അതിർത്തി കടന്നുള്ള യാത്ര കാര്യക്ഷമമാക്കാൻ ഖത്തർ-സൗദി ചർച്ച
text_fieldsഖത്തർ - സൗദി സംയുക്ത സമിതി യോഗത്തിൽ നിന്ന്
ദോഹ: കര അതിർത്തി കടന്നുള്ള യാത്രസുഗമമാക്കുന്നതിന്റെ നടപടികൾ തുടർന്ന് ഖത്തർ-സൗദി അറേബ്യ ഉന്നതതല സംഘം. തടസ്സങ്ങളില്ലാത്ത അതിർത്തികൾക്കപ്പുറത്തേക്കുള്ള യാത്രാ നടപടികൾ സുഗമമാക്കുന്നതിനുള്ള കർമപദ്ധതികൾക്ക് രൂപം നൽകുന്നതിന്റെ ഭാഗമായി സംയുക്തസമിതി യോഗം ചേർന്നു.
ദോഹയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് ആസ്ഥാനത്ത് നടന്ന യോഗത്തിൽ ഖത്തരി സംഘത്തിന് പാസ്പോർട്ട് വിഭാഗം ഡയറക്ടർ ജനറലായ മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ അതീഖ് അൽ ദോസരിയും സൗദി സംഘത്തിന് പാസ്പോർട്ട് വിഭാഗം ഡയറക്ടർ ജനറൽ ലെഫ്. ജനറൽ സുലൈമാൻ ബിൻ അബ്ദുൽ അസീസ് അൽ യഹ്യയും നേതൃത്വം വഹിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഖത്തറിന്റെ അബൂ സംറ അതിർത്തി ക്രോസിങ്ങും സൗദിയുടെ സൽവ ലാൻഡ് പോർട്ടും തമ്മിലെ വിവര കൈമാറ്റം ഉൾപ്പെടെ വിഷയങ്ങൾ യോഗത്തിൽ ഇരുകക്ഷികളും ചർച്ച ചെയ്തതായി ഖത്തർ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. റോഡ് മാർഗമുള്ള യാത്രക്കാർക്ക് അതിർത്തിയിലെ പരിശോധന ഉൾപ്പെടെ കാലതാമസം കുറക്കാനും മറ്റും നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗം കൂടിയാണ് പുതിയ നീക്കങ്ങൾ. സംയുക്ത സഹകരണത്തിന്റെ ഭാഗമായി ഖത്തറും സൗദിയും സാംസ്കാരിക സഹകരണ കരാറിലും ഒപ്പുവെച്ചിരുന്നു. കഴിഞ്ഞ വർഷം നവംബറിലാണ് ഇരുരാജ്യങ്ങളും തമ്മിൽ സാംസ്കാരിക സഹകരണ കരാറിൽ ഒപ്പുവെച്ചത്.
പൈതൃകം, വാസ്തുവിദ്യ, ഡിസൈൻ, മ്യൂസിയം, വിഷ്വൽ ആർട്സ്, തിയറ്റർ, പെർഫോമിങ് ആർട്സ്, ഫാഷൻ തുടങ്ങി വിവിധ സാംസ്കാരിക മേഖലകളിൽ സഹകരണം ശക്തമാക്കുകയാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

