ഖത്തർ റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന് അന്താരാഷ്ട്ര അംഗീകാരം
text_fieldsഖത്തർ റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട്
ദോഹ: ഹമദ് മെഡിക്കൽ കോർപറേഷനു കീഴിലെ ഖത്തർ റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന് (ക്യൂ.ആർ.ഐ) അന്താരാഷ്ട്ര അക്രഡിറ്റേഷൻ. അമേരിക്ക ആസ്ഥാനമായ ലോകപ്രശസ്ത റിഹാബിലിറ്റേഷൻ ഫെസിലിറ്റീസ് അക്രഡിറ്റേഷൻ കമീഷന്റെ (സി.എ.ആർ.എഫ്) അംഗീകാരമാണ് എച്ച്.എം.സിക്കു കീഴിലെ ഈ കേന്ദ്രത്തെ തേടിയെത്തുന്നത്. രോഗികൾക്ക് ചികിത്സാനന്തരം നൽകുന്ന പുനരധിവാസ സംവിധാനമായ റിഹാബിലിറ്റേഷൻ കെയറിൽ ലോകത്തെ തന്നെ ഗോൾഡ് സ്റ്റാൻഡേർഡ് അക്രഡിറ്റേഷനായാണ് സി.എ.ആർ.എഫിനെ കണക്കാക്കുന്നത്. എച്ച്.എം.സിക്കുകീഴിലെ ഒരു സ്ഥാപനത്തിന് ആദ്യമായാണ് ഈ അംഗീകാരം തേടിയെത്തുന്നത്. ക്ലിനിക്കൽ മികവ്, സുരക്ഷ, പ്രവർത്തന മികവ് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ അക്രഡിറ്റേഷൻ നൽകുന്നത്.
ആദ്യ അപേക്ഷയിൽ തന്നെ ഖത്തർ റിഹാബിലിറ്റേഷൻ സെന്ററിന് ഫുൾ അക്രഡിറ്റേഷൻ ലഭിച്ചുവെന്ന പ്രത്യേകതയുമുണ്ട്. പ്രവർത്തന മികവും, രോഗീകേന്ദ്രീകൃത പരിചരണവും, മികച്ച സൗകര്യങ്ങളുമെല്ലാം മാനദണ്ഡമായപ്പോൾ ക്യൂ.ആർ.ഐയുടെ നേട്ടം എളുപ്പത്തിലായി. മൂന്നു വർഷത്തേക്കാണ് അക്രഡിറ്റേഷൻ കാലാവധി. എച്ച്.എം.സിക്കും ഖത്തറിനും ആരോഗ്യമേഖലയിൽ ഒരിക്കൽകൂടി അഭിമാനകരമായ നേട്ടമാണിതെന്ന് എച്ച്.എം.സി ഡയറക്ടർ ജനറൽ മുഹമ്മദ് ബിൻഖലീഫ അൽ സുവൈദി പറഞ്ഞു. ഇതുവഴി, ഖത്തറിലെ സ്വദേശികൾക്കും താമസക്കാർക്കും ലോകനിലവാരത്തിലെ റിഹാബിലിറ്റേഷൻ പരിചരണം ഉറപ്പാക്കാൻ കഴിയുന്നതായും അദ്ദേഹം പറഞ്ഞു. ക്യൂ.ആർ.ഐയുടെ പ്രവർത്തനത്തെയും, രോഗി പരിചരണത്തെയും, പിന്തുടരുന്ന സാങ്കേതിക മികവിനെയും സി.എ.ആർ.എഫ് സർവേ സംഘം പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

