ഗസ്സയിൽ ആശ്വാസമേകി ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി
text_fieldsദോഹ: ഗസ്സയിൽ വർധിച്ചുവരുന്ന മാനുഷിക പ്രതിസന്ധികൾക്കിടയിൽ, നിർണായക ആരോഗ്യ-പുനരധിവാസ ഇടപെടലുകളുമായി ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി. ഗസ്സയിലെയും നോർത്ത് ഗസ്സയിലെയും ജനങ്ങളുടെ ആരോഗ്യ, മാനസികാരോഗ്യ, പുനരധിവാസ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ക്യു.ആർ.സി.എസിന്റെ ഇടപെടൽ. ഇതിന്റെ ഭാഗമായി അൽ വഫ മെഡിക്കൽ റീഹാബിലിറ്റേഷൻ ആൻഡ് സ്പെഷലൈസ്ഡ് സർജറി ഹോസ്പിറ്റലിലെ രോഗികൾക്കും പരിക്കേറ്റവർക്കും ആവശ്യമായ പുനരധിവാസ സേവനങ്ങളും മെഡിക്കൽ പരിചരണവും ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി ഉറപ്പാക്കും.
ഏകദേശം 21,000 ഓളം രോഗികളാണ് ഇവിടെ ചികിത്സക്കെത്തുന്നത്. പദ്ധതിയുടെ ഭാഗമായി ഒൻപത് മാസത്തേക്ക് ആവശ്യമായ മെഡിക്കൽ-പുനരധിവാസ സേവനങ്ങളും ലഭ്യമാകും. കൂടാതെ, ഗസ്സയിലെ കടുത്ത ഊർജക്ഷാമം പരിഗണിച്ച്, ആശുപത്രിയുടെ പ്രവർത്തനം തടസ്സമില്ലാതെ തുടരുന്നതിനായി സോളാർ പാനലുകളുടെ അറ്റകുറ്റപ്പണികളും നടത്തുന്നുണ്ട്. ഉപരോധം മൂലം പ്രയാസമനുഭവിക്കുന്ന ഗസ്സയിലെ 20 ലക്ഷത്തിലധികം ജനങ്ങളുടെ ദുരിതങ്ങൾ ലഘൂകരിക്കാനും അവർക്ക് മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കാനുമാണ് ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി ശ്രമിക്കുന്നതെന്ന് ഗസ്സയിലെ ഓഫിസ് മേധാവി ഡോ. അക്രം നാസർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

