പ്രാദേശിക -അന്തർദേശീയ തലങ്ങളിൽ മധ്യസ്ഥ ശ്രമങ്ങൾ തുടരുമെന്ന് ഖത്തർ; ഹുർമുസ് കടലിടുക്ക് അടച്ചിട്ടിരിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും യു.എൻ വേദിയിൽ ഖത്തർ വ്യക്തമാക്കി
text_fieldsശൈഖ ആലിയ അഹമ്മദ് ബിൻ സൈഫ് ആൽഥാനി
ദോഹ: സംഘർഷങ്ങൾ തടയുന്നതിനും സമാധാന ശ്രമങ്ങൾക്കും വേണ്ടി പ്രാദേശിക -അന്തർദേശീയ തലങ്ങളിൽ നടക്കുന്ന മധ്യസ്ഥ ശ്രമങ്ങൾ തുടരുമെന്ന് ഖത്തർ. അന്താരാഷ്ട്രതലത്തിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കാനാണ് ഖത്തർ ലക്ഷ്യമിടുന്നത്. ലോകമെമ്പാടുമുള്ള സായുധ സംഘർഷങ്ങളിൽ സാധാരണക്കാരായ ജനങ്ങൾ, പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന ദുരിതം ആശങ്കാജനകമായി തുടരുകയാണ്. ആരോഗ്യ പ്രവർത്തകർക്കും ആശുപത്രികൾക്കും നേരെയുള്ള ആക്രമണങ്ങൾ യു.എൻ പ്രമേയങ്ങളുടെ ലംഘനമാണെന്നും യു.എന്നിൽ ഖത്തർ വ്യക്തമാക്കി.
സംഘർഷ മേഖലകളിൽ സിവിലിയന്മാരുടെ സംരക്ഷണം ഉറപ്പാക്കുന്നത് സംബന്ധിച്ച് യു.എൻ സെക്യൂരിറ്റി കൗൺസിലിൽ നടന്ന ചർച്ചയിൽ സംസാരിക്കവെ, ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹമ്മദ് ബിൻ സൈഫ് ആൽഥാനിയാണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്. ഹുർമുസ് കടലിടുക്ക് അടച്ചിട്ടിരിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് അവർ ആവർത്തിച്ചു. ഈ നടപടി ആഗോള സുരക്ഷ, വിതരണ ശൃംഖലകൾ, ഊർജ -ഭക്ഷ്യ വിപണി എന്നിവക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ഇത് അവശ്യസാധനങ്ങളുടെ വിലവർധനവിന് കാരണമാകുകയും ദുർബലമായ സമൂഹങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.
കടലിടുക്ക് ഉടൻ തുറക്കണമെന്നും അവിടെ സ്ഥാപിച്ചിട്ടുള്ള മൈനുകൾ നീക്കം ചെയ്യണമെന്നും വാണിജ്യ കപ്പലുകളിൽ നിന്ന് നിയമവിരുദ്ധമായി ഫീസ് ഈടാക്കുന്നത് നിർത്തണമെന്നും അവർ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ സമുദ്ര നിയമ കൺവെൻഷൻ, സെക്യൂരിറ്റി കൗൺസിൽ പ്രമേയങ്ങൾ എന്നിവ അനുസരിച്ച് സ്വാതന്ത്ര്യ സമുദ്ര സഞ്ചാരം ഉറപ്പാക്കണമെന്നും അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

