ഖത്തര്‍ സയന്‍സ് ഇന്ത്യ ഫോറം ശാസ്ത്ര കോണ്‍ഗ്രസ്; ഭവന്‍സ് പബ്ലിക് സ്കൂളിന് ഒന്നാം സ്ഥാനം
text_fieldsആദിത്യ അജിത് പിള്ള, അയാൻ മുഹമ്മദ് നജീബ്
ദോഹ: ഖത്തര്‍ സയന്‍സ് ഇന്ത്യ ഫോറം ശാസ്ത്ര കോണ്‍ഗ്രസില്‍ ഭവന്‍സ് പബ്ലിക് സ്കൂളിന് ഒന്നാം സ്ഥാനം. ആദിത്യ അജിത് പിള്ളയും അയാൻ മുഹമ്മദ് നജീബും ചേര്‍ന്ന ടീമാണ് മികച്ച വിജയം സ്വന്തമാക്കിയത്. ഖത്തർ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സയൻസ് ഇന്ത്യ ഫോറം (എസ്.ഐ.എഫ്) കുട്ടികളുടെ സയൻസ് കോൺഗ്രസിലെ സീനിയർ വിഭാഗത്തിലാണ് ഭവന്‍സ് പബ്ലിക് സ്കൂളിലെ വിദ്യാർഥികള്‍ക്ക് ഒന്നാം സ്ഥാനം ലഭിച്ചത്. ‘മികച്ച ആരോഗ്യത്തിനും ക്ഷേമത്തിനും പരിസ്ഥിതിയെ മനസ്സിലാക്കുക’ എന്നതായിരുന്നു ശാസ്ത്രമേളയുടെ മുഖ്യവിഷയം.
ഭവന്‍സ് പബ്ലിക് സ്കൂളിലെ സയൻസ് ഡിപ്പാർട്മെന്റിലെ അധ്യാപകരുടെയും അരുൺകുമാർ സമ്പത്തിന്‍റെയും പിന്തുണയും മാർഗനിര്‍ദേശങ്ങളും വിജയത്തിന് സഹായകരമായെന്ന് ആദിത്യ അജിത് പിള്ളയും അയാൻ മുഹമ്മദ് നജീബും പറഞ്ഞു. 19 സ്കൂളുകളിൽനിന്നുള്ള 164 ടീമുകൾ ശാസ്ത്രകോണ്‍ഗ്രസില്‍ പങ്കെടുത്തിരുന്നു. ഖത്തറിലെ ശാസ്ത്രജ്ഞരും പ്രഫഷനലുകളും സാങ്കേതിക വിദഗ്ധരും അടങ്ങുന്ന സംഘമാണ് മൂല്യനിർണയം നടത്തിയത്.
ഇന്ത്യയില്‍ നടക്കുന്ന കുട്ടികളുടെ ദേശീയ സയൻസ് കോൺഗ്രസിലേക്കും വിജയികളായ ഭവന്‍സ് പബ്ലിക് സ്കൂളിലെ വിദ്യാർഥികളെ തിരഞ്ഞെടുത്തിട്ടുണ്ട്. ശാസ്ത്ര-സാങ്കേതിക വിഷയങ്ങളില്‍ കൂടുതല്‍ പരിജ്ഞാനം കൈവരിക്കുന്നതിനായി നിരവധി കർമ പദ്ധതികള്‍ വിദ്യാർഥികള്‍ക്കായി ഭവന്‍സ് സ്കൂള്‍ തയാറാക്കിയിട്ടുണ്ട്. കരിക്കുലത്തില്‍ ഇത്തരം വിഷയങ്ങളെക്കൂടി സംയോജിപ്പിച്ചാണ് അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ തയാറാക്കിയിരിക്കുന്നത്. മികച്ച നേട്ടം കൈവരിച്ച വിദ്യാർഥികളെ ഭവന്‍സ് പബ്ലിക് സ്കൂള്‍ മാനേജ്മെന്‍റ്, പ്രിൻസിപ്പല്‍ എന്നിവര്‍ അഭിനന്ദിച്ചു. അധ്യാപകര്‍, രക്ഷാകര്‍ത്താക്കളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ വിജയികളെ അനുമോദിച്ച് സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

