ്ങിയ വിഷയങ്ങളിൽ തീരുമാനമെടുക്കേണ്ടത് അഫ്ഗാൻ വിഭാഗങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.