സ്വകാര്യ വിദ്യാഭ്യാസ മേഖലക്ക് കരുത്തായി പുതിയ മാർഗരേഖ
text_fieldsദോഹ: സ്കൂളുകൾക്കും കിന്റർഗാർട്ടനുകൾക്കുമുള്ള നിയമങ്ങളും നയങ്ങളും വിശദീകരിക്കുന്ന പ്രായോഗിക റഫറൻസാണ് വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ റെഗുലേറ്ററി ഗൈഡ്. സ്കൂൾ അഡ്മിനിസ്ട്രേഷൻ, ഹ്യൂമൻ റിസോഴ്സ്, ട്യൂഷൻ ഫീസ്, വിദ്യാർഥി പ്രവേശനം, അധ്യയനം, വിദ്യാർഥികളുടെ പെരുമാറ്റം, മൂല്യനിർണ്ണയം തുടങ്ങി വിവിധ കാര്യങ്ങൾ ഗൈഡിൽ വിശദീകരിക്കുന്നു.
നിലവിലുള്ള പരിശോധനാ സംവിധാനങ്ങളിലൂടെയും ഫീൽഡ് സന്ദർശനങ്ങളിലൂടെയും സ്കൂളുകൾ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തണമെന്നും മന്ത്രാലയം നിർദേശിക്കുന്നു.
ഏകീകൃതമായ നിയന്ത്രണ ചട്ടക്കൂട് കൊണ്ടുവന്ന മന്ത്രാലയത്തിന്റെ നടപടിയെ വിദ്യാഭ്യാസ വിദഗ്ധർ സ്വാഗതം ചെയ്തിട്ടുണ്ട്. നിയമലംഘനങ്ങൾ നടന്ന ശേഷം ശിക്ഷിക്കുന്നതിന് പകരം, അവ മുൻകൂട്ടി തടയുന്ന രീതിയിലേക്ക് മാറുന്നത് സ്ഥാപനങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താൻ സഹായിക്കും. വിദ്യാർഥികളുടെ സുരക്ഷ, സാമ്പത്തിക സുതാര്യത, ദേശീയ മൂല്യങ്ങൾ എന്നിവയിൽ കർശനമായ നിയമപാലനം ഉറപ്പാക്കുമ്പോൾ തന്നെ, അധ്യാപന രീതികളിൽ നൂതനമായ മാറ്റങ്ങൾ കൊണ്ടുവരാൻ സ്കൂളുകൾക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കും. വീഴ്ചകൾ പരിഹരിക്കുന്നതിന് സ്ഥാപനങ്ങൾക്ക് മതിയായ സമയം നൽകുകയും കുറഞ്ഞത് ഒരു അധ്യയന വർഷത്തേക്ക് ഇവയുടെ പുരോഗതി വിലയിരുത്തുകയും ചെയ്യുന്ന രീതിയിലാണ് ഗൈഡ് തയാറാക്കിയിരിക്കുന്നത്.
ഖത്തർ നാഷണൽ വിഷൻ 2030 -ന്റെ ലക്ഷ്യങ്ങൾക്കനുസൃതമായി, സുരക്ഷിതവും സുസ്ഥിരവുമായ അന്തരീക്ഷത്തിൽ ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ ഈ പുതിയ സംരംഭം. ബന്ധപ്പെട്ട അധികൃതർ, സ്കൂൾ മാനേജ്മെന്റ്, അഡ്മിന്സ്ട്രേറ്റർ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താൻ മന്ത്രാലയത്തിന്റെ പുതിയ ചട്ടക്കൂട് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

