ഗസ്സയിലെ കുടിയിറക്കുനീക്കം തള്ളി ഖത്തർ
text_fieldsഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി
വാർത്തസമ്മേളനത്തിൽ
ദോഹ: ഫലസ്തീൻ ജനതയെ ജന്മനാട്ടിൽ നിന്ന് ബലമായി കുടിയിറക്കാനുള്ള ആഹ്വാനങ്ങളെ തള്ളി ഖത്തർ. പൗരന്മാരെ പിറന്നമണ്ണിൽ നിന്നും കൂട്ടമായി കുടിയിറക്കി നടത്തുന്ന പീഡനങ്ങൾ മാനുഷികവും അന്തർദേശീയവുമായ നിയമങ്ങളുടെ പരസ്യമായ ലംഘനമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ജനങ്ങളെ കൂട്ടമായി കുടിയിറക്കി, അയൽ രാജ്യങ്ങളിലെ അഭയാർഥികളാക്കി മാറ്റുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്.
വീണ്ടും വീണ്ടും ഫലസ്തീൻ ജനതയെ ദുരിതത്തിലാക്കുന്നതും, അധിനിവേശ പ്രദേശങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന ഏറ്റുമുട്ടലുകൾ കൂടുതൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഗസ്സ മുനമ്പിൽനിന്നുള്ള നിർബന്ധിത കുടിയിറക്കവും മേഖലയിലെ ഉപരോധവും അവസാനിപ്പിക്കണമെന്നും അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി സാധാരണക്കാർക്കും നിരപരാധികൾക്കുമുള്ള സുരക്ഷ ഒരുക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു. കുടിയിറക്ക് ആഹ്വാനങ്ങളും പ്രയോഗങ്ങളും ഉണ്ടാക്കുന്ന ഭയാനകമായ മാനുഷിക ദുരന്തത്തെക്കുറിച്ച് ഖത്തർ മുന്നറിയിപ്പും നൽകി.
ഇസ്രായേലിന്റെ ആക്രമണം ജീവിതം ദുരിതമാക്കിമാറ്റിയ ഗസ്സയിലേക്ക് മരുന്നും ഭക്ഷ്യവസ്തുക്കളും എത്തിക്കാനും പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കാനുമായി മാനുഷിക ഇടനാഴി തുറക്കണമെന്നും ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ദോഹയിലെത്തിയ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആൻറണി ബ്ലിങ്കനുമായുള്ള കൂടിക്കാഴ്ചയിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയും ഗസ്സയിലെ വിഷയങ്ങളിൽ ഖത്തറിന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. ഗസ്സയെ കൂട്ടമായി ശിക്ഷിക്കുന്ന നയം അംഗീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി വാർത്തസമ്മേളനത്തിലും ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

