ഖത്തർ - സൗദി റെയിൽ ഗതാഗതം: ചർച്ചക്ക് തുടക്കമിട്ട് മന്ത്രിതല സന്ദർശനം
text_fieldsസൗദി ഗതാഗത മന്ത്രി എൻജി. സാലിഹ് ബിൻ നാസർ അൽ ജാസിറും, ഖത്തർ ഗതാഗത മന്ത്രി ജാസിം സൈഫ് അഹമ്മദ് അൽ സുലൈതിയും ദോഹ മെട്രോയിൽ യാത്ര ചെയ്യുന്നു
ദോഹ: ഖത്തറിനും സൗദിക്കുമിടയിൽ റെയിൽ ഗതാഗത സംവിധാനത്തിന്റെ സാധ്യതകൾ ചർച്ചചെയ്ത് ഗതാഗത മന്ത്രിമാരുടെ കൂടിക്കാഴ്ച. ഖത്തർ സന്ദർശനത്തിനെത്തിയ സൗദി ഗതാഗത, ലോജിസ്റ്റിക്സ് സർവിസ് മന്ത്രി എൻജി. സാലിഹ് ബിൻ നാസർ അൽ ജാസിറും, ഖത്തർ ഗതാഗത മന്ത്രി ജാസിം സൈഫ് അഹമ്മദ് അൽ സുലൈതിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങൾക്കുമിടയിലെ റെയിൽ ഗതാഗത സാധ്യതകളെ കുറിച്ച് ചർച്ച ചെയ്തു.
അയൽക്കാരും സുഹൃദ് രാഷ്ട്രവുമെന്ന നിലയിൽ അനുയോജ്യമായ റെയിൽ ഗതാഗത പദ്ധതി സംബന്ധിച്ച പഠനത്തിന് തുടക്കം കുറിക്കാനും തീയതി നിശ്ചയിക്കാനും തീരുമാനമായി. ദോഹയിലെ ഗതാഗത മന്ത്രാലയം ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയിൽ ഖത്തറും സൗദിയും തമ്മിലെ റോഡ്, വ്യോമ, തുറമുഖ, റെയിൽ ഗതാഗത സംവിധാനങ്ങൾ സംബന്ധിച്ച സഹകരണങ്ങൾ ചർച്ചചെയ്തു. ഗതാഗത മന്ത്രാലയ ഉദ്യോഗസ്ഥർ, ഖത്തർ ട്രാൻസ്പോർടേഷൻ ഇൻഡസ്ട്രി പ്രതിനിധികൾ, സൗദി ട്രാൻസ്പോർട് ജനറൽ അതോറിറ്റി ചെയർമാൻ ഡോ. റുമൈഹ് മുഹമ്മദ് അൽ റുമൈഹ്, ഉദ്യോഗസ്ഥ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഇരു മന്ത്രിമാരും ദോഹ മെട്രോ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി.

