ദോഹ: ലോകകപ്പ് സമയത്ത് താമസക്കാർക്ക് ഖത്തറിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തുമെന്ന രീതിയിലെ പ്രചാരണങ്ങൾ അടിസ്ഥാന രഹിതമെന്ന് വ്യക്തമാക്കി അധികൃതർ. ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വാസ്തവിരുദ്ധമാണെന്നും പൗരന്മാരുടെയും താമസക്കാരുടെയും യാത്രകളെ ലോകകപ്പ് ബാധിക്കുകയില്ലെന്നും സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ഔദ്യോഗിക വക്താവ് ഖാലിദ് അൽ നഅമ അറിയിച്ചു.
ലോകകപ്പ് സമയത്ത് അവരും ഇവിടെയുണ്ടാകണമെന്നാണ് ആഗ്രഹമെന്നും താമസക്കാരുടെ യാത്രാവിലക്ക് സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ സത്യമല്ലെന്നും ഖാലിദ് അൽ നഅ്മ വ്യക്തമാക്കി. ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂർണമെൻറിനിടയിൽ പൗരന്മാരെയും താമസക്കാരെയും വിലക്കുമെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത സംബന്ധമായ ചോദ്യത്തിന്, തീർത്തും അടിസ്ഥാനരഹിതമാണെന്ന മറുപടി നൽകിയ അദ്ദേഹം വാർത്തകളെ പൂർണമായും തള്ളിക്കളയുകയും ചെയ്തു.
ജൂലൈക്ക് ശേഷം ഖത്തറിൽ നിന്നും പുറത്തേക്ക് യാത്ര ചെയ്താൽ താമസക്കാർക്ക് പിന്നീട് ലോകകപ്പ് കഴിയുന്നത് വരെ ഖത്തറിലേക്ക് മടങ്ങിയെത്താൻ സാധിക്കുകയില്ലെന്ന രീതിയിൽ ഏതാനും ദിവസങ്ങളായി അഭ്യൂഹങ്ങളുണ്ടായിരുന്നു. അധികൃതരുടെ ഭാഗത്ത് നിന്നും ഇത് സംബന്ധിച്ച് സ്ഥിരീകരണമൊന്നും പുറത്തുവരാത്ത സാഹചര്യത്തിൽ രാജ്യത്തെ താമസക്കാർ ആശങ്കയിലാകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വ്യക്തതയുമായി സുപ്രീം കമ്മിറ്റി തന്നെ രംഗത്ത് വന്നിരിക്കുന്നത്