യു.എൻ ഏജൻസിക്ക് ധനസഹായം അഭ്യർഥിച്ച് ഖത്തർ
text_fieldsഐക്യരാഷ്ട്രസഭ ഓഫിസിലെ ഖത്തർ പ്രതിനിധി ഡോ. ഹിന്ദ് അബ്ദുറഹ്മാൻ അൽ മുഫ്ത
ദോഹ: ഫലസ്തീൻ അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്ര സംഘടന റിലീഫ് ആൻഡ് വർക്ക്സ് ഏജൻസിക്ക് (യു.എൻ.ആർ.ഡബ്ല്യു.എ) അന്താരാഷ്ട്ര ഐക്യദാർഢ്യവും പിന്തുണയും അഭ്യർഥിച്ച് ഖത്തർ. യു.എൻ ദുരിതാശ്വാസ ഏജൻസിക്ക് ധനസഹായം നൽകാൻ അന്താരാഷ്ട്ര സമൂഹം മുന്നോട്ടുവരണമെന്നും ഐക്യരാഷ്ട്രസഭ ഓഫിസിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധിയായ ഡോ. ഹിന്ദ് അബ്ദുറഹ്മാൻ അൽ മുഫ്ത ആവശ്യപ്പെട്ടു.ഗസ്സയിലെ മനുഷ്യരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കാനുള്ള യു.എൻ റിലീഫ് ഏജൻസിയുടെ ശ്രമങ്ങളെ പ്രശംസിച്ച ഡോ. ഹിന്ദ് അൽ മുഫ്ത, ജോലിക്കിടെ ഇസ്രായേൽ ആക്രമണത്തിന് ഇരയായ ഏജൻസി ജീവനക്കാർക്ക് ആദരാഞ്ജലി അർപ്പിച്ചു.റഫ അതിർത്തിയിൽ ഇസ്രായേൽ തുടരുന്ന കൂട്ടക്കുരുതിയിൽ നടുക്കവും രേഖപ്പെടുത്തി. യു.എൻ റിലീഫ് ഏജൻസിക്ക് സാമ്പത്തിക സഹായം നിർത്തലാക്കുന്നത് അവരെ ആശ്രയിക്കുന്ന 60ലക്ഷത്തിലധികം വരുന്ന ഫലസ്തീനികളുടെ സാഹചര്യം കൂടുതൽ വഷളാക്കുമെന്ന് അവർ ചൂണ്ടിക്കാട്ടി.ഗസ്സ, വെസ്റ്റ് ബാങ്ക്, ജോർഡൻ, സിറിയ, ലബനാൻ എന്നിവിടങ്ങളിലെ ദശലക്ഷക്കണക്കിനാളുകൾക്ക് ആശ്വാസം നൽകുന്നതിൽ യു.എൻ. ആർ.ഡബ്ല്യു.എയുടെ പങ്ക് ചൂണ്ടിക്കാട്ടി.അതേസമയം, ഫലസ്തീനികളെ പിന്തുണക്കുന്നതിൽ നിന്നും ഖത്തർ ഒരടി പിറകോട്ടില്ലെന്ന് ആവർത്തിച്ചു. ഖത്തറും യു.എൻ റിലീഫ് ഏജൻസിയും തമ്മിലുള്ള കരാർ ഇതിന് അടിവരയിടുന്നതാണെന്നും 2023-2024 കാലയളവിൽ 18 ദശലക്ഷം ഡോളർ മൂല്യമുള്ള കരാറിലാണ് ഒപ്പുവെച്ചിരിക്കുന്നതെന്നും ഗസ്സ മുനമ്പിലെ ജനങ്ങളുടെ ദുരിതമകറ്റുകയാണ് ഇതിലൂടെ ലക്ഷ്യമെന്നും അവർ വിശദീകരിച്ചു.കിഴക്കൻ ജറൂസലമിനെ തലസ്ഥാനമാക്കി 1967ലെ അതിർത്തികൾ പ്രകാരം സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിനായുള്ള ഫലസ്തീനികളുടെ അവകാശങ്ങൾക്കൊപ്പമാണ് ഖത്തറിന്റെ ഔദ്യോഗിക നിലപാടെന്നും അവർ അടിവരയിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

