ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി റമദാൻ കാമ്പയിന് തുടക്കം
text_fieldsദോഹ: ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി വാർഷിക റമദാൻ കാമ്പയിൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ‘നല്ല പ്രവൃത്തികൾ സജീവമായി നിലനിർത്തുക’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന കാമ്പയിനിലൂടെ ഖത്തറിലും മറ്റ് 17 രാജ്യങ്ങളിലുമായി നിരവധി മാനുഷിക സേവന പദ്ധതികളും ജീവകാരുണ്യ പ്രവർത്തനങ്ങളുമാണ് നടപ്പാക്കുന്നത്. സ്വദേശികളും വിദേശികളുമായ ദാതാക്കളുടെ ഉദാരമായ സംഭാവനകൾ സമാഹരിച്ചാണ് പദ്ധതിക്ക് ആവശ്യമായ ഫണ്ട് കണ്ടെത്തുന്നത്. ക്യു.ആർ.സി.എസിന്റെ റമദാൻ കാമ്പയിൻ രണ്ട് ഭാഗങ്ങളായാണ് നടപ്പാക്കുന്നത്.
റമദാനിലെ ഇഫ്താർ പദ്ധതികളിൽ ശ്രദ്ധകേന്ദ്രീകരിച്ചാണ് ആദ്യഘട്ടം നടപ്പാക്കുന്നത്. ഒരു കുടുംബത്തിന് ഒരു മാസത്തേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ അടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്യുന്നത്. ഇഫ്താർ പദ്ധതിയിലൂടെ 18 രാജ്യങ്ങളിലായി മൂന്ന് ലക്ഷത്തിലധികം ആളുകൾക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യും. ഖത്തർ, ഗസ്സ, സുഡാൻ, സിറിയ, സോമാലിയ, യമൻ, ബംഗ്ലാദേശ്, ലെബനൻ തുടങ്ങിയ രാജ്യങ്ങളിലായാണ് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യുക.
ക്യു.ആർ.സി.എസ് തുടർച്ചയായ മൂന്നാം വർഷവും നടപ്പാക്കുന്ന ഓൺ ദി ഗോ റമദാൻ ഇഫ്താർ സംരംഭത്തിലൂടെ കതാറയിലെത്തുന്ന സന്ദർശകർക്കും മറ്റു ഡ്രൈവർമാർക്കും പ്രതിദിനം 350 ഇഫ്താർ ലഘുഭക്ഷണങ്ങൾ വിതരണം ചെയ്യും. ലുലു ഹൈപ്പർമാർക്കറ്റുമായും കതാറ കൾച്ചറൽ വില്ലേജുമായും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കൂടാതെ, ത്വലബാത് ആപ്പിലൂടെ ഉപഭോക്താക്കൾക്ക് ഡെലിവറി റൈഡർമാർക്കായി ഭക്ഷണങ്ങൾ നൽകുന്നതിനായി 'ഹീറോ മീൽസ്' നുള്ള സൗകര്യം പുതുതായി ഏർപ്പെടുത്തിയിട്ടുണ്ട്. സാമൂഹിക സഹായ പദ്ധതികളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 1,500 കുടുംബങ്ങൾക്ക് റമദാൻ ഇഫ്താർ, സക്കാത് പദ്ധതികൾ, ഭക്ഷ്യക്കിറ്റുകൾ, മറ്റ് ആവശ്യ സാധനങ്ങൾ എന്നിവയുടെ വിതരണം, 10,000 പ്രവാസി തൊഴിലാളികൾക്ക് "ഈദ് സന്തോഷം" സംരംഭം തുടങ്ങി മറ്റ് പ്രാദേശിക പദ്ധതികളും ആദ്യഘട്ട പരിപാടികളിൽ ഉൾപ്പെടുന്നു.
റമദാൻ കാലയളവിന് ശേഷവും തുടരുന്ന ദീർഘകാല പ്രവർത്തനങ്ങളാണ് രണ്ടാം ഘട്ട പദ്ധതിയിലൂടെ നടപ്പാക്കുന്നത്. ഭക്ഷ്യസുരക്ഷ, പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഉപജീവനമാർഗങ്ങൾ, മറ്റ് മാനുഷിക പദ്ധതികൾ എന്നിവ നടപ്പാക്കാനാണ് ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി ലക്ഷ്യമിടുന്നത്. 190ഓളം പദ്ധതികളാണ് ഇതിൽ ഉൾപ്പെടുത്തിയത്.
കടബാധ്യതയുള്ളവർക്കുള്ള സഹായം, അനാഥർക്കും ഭിന്നശേഷിക്കാർക്കുമുള്ള പിന്തുണ, ചികിത്സാ സഹായം, വിദ്യാർഥികൾക്കുള്ള സഹായം തുടങ്ങിയ പദ്ധതികളാണ് ദീർഘകാല പദ്ധതിയിലൂടെ ഖത്തറിൽ നടപ്പിലാക്കുക. അന്താരാഷ്ട്ര തലത്തിൽ ഫലസ്തീൻ, സൊമാലിയ, സുഡാൻ, യമൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ 6.7 ദശലക്ഷം ദുരിതബാധിതർക്ക് ഭക്ഷ്യസുരക്ഷ, താമസം, വിദ്യാഭ്യാസം, ആരോഗ്യം, ശുദ്ധജലം തുടങ്ങിയ മേഖലകളിൽ സഹായമെത്തിക്കും.
ലോകമെമ്പാടും പ്രതിസന്ധികൾ നിറഞ്ഞ ഒരു കാലഘട്ടത്തിലാണെന്നും സംഘർഷങ്ങളും പ്രകൃതിക്ഷോഭങ്ങളും മൂലം ദുരിതമനുഭവിക്കുന്ന ജനതയുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കാൻ നമ്മുടെ സഹായം അനിവാര്യമാണെന്നും ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി മാനേജിങ് ഡയറക്ടറും സെക്രട്ടറി ജനറലുമായ എൻജിനീയർ ഇബ്രാഹിം ബിൻ ഹാഷിം അൽ സാദ പറഞ്ഞു. സക്കാതും ദാനധർമ്മങ്ങളും നൽകി ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയുടെ ഭാഗമാകാൻ എല്ലാവരും മുന്നോട്ടുവരണമെന്നും അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

