ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റിയും ലബനാനിൽ
text_fieldsലബനാനിലെത്തിയ ഖത്തർ റെഡ്ക്രസൻറ് സംഘം മെഡിക്കൽ സഹായം വഹിച്ച വിമാനത്തിന് മുന്നിൽ
ദോഹ: ലബനാൻ ജനതക്ക് സഹായഹസ്തവുമായി ഖത്തർ റെഡ്ക്രസൻറ് സംഘവും ബൈറൂതിൽ.
ബൈറൂത് തുറമുഖത്തുണ്ടായ കൂറ്റൻ സ്ഫോടനത്തെ തുടർന്ന് അടിയന്തര മാനുഷിക സഹായമെത്തിക്കുന്നതിെൻറ ഭാഗമായാണ് ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി ലബനാനിലേക്ക് തിരിച്ചിരിക്കുന്നത്. അടിയന്തര സഹായമടക്കമുള്ള ഖത്തർ അമീരി എയർ ഫോഴ്സിെൻറ പ്രത്യേക വിമാനത്തിലാണ് വിദഗ്ധ സംഘം ബൈറൂതിലെത്തിയിരിക്കുന്നത്.
ബൈറൂതിലെത്തിയ ഖത്തർ വ്യോമസേന വിമാനത്തെ ലബനീസ് റെഡ്േക്രാസുമായി സഹകരിച്ച് ലബനാനിലെ ഖത്തർ റെഡ്ക്രസൻറ് പ്രതിനിധികൾ സ്വീകരിച്ചു. ഖത്തറിെൻറ വിമാനത്തിനുള്ള പ്രവേശനവും കാർഗോ ഏറ്റുവാങ്ങുന്നതിനുമുള്ള നടപടിക്രമങ്ങളും ലബനാനിലെ ഖത്തർ എംബസി മുഖാന്തരമാണ് പൂർത്തിയാക്കിയത്.ദുരിതാശ്വാസ, മെഡിക്കൽ സഹായങ്ങളാണ് ഖത്തർ റെഡ്ക്രസൻറിെൻറ ആഭിമുഖ്യത്തിൽ ബൈറൂതിലെത്തിച്ചിരിക്കുന്നത്. 'ഹൃദയം ബൈറൂതിന്' കാമ്പയിനിെൻറ ഭാഗമായി സ്ഫോടനത്തിൽ ദുരിതമനുഭവിക്കുന്ന ലബനീസ് ജനതക്ക് ആരോഗ്യ, ഷെൽട്ടർ, ഭക്ഷ്യ മേഖലകളിൽ സഹായമെത്തിക്കുകയാണ് ഖത്തർ റെഡ്ക്രസൻറിെൻറ ലക്ഷ്യം.
റെഗുലേറ്ററി അതോറിറ്റി ഫോർ ചാരിറ്റബ്ൾ ആക്ടിവിറ്റീസുമായി (ആർ.എ.സി.എ) സഹകരിച്ച് ലബനീസ് ജനതയുടെ ദുരിതമകറ്റാനായി 50 ദശലക്ഷം റിയാൽ സമാഹരിക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് ഹാർട്ട് ഫോർ ബൈറൂത് കാമ്പയിന് തുടക്കം കുറിച്ചിരിക്കുന്നത്. ബൈറൂതിലെയും സമീപത്തയും ദുരിതമനുഭവിക്കുന്ന മൂന്ന് ലക്ഷത്തിലധികം പേർ കാമ്പയിനിലൂടെ ഗുണഭോക്തക്കളാകുമെന്നാണ് ഖത്തർ റെഡ്ക്രസൻറ് വ്യക്തമാക്കുന്നത്.
അടിയന്തര സഹായമടക്കം വ്യത്യസ്ത ഘട്ടങ്ങളിലായാണ് ലബനാനിലെ സഹായ പ്രവർത്തനങ്ങൾ നടത്തുകയെന്ന് ഖത്തർ റെഡ്്ക്രസൻറ് അറിയിച്ചു. ഭക്ഷണ പാക്കറ്റുകൾ, താൽക്കാലിക ഷെൽട്ടറുകൾ, ആരോഗ്യ സംവിധാനം ശക്തിപ്പെടുത്തുക എന്നതാണ് ആദ്യ ഘട്ടത്തിൽ നടപ്പാക്കുക.
രണ്ടാം ഘട്ടത്തിൽ അർഹരായ കുടുംബങ്ങൾക്ക് പ്രതിമാസ ഭക്ഷണ വിതരണം, 25,000 പേർക്ക് പണമായിട്ടുള്ള സഹായം, തകർന്ന വീടുകളുടെ അറ്റകുറ്റപ്പണി എന്നിവയാണ് നടപ്പാക്കുന്നത്. ധനസമാഹരണ കാമ്പയിൻ വിജയിപ്പിക്കാൻ ഉദാരമതികൾ മുന്നോട്ടുവരണമെന്ന് ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

