ഓടാൻ ഒരുങ്ങാം... ഇനി ഖത്തർ റണ്ണിലേക്ക്
text_fieldsദോഹ: ഖത്തറിലെ കായിക പ്രേമികളുടെ പ്രധാന കലണ്ടർ ഇവന്റായി മാറിയ ‘ഗൾഫ് മാധ്യമം’ ഖത്തർ റൺ ഏഴാം സീസൺ കുതിപ്പിന് വിസിൽ മുഴങ്ങാൻ രണ്ട് ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രം. ഖത്തറിലെ ഓട്ടക്കാരുടെ പോരാട്ടമായ ഗൾഫ് മാധ്യമം ഖത്തർ റണ്ണിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
കഴിഞ്ഞദിവസം രജിസ്ട്രേഷൻ അവസാനിപ്പിച്ചതിനു പിന്നാലെ, വെള്ളിയാഴ്ച നടക്കുന്ന ഖത്തർ റണ്ണിൽ പങ്കെടുക്കുന്ന കായിക താരങ്ങൾക്കുള്ള റേസ് കിറ്റുകളുടെ വിതരണം ഇന്ന് തുടങ്ങും. ദോഹ ഗൾഫ് സിനിമ സിഗ്നലിന് അരികിലെ ഗൾഫ് മാധ്യമം ഓഫിസിൽ ബുധൻ, വ്യാഴം ദിവസങ്ങളിലാണ് ജഴ്സി, ഇലക്ട്രോണിക് ബിബ് ഉൾപ്പെടെയുള്ള കിറ്റുകൾ വിതരണം ചെയ്യുക. ബധനാഴ്ച ഉച്ചക്ക് 3.30 മുതൽ രാത്രി എട്ടുവരെയും വ്യാഴാഴ്ച രാവിലെ 11 മുതൽ രാത്രി എട്ടു വരെയും റേസ് കിറ്റുകളുടെ വിതരണം നടക്കും. നേരത്തേ രജിസ്റ്റർ ചെയ്തവർക്ക് ഇ മെയിൽ അറിയിപ്പ് പ്രകാരം ഓഫിസിലെത്തി റേസ് കിറ്റുകൾ ശേഖരിക്കാം.
സ്ത്രീകളും കുട്ടികളും മുതിർന്നവരും ഉൾപ്പെടെ ആയിരത്തിലേറെ പേരാണ് ഖത്തർ റൺ ഏഴാം എഡിഷനിൽ കളത്തിലിറങ്ങുന്നത്. വെള്ളിയാഴ്ച ആസ്പയർ പാർക്ക് ട്രാക്കിലാണ് മത്സരങ്ങൾക്ക് തുടക്കം കുറിക്കുന്നത്.
കഴിഞ്ഞ ആറു സീസണുകളിലായി സ്വദേശികളും പ്രവാസികളും ഉൾപ്പെടെ 60ഓളം രാജ്യക്കാരുടെ വമ്പൻ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ ഖത്തർ റൺ കൂടുതൽ വൈവിധ്യങ്ങളുമായാണ് ഇത്തവണ ഒരുങ്ങുന്നത്. പ്രവാസികളിലും സ്വദേശികളിലും ആരോഗ്യകരമായ ജീവിത ശൈലികൾക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് എല്ലാ വർഷങ്ങളിലും വിവിധ ദൂര വിഭാഗങ്ങളിലായി ‘ഖത്തർ റൺ’ സംഘടിപ്പിക്കുന്നത്. 10 കി.മീ, അഞ്ച് കി.മീ, 2.5 കി.മീ, കുട്ടികൾക്കുള്ള 800 മീറ്റർ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുക.
പ്രഫഷനൽ അത്ലറ്റുകൾ മുതൽ കായിക വിനോദങ്ങളെ സ്നേഹിക്കുന്ന സാധാരണക്കാർ വരെ ഒരേ ട്രാക്കിൽ അണിനിരക്കുന്ന ഖത്തർ റണ്ണിൽ വിവിധ രാജ്യങ്ങളിലുള്ളവരുടെ ഒത്തുചേരലായി പരിപാടി മാറും. കൂടാതെ, സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക കാറ്റഗറികൾ ഉള്ളതിനാൽ, കുടുംബസമേതം കായികോത്സവത്തിൽ പങ്കുചേരാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

