ഖത്തർ–റഷ്യ ബന്ധം ശക്തം
text_fieldsദോഹ: ഔദ്യോഗിക സന്ദർശനത്തിനായി റഷ്യയിലെത്തിയ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി റഷ്യൻ ഫെഡറേഷൻ പ്രസിഡൻറ് വ്ളാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. െക്രംലിൻ കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ഖത്തറും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ചർച്ച നടത്തി. വിവിധ മേഖലകളിൽ പ്രത്യേകിച്ചും പ്രതിരോധം, ഉൗർജ്ജം, സാമ്പത്തികം, നിക്ഷേപം, വാണിജ്യ കൈമാറ്റം, ശാസ്ത്ര ഗവേഷണം തുടങ്ങിയ മേഖലകളിൽ സഹകരണം വിശാലമാക്കുന്നതുമായി ബന്ധപ്പെട്ടും ഇരുരാഷ്ട്രത്തലവന്മാരും ചർച്ച ചെയ്തു.
2018ലെ ലോകകപ്പിന് റഷ്യയും 2022ലെ ലോകകപ്പിന് ഖത്തറും ആതിഥ്യമരുളുന്ന സാഹചര്യത്തിൽ ലോകകപ്പ് ഫുട്ബോൾ സംഘാടനത്തിൽ പരസ്പര സഹകരണം സംബന്ധിച്ചും പരിചയസമ്പത്ത് കൈമാറുന്നതും അമീർ–പുടിൻ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. മേഖലാ–അന്തർദേശീയ തലങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങളും വിവിധ വിഷയങ്ങളും വിശകലനം ചെയ്തു. കൂടിക്കാഴ്ചയുടെ തുടക്കത്തിൽ അമീറിനെ സ്വാഗതം ചെയ്ത പുടിൻ, 2016ലെ അമീറിെൻറ പ്രഥമ റഷ്യൻ സന്ദർശനത്തോടെ ഇരുരാജ്യങ്ങൾക്കുമിടയിലുള്ള ബന്ധം ശക്തമായിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി.
ഈ വർഷത്തോടെ ഖത്തറും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് 30 വയസ്സ് പൂർത്തിയാകും. ഇരുരാജ്യങ്ങൾക്കുമിടയിലുള്ള വാണിജ്യ വ്യാപ്തിയും നിക്ഷേപ കൈമാറ്റങ്ങളും വർധിച്ചതായും പുടിൻ സൂചിപ്പിച്ചു. ഭാവിയിൽ കൂടുതൽ വർധനവാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി ഖത്തറിനും റഷ്യക്കും ഇടയിലുള്ള ബന്ധം വളരെയധികം ദൃഢമായിരിക്കുന്നുവെന്നും വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനുള്ള മാർഗങ്ങൾ തയ്യാറാക്കുമെന്നും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി വ്യക്തമാക്കി.
2018 റഷ്യ–ഖത്തർ സംയുക്ത സാംസ്കാരിക വർഷമാണെന്നും സാംസ്കാരിക മേഖലയിൽ ഇരുരാജ്യങ്ങളും ശക്തമായ സഹകരണമാണ് പുലർത്തുന്നതെന്നും അമീർ പറഞ്ഞു. അറബ് ലോകത്തെ സംബന്ധിച്ച് റഷ്യക്ക് വലിയ സ്ഥാനമാണുള്ളത്. വിവിധ പ്രതിസന്ധികളിൽ റഷ്യയുടെ ഇടപെടൽ പരിഹാരത്തിലേക്കെത്തിച്ചുവെന്നും അമീർ സൂചിപ്പിച്ചു. കീമിറോവോ നഗരത്തിൽ ഷോപ്പിംഗ് മാളിൽ നടന്ന അഗ്നിബാധയിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്കും പ്രസിഡൻറിനും ജനങ്ങൾക്കും അമീർ അനുശോചനം അറിയിച്ചു.
പരിക്കേറ്റവർക്ക് പെട്ടെന്നുള്ള മോചനം ആശംസിക്കുകയും ചെയ്തു. ശാസ്ത്രം, വിദ്യാഭ്യാസം മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിെൻറ ഭാഗമായി ഖത്തർ ഫൗണ്ടേഷനും റോസ്നെഫ്റ്റും തമ്മിൽ കരാറിൽ ഒപ്പുവെച്ചു. ഖത്തർ സയൻസ് ആൻഡ് ടെക്നോളജി പാർക്കിൽ റോസ്നെഫ്റ്റിന് പുതിയ ഗവേഷണ കേന്ദ്രം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടാണ് കരാർ. കരാർ ഒപ്പുവെക്കൽ ചടങ്ങിൽ അമീറും റഷ്യൻ പ്രസിഡൻറും സംബന്ധിച്ചു. ഇരുഭാഗത്ത് നിന്നുമുള്ള മന്ത്രിമാരും ഉന്നത പ്രതിനിധികളുമടങ്ങുന്ന സംഘം കൂടിക്കാഴ്ചയിലും ചർച്ചയിലും സംബന്ധിച്ചു.
അമീറിനുള്ള ആദരസൂചകമായി പ്രസിഡൻറ് വ്ളാദിമിർ പുടിൻ പ്രത്യേക വിരുന്നും സംഘടിപ്പിച്ചു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി കഴിഞ്ഞ ദിവസമാണ് അമീർ മോസ്കോയിലെത്തിയത്. വുനുകോവോ രാജ്യാന്തര വിമാനത്താവളത്തിലിറങ്ങിയ അമീറിനെ റഷ്യൻ മിഡിലീസ്റ്റ് സ്പെഷ്യൽ പ്രസിഡൻഷ്യൽ പ്രതിനിധി, ഖത്തർ അംബാസഡർ, മുതിർന്ന റഷ്യൻ ഓഫീസർമാർ എന്നിവർ ചേർന്ന് ഉൗഷ്മളമായ സ്വീകരണമാണ് നൽകിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.