മധ്യസ്ഥതയിലൂടെ പ്രശ്നപരിഹാരത്തിന് ഖത്തർ
text_fieldsദോഹ ഫോറത്തിൽ ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി
സംസാരിക്കുന്നു
ദോഹ: സംഘർഷങ്ങളിലൂടെ ശിഥിലമായ അന്താരാഷ്ട്ര സമൂഹത്തിൽ മധ്യസ്ഥതയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഖത്തർ തുടർച്ചയായി പ്രവർത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി. 23ാമത് ദോഹ ഫോറത്തിൽ ‘സംഘർഷങ്ങൾ നിറഞ്ഞ ലോകത്ത് മധ്യസ്ഥ ശ്രമങ്ങൾ’ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലയിൽ സമാധാനവും സ്ഥിരതയും നിലനിർത്തുന്നതിൽ ഖത്തർ പ്രതിജ്ഞാബദ്ധമാണെന്നും ഇത് ദേശീയ സുരക്ഷയുടെ അനിവാര്യ ഘടകമായി കാണുമെന്നും അദ്ദേഹം പറഞ്ഞു. സൈനിക മാർഗങ്ങളിലൂടെ അല്ല, മറിച്ച് നയതന്ത്രം, നിക്ഷേപം, നയതന്ത്ര പങ്കാളിത്തങ്ങൾ എന്നിവയിലൂടെയാണ് ഖത്തർ ശക്തി പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ കക്ഷികളുമായും ആശയവിനിമയത്തിന്റെ മാർഗങ്ങൾ തുറന്നിടാൻ ഖത്തർ ശ്രമിക്കുന്നു. ഇത്തരം തുറന്ന സമീപനമില്ലെങ്കിൽ ഒരു തർക്കവും ഫലപ്രദമായി പരിഹരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വിശദമാക്കി. മേഖലയിലെ വിഭാഗീയത പലപ്പോഴും രാജ്യങ്ങൾക്കും വിവിധ വിഭാഗങ്ങൾക്കുമിടയിൽ ഭിന്നതകൾ സൃഷ്ടിക്കാറുണ്ട്. അതിനാൽ എല്ലാവർക്കും സ്വീകാര്യമായ പരിഹാരങ്ങൾ കണ്ടെത്താൻ എല്ലാ വിഭാഗങ്ങളുമായും സജീവമായി ആശയവിനിമയ ബന്ധം നിലനിർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അഫ്ഗാനിസ്താനിൽ അമേരിക്കയും താലിബാനും തമ്മിലുള്ള ചർച്ചകൾക്ക് ഖത്തർ വഹിച്ച മധ്യസ്ഥത ശ്രമങ്ങളെ ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം വിശദീകരിച്ചു. ദോഹയാണ് ചർച്ചകൾക്ക് സൗകര്യമൊരുക്കിയത്. ഏഴ് വർഷത്തിലേറെയായി നിലനിന്ന, ദീർഘകാല ശ്രമങ്ങളിലൂടെ ഇരുപക്ഷത്തെയും സമാധാനത്തിലേക്ക് കൊണ്ടുവരാൻ സാധിച്ചു.
ഗസ്സയിലെ സമാധാനവുമായി ബന്ധപ്പെട്ട് മുതൽ ഖത്തർ നടത്തിയ തുടർച്ചയായ ശ്രമങ്ങൾ 2025 ലെ സമാധാന ഉടമ്പടിയിലൂടെ വിജയം കണ്ടു. എല്ലാ ബന്ധപ്പെട്ട കക്ഷികളുമായും ഇടപെട്ടതുകൊണ്ടാണ് ഇത് സാധ്യമായതെന്നും അദ്ദേഹം വിശദീകരിച്ചു. ഇസ്രായേൽ സേന പൂർണമായും പിൻവാങ്ങുകയും ഗസ്സയിൽ സ്ഥിരത പുനഃസ്ഥാപിക്കുകയും ജനങ്ങൾക്ക് തടസ്സമില്ലാതെ പ്രദേശത്തേക്ക് പ്രവേശിക്കാനും സാധിച്ചാൽ മാത്രമേ വെടിനിർത്തൽ പൂർണമായി നിലവിൽ വരൂ -അദ്ദേഹം കൂട്ടിച്ചേർത്തു.
ഗസ്സ വെടിനിർത്തലിന്റെ കാര്യത്തിൽ ഒരു നിർണായക ഘട്ടത്തിലാണ്. കരാറിന്റെ രണ്ടാം ഘട്ടത്തിൽ മധ്യസ്ഥർ നിലവിൽ ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും ഖത്തർ, തുർക്കിയ, ഈജിപ്ത്, യു.എസ് എന്നിവർ സംയുക്തമായി അടുത്ത ഘട്ടത്തിന്റെ നടപടികൾ രൂപപ്പെടുത്തുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.
നീറുന്ന പ്രശ്നങ്ങളിലേക്കും സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിലേക്കും ലോകത്തിന്റെ ശ്രദ്ധ ക്ഷണിച്ച് ദ്വിദിന ദോഹ ഫോറം ഞായറാഴ്ചയാണ് സമാപിച്ചത്. ഘാന പ്രസിഡന്റ് ജോൺ ഡ്രമാനി മഹമ, സിറിയൻ പ്രസിഡന്റ് അഹ്മദ് അൽ ഷറാ, ലബനീസ് പ്രധാനമന്ത്രി നവാഫ് സലാം, തുർക്കിയ വിദേശകാര്യ മന്ത്രി ഹകാൻ ഫിദാൻ, വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ സി.ഇ.ഒ ബോർഗെ ബ്രെൻഡെ, മുൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റൺ, മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് എന്നിവർ രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടിയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

